കൊച്ചി മെട്രോ: രണ്ടാംഘട്ട സാധ്യതാപഠനത്തിനായി റൈറ്റ്സിനെ ചുമതലപ്പെടുത്തി

Friday 5 July 2013 9:51 pm IST

കൊച്ചി: കൊച്ചി മെട്രോറെയിലിന്റെ രണ്ടാംഘട്ടത്തെക്കുറിച്ച്‌ പഠിക്കാന്‍ റെയില്‍ ഇന്ത്യാ ടെക്നിക്കല്‍ ആന്റ്‌ ഇക്കണോമിക്സ്‌ സര്‍വീസസിനെ (റൈറ്റ്സ്‌) ചുമതലപ്പെടുത്തിയതായി കേന്ദ്ര നഗരവികസന സെക്രട്ടറിയും കെഎംആര്‍എല്‍ ചെയര്‍മാനുമായ സുധീര്‍കൃഷ്ണ അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം ആദ്യമായി ഇന്നലെ നടന്ന ഡയറക്ടര്‍ബോര്‍ഡ്‌ യോഗത്തിലാണ്‌ തീരുമാനം.
കൊച്ചി മെട്രോ കാക്കനാട്ടേക്കും നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കും പശ്ചിമകൊച്ചിയിലേക്കും നീട്ടുന്നത്‌ സംബന്ധിച്ച്‌ സംബന്ധിച്ചുള്ള സാധ്യതാപഠനമാണ്‌ നടത്തുന്നത്‌. എട്ട്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിന്‌ കെഎംആറഎല്‍ 30 കോടി രൂപ നല്‍കും. കൊച്ചി മെട്രോ പദ്ധതിക്കായി സ്ഥലവും മറ്റും വിട്ടുനല്‍കേണ്ടിവന്നവര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിന്‌ അംഗീകാരം നല്‍കുവാനും ഡയറക്ടര്‍ബോര്‍ഡ്‌ യോഗം തീരുമാനിച്ചു.
മെട്രോ റെയില്‍ പദ്ധതി ലാഭകരമാവണമെങ്കില്‍ മറ്റ്‌ അനുബന്ധ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്‌. ഇതിനായുള്ള കാര്യങ്ങള്‍ ചെയ്യും. മെട്രോ ഇടനാഴിക്കും 22 സ്റ്റേഷനുകള്‍ക്കും സമാന്തരമായാണ്‌ വികസനം ആസൂത്രണം ചെയ്യുന്നത്‌. നഗരപരിധിക്ക്‌ പുറത്ത്‌ വികസനം വ്യാപിപ്പിക്കുവാനും ഇതുവഴി ലക്ഷ്യമിടുന്നത്‌. കൊച്ചി മെട്രോയോട്‌ ചേര്‍ന്ന്‌ ട്രാന്‍സിറ്റ്‌ ഓറിയന്റല്‍ ഡെവലപ്മെന്റ്‌ സംവിധാനം വഴി മെട്രോയുടെ പ്രയോജനം ലഭിക്കാത്ത വിവിധ പ്രദേശങ്ങളെ കര, ജല ഗതാഗതമാര്‍ഗ്ഗങ്ങള്‍ വഴി മെട്രോസ്റ്റേഷനുകളിലേക്ക്‌ എത്തുന്നതു സംബന്ധിച്ച പഠനത്തിനായി കമ്മീഷനെ നിയമിച്ചു. ഏതൊക്കെ സ്ഥലങ്ങളാണ്‌ ഇത്തരത്തില്‍ വികസിപ്പിക്കേണ്ടത്‌ എന്ന കാര്യവും പഠനത്തില്‍ വ്യക്തമാകും. ഉപയോഗശൂന്യമായ സ്ഥലത്ത്‌ ഷോപ്പിംഗ്‌ മാളുകളും മറ്റ്‌ വ്യവസായസ്ഥാപനങ്ങളും സ്ഥാപിക്കും. ഇതിലൂടെ സധികവരുമാനവും ലക്ഷ്യമിടുന്നുണ്ട്‌.
കൊച്ചി നഗരത്തിനായി ഉണ്ടാക്കിയ യൂണിഫൈഡ്‌ മെട്രോപൊളീറ്റന്‍ ട്രാന്‍സ്പോര്‍ട്ട്‌ അതോി‍റ്റിയുടെ കമ്മറ്റി രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊച്ചി മെട്രോ പദ്ധതിക്ക്‌ 5537.25 കോടി രൂപയാണ്‌ പുതിയ ബജറ്റില്‍ കണക്കാക്കുന്നത്‌. ഇതില്‍ 251.52 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനായിട്ടാണ്‌. ഈ സാമ്പത്തികവര്‍ഷം 1990.16 കോടി രൂപയാണ്‌ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.
മെട്രോയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഏജന്‍സിയെ നിയമിക്കും. പദ്ധതി നടത്തിപ്പിലെ പുരോഗതി സംബന്ധിച്ച്‌ ഓരോ മാസവും റിപ്പോര്‍ട്ട്‌ തയ്യാറാക്കും. ഈ റിപ്പോര്‍ട്ടുകള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ ചര്‍ച്ച ചെയ്ത്‌ തീരുമാനങ്ങളെടുക്കും. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. ഇതിനായി രണ്ട്‌ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അവര്‍ ഓരോ മാസവും ഇതുസംബന്ധിച്ച്‌ തൊഴിലാളികളുമായി ചര്‍ച്ച നടത്തി മാനേജിംഗ്‌ ഡയറക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ദേശീയപാത അധികൃതരുമായി മെട്രോ നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഏതാണ്ട്‌ മുക്കാല്‍ഭാഗവും പ്രശ്നങ്ങളും പരിഹരിച്ചുകഴിഞ്ഞു. മെട്രോ പദ്ധതിയുമായി വിദേശ സാമ്പത്തിക ഏജന്‍സികളെ കൂടാതെ വിവിധ വാണിജ്യബാങ്കുകള്‍, ഹഡ്കോ, മറ്റ്‌ സാമ്പത്തിക ഏജന്‍സികള്‍ എന്നിവയില്‍നിന്ന്‌ വായ്പ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഇക്കാര്യങ്ങളും ഭാവിയില്‍ പരിഗണിക്കും. വിശാലകൊച്ചിയുടെ വികസനത്തിനായി സംയോജിത വികസനപദ്ധതിയും മാസ്റ്റര്‍പ്ലാനും തയ്യാറാക്കാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും സുധീര്‍കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപ്പള്ളി കനാലിന്റെ പൂര്‍ണമായ സര്‍വേനടത്തുവാന്‍ കളക്ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍മാരായ സുധീര്‍ മിത്തല്‍, എ.കെ. ഗുപ്ത, വേദമണിതിഹാരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മാനേജിംഗ്‌ ഡയറക്ടര്‍ ഏല്യാസ്‌ ജോര്‍ജ്‌, വി.ജെ. കുര്യന്‍, വി.പി. ജോയി സന്നിഹിതരായിരുന്നു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.