ഭക്ഷ്യധാന്യങ്ങളില്‍നിന്നും മദ്യനിര്‍മാണം: ഹസാരെയുടെ ഹര്‍ജി തള്ളി

Sunday 7 August 2011 9:08 pm IST

മുംബൈ: ഭക്ഷ്യധാന്യങ്ങള്‍ മദ്യനിര്‍മാണത്തിനുപയോഗിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിക്കെതിരെ അണ്ണാ ഹസാരെ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഇതേ ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകനായ ചേതന്‍ കാംബ്ലി കഴിഞ്ഞവര്‍ഷം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകനായ കാര്‍ത്തിക്‌ ഷുകല്‍ ശ്രദ്ധയില്‍പ്പെടുത്തിയ സാഹചര്യത്തിലാണ്‌ ജസ്റ്റിസുമാരായ വസതി നായിക്‌, പ്രസന്ന വരാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ഹസാരെയുടെ ഹര്‍ജി തള്ളിയത്‌.
ഭക്ഷ്യധാന്യങ്ങളില്‍നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്ക്‌ 2009 ല്‍ തുടക്കമിട്ടെങ്കിലും പദ്ധതി ഇതേവരെ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും ഷുകല്‍ കോടതിയെ ബോധിപ്പിച്ചു. രാഷ്ട്രീയ നേതാക്കള്‍ ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള മദ്യവ്യവസായ ശാലകള്‍ ആരംഭിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ്‌ ഹസാരെ കോടതിയെ സമീപിച്ചത്‌. ഇത്തരം പദ്ധതികള്‍ക്ക്‌ സാമ്പത്തിക സഹായമേര്‍പ്പെടുത്താനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്‌. ഹസാരെ കൂടാതെ സാമൂഹിക പ്രവര്‍ത്തകരായ ഡോ. അഭയ്‌, ഇദ്ദേഹത്തിന്റെ ഭാര്യ റാണി ബാങ്ങ്‌, ഡോ. പ്രകാശ്‌, ഡോ. നരേഗ്ര ദംബാല്‍ക്കര, സച്ചിന്‍ തിവാലെ തുടങ്ങിയവരും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
മദ്യവ്യവസായം രാഷ്ട്രീയ നേതാക്കളുടെ സഹകരണത്തോടുകൂടി ഒരു ബൃഹദ്‌ സംരംഭമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും യുവതലമുറയെ ദോഷകരമായി ബാധിക്കുന്ന ഇത്തരമൊരു തീരുമാനത്തില്‍നിന്നും അധികൃതര്‍ പിന്മാറണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ മദ്യവ്യവസായത്തെ യശ്‌രാജ്‌ ഇതനോള്‍ കമ്പനി, മല്ലികാര്‍ജുന്‍ ഡിസ്റ്റില്ലേഴ്സ്‌ തുടങ്ങിയ വ്യവസായ ഭീമന്മാരും പിന്തുണക്കുന്നുണ്ട്‌.