ആധുനിക കാലത്തെ ക്ഷേത്രക്കവര്‍ച്ച

Sunday 7 August 2011 9:30 pm IST

അടുത്തിടെ കേരളത്തിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ കാത്തുസൂക്ഷിച്ചുവെച്ചിരിക്കുന്ന സമ്പദ്ശേഖരത്തെച്ചൊല്ലി വലിയ കോലാഹലമുണ്ടായി. "എന്തുകൊണ്ട്‌ ഈ ഭീമമായ ധനമെടുത്ത്‌ ഭാരത സര്‍ക്കാരിന്റെ സകല കടങ്ങളും ഒറ്റയടിക്ക്‌ തീര്‍ത്തുകൂടാ?" എന്നൊക്കെയുള്ള വെകിളിത്തരങ്ങള്‍ മാധ്യമങ്ങളില്‍ പൊന്തിവന്നു.
മേല്‍പ്പറഞ്ഞ കുനുഷ്ട്‌ പിടിച്ച ചോദ്യം ടെലിവിഷനില്‍ കേള്‍ക്കുമ്പോള്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിയും കുടുംബവും എന്നോടൊപ്പമുണ്ടായിരുന്നു. അവന്‍ പറഞ്ഞു, "അതിന്‌, ഇപ്പോഴുള്ള വന്‍ കടബാധ്യത തിരുവിതാംകൂര്‍ മഹാരാജാവോ ഭഗവാന്‍ ശ്രീ പത്മനാഭനോ ഉണ്ടാക്കിവെച്ചതല്ലല്ലോ! പിന്നെയെന്തിന്‌ ഇന്നത്തെ അഴിമതി കുംഭകോണക്കാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ മുഷിഞ്ഞ്‌ നാറിയ വസ്ത്രങ്ങള്‍ അലക്കിവെളുപ്പിക്കാന്‍ ശ്രീ പത്മനാഭന്റെ ദിവ്യധനം ദുരുപയോഗപ്പെടുത്തണം?" ഇതുതന്നെയാണ്‌ ഭാരതത്തിലെ മിക്ക ഹിന്ദുക്കള്‍ക്കും, ഭഗവാന്റെ കണക്കറ്റ സ്വര്‍ണ-രത്നാദികളില്‍ ആക്രാന്തം പൂണ്ടിരിക്കുന്ന അത്യാഗ്രഹിപ്പരിഷകളോട്‌ മൊഴിയുവാനുള്ളത്‌.
ഹിന്ദുവല്ല എന്ന കാരണത്താലോ, അല്ലെങ്കില്‍, 'മതനിരപേക്ഷകന്‍' എന്നറിയപ്പെടാനുള്ള അദമ്യമായ ആവേശംകൊണ്ടോ, മിക്ക ഹിന്ദുക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും സാമൂഹ്യ-മത ട്രസ്റ്റുകള്‍ക്കുമെതിരെ നിരന്തരം ഗൂഢാലോചനകള്‍ നടത്തിവരുന്ന വിരുതന്മാര്‍ക്കും വിരുതികള്‍ക്കും- അവര്‍ തങ്ങളുടെ വോട്ടുബാങ്കുകളായി കണ്ട്‌ വന്ദിച്ചുകൊണ്ടേയിരിക്കുന്ന- മറ്റ്‌ മതങ്ങളുടെ സ്വത്തുവകകളോ പ്രാര്‍ത്ഥനാലയങ്ങളോ പിടിച്ചെടുക്കാന്‍ അത്ര ധൈര്യം പോരാ. ഒരു മുസ്ലീം പള്ളിയുടെയോ ക്രിസ്ത്യന്‍ രൂപതയുടെയോ സമ്പത്തില്‍ ആരും കണ്ണുവയ്ക്കുന്നില്ല. എന്തിന്‌, മാധ്യമപ്രഭൃതികള്‍പോലും അവ കൈയടക്കിവച്ചിരിക്കുന്ന കണ്ണായ സ്ഥലങ്ങള്‍ക്കും മറ്റ്‌ സമ്പത്തുക്കള്‍ക്കും നേരെ കണ്ണടച്ചുപിടിക്കുന്നു.
ഭാരതത്തിന്‌ അനുഭവിക്കേണ്ടിവന്ന ആദ്യ വിദേശ അധിനിവേശം- നമ്മുടെ അറിവില്‍- എഡി710-ല്‍ മുഹമ്മദ്ബിന്‍ കാസിം എന്നൊരുവന്‍ നടത്തിയതാകുന്നു. അതിനുശേഷം ഇന്നുവരെയും ക്ഷേത്രങ്ങള്‍ നിരന്തരം ആക്രമിക്കപ്പെട്ടുവരികയുമാകുന്നു. ഇക്കാലത്തും, ജമ്മുകാശ്മീരിലും മറ്റും ഹിന്ദുക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തപ്പെടുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുന്നു. ഗോവയിലും കേരളത്തിലും ഒഡിഷയിലും ത്രിപുരയിലും ക്രിസ്ത്യാനികള്‍ ഹിന്ദുക്ഷേത്രങ്ങള്‍ പിടിച്ചടക്കിയിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ ഇന്നും അത്‌ നടന്നുവരുന്നു. അവിടെ ഏതെങ്കിലും മലമുകളില്‍ കുരിശ്‌ നാട്ടുകയും പിന്നെ ആ മല തങ്ങളുടേതാണെന്ന്‌ ക്രിസ്തീയ മതഭ്രാന്തര്‍ അവകാശപ്പെടുകയും ചെയ്യുന്നു.
ഈ എല്ലാത്തരം മ്ലേച്ഛാക്രമണങ്ങളെയും ശ്രീ പത്മനാഭഭഗവാന്റെ ക്ഷേത്രം അതിജീവിക്കുകയും ആ ക്ഷേത്രസ്വത്തുക്കള്‍ അത്യത്ഭുതകരമായി സംരക്ഷിക്കപ്പെടുകയും ചെയ്തു. ഹൈദരാബാദിലെ നൈസാമിനെ മാതിരി തിരുവിതാംകൂര്‍ മഹാരാജാവ്‌ ഭഗവാന്റെയോ തന്റെ തന്നെയോ സ്വത്ത്‌ എടുത്ത്‌ ദുര്‍വ്യയം ചെയ്യുകയുണ്ടായില്ല.
പുരാതനകാലം മുതല്‍ക്കുതന്നെ, ഹിന്ദുക്കള്‍ അവരുടെ ആഭരണങ്ങള്‍ പണം, ഭൂമിവകകള്‍ എന്നിവയെ ക്ഷേത്രങ്ങള്‍ക്ക്‌ സമര്‍പ്പിച്ചിരുന്നു. ഇന്ന്‌ തിരുപ്പതി ശ്രീ വെങ്കിടേശ്വര, മുംബൈ സിദ്ധിവിനായക, വൈഷ്ണോ ദേവി, ഗുജറാത്തിലെ അംബാജി, ഗുജറാത്തിലെ തന്നെ സോമനാഥം, കേരളത്തിലെ ശബരിമല, ഉജ്ജയിനിയിലെ മഹാകാളി എന്നീ ക്ഷേത്രങ്ങളെക്കുറിച്ച്‌ വലിയ വാഗ്വാദങ്ങള്‍ അരങ്ങേറിവരുന്നു. യഥാര്‍ത്ഥത്തില്‍ ഈ ക്ഷേത്രങ്ങളുടെ സ്വത്തുക്കളും നിധികളും എടുത്ത്‌ സാമൂഹ്യനന്മയ്ക്കായി വിനിയോഗിച്ചുവരികയാണ്‌. സാമ്പത്തികമായി അപഹൃതരായിട്ടുള്ള കുട്ടികള്‍ക്കായി സ്കൂളുകളും കോളേജുകളും ദരിദ്രര്‍ക്കുള്ള ആശുപത്രികള്‍, ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ നിത്യവും ആഹാരം, ചുറ്റുമുള്ള ഗ്രാമങ്ങള്‍ക്ക്‌ കുടിവെള്ളം എന്നിവയൊക്കെ ക്ഷേത്രധനംകൊണ്ട്‌ ഏര്‍പ്പെടുത്തുന്നു. പണ്ടുകാലം മുതല്‍ക്കുതന്നെ അമ്പലങ്ങള്‍ ഭാരതത്തില്‍ സാമൂഹ്യ-മത സ്ഥാപനങ്ങളായിരുന്നു. പക്ഷേ സ്വതന്ത്ര 'ഇന്ത്യ'യില്‍ 'ഭാരതം' അടിച്ചമര്‍ത്തപ്പെട്ടു. ഈ കിരാതമായ അടിച്ചമര്‍ത്തലിന്റെ ദൃശ്യമായ രൂപമാണ്‌ നിരവധി ക്ഷേത്രങ്ങളുടെ ഭൂമിവകകളും നിധികളും കൈയടക്കുന്ന ഹീനപ്രവൃത്തി.
പ്രശസ്ത ക്ഷേത്രങ്ങളുടെ വരുമാനവിനിയോഗത്തില്‍ കൃത്രിമങ്ങളും കെടുകാര്യസ്ഥതയും നടക്കുന്നതായുള്ള കഥകള്‍ കെട്ടിച്ചമച്ചും അവ ചില പ്രത്യേക മാധ്യമങ്ങളില്‍ കൊണ്ടാടിയും, അതുവഴി ജുഡീഷ്യറിയെ വസ്തുതാവിരുദ്ധമായ നിലപാടുകളെടുക്കാന്‍ നിര്‍ബന്ധിച്ചും ആ ഹൈന്ദവ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നത്‌ മിക്ക സര്‍ക്കാരുകളും നിരന്തരം അനുവര്‍ത്തിച്ചുവരുന്ന മഹാപാതകപരമായ ഒരു ദുര്‍നടപടിയാകുന്നു.
ഹൈന്ദവക്ഷേത്രങ്ങള്‍ക്ക്‌ ഹൈന്ദവര്‍ വഴിപാടായി നല്‍കുന്ന സമ്പത്ത്‌ സര്‍ക്കാരുകളുടെ തലപ്പത്ത്‌ ഇരിക്കുന്ന ദ്രോഹികള്‍ അവരുടെ ന്യൂനപക്ഷ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ ചെലവിടുന്നത്‌ അനാഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈയിടെ, ക്രിസ്ത്യന്‍ പള്ളിക്കാര്‍ നടത്തുന്ന ഒരു സ്കൂളിന്‌ മുംബൈ സിദ്ധിവിനായ ട്രസ്റ്റിന്‍ക്കൊണ്ട്‌ എട്ടുലക്ഷം രൂപ സംഭാവന കൊടുപ്പിച്ചത്‌ കേസാവുകയുണ്ടായി. തിരുപ്പതി ട്രസ്റ്റിന്റെ പണം ആന്ധ്രാ സര്‍ക്കാര്‍ പിന്‍വലിച്ച്‌ സ്വന്തം ട്രഷറിയിലാക്കിക്കളഞ്ഞു. ഇത്തരം അസംഖ്യം അത്യാഹിതങ്ങള്‍ നടക്കുമ്പോള്‍ ഹിന്ദുക്കള്‍ നിശ്ബ്ദ പ്രേക്ഷകരായി ഇരിക്കുകയോ അല്ലെങ്കില്‍ അവരുടെ പ്രതിഷേധങ്ങളെ മാധ്യമങ്ങള്‍ തമസ്കരിക്കുകയോ ചെയ്യുന്നു.
ഭഗവാന്‍ ശ്രീ പത്മനാഭന്റെ സ്വന്തം സ്ഥലത്താണ്‌ തിരുവനന്തപുരം നഗരം ഉയര്‍ന്നുവന്നത്‌. അതിനെ രാജാവ്‌ സംരക്ഷിച്ചുവന്നു. ഇന്ത്യന്‍ ഭരണഘടന പ്രകാരം ക്ഷേത്രത്തിലെ ഭഗവാന്‍/ഭഗവതി യഥാര്‍ത്ഥത്തിലുള്ള ഒരു അസ്തിത്വം ആണ്‌. ആ അസ്തിത്വം ഭരണഘടനാപ്രകാരംതന്നെ, അതിന്റെ ഭൂമി, വസ്തുവകകള്‍, ആഭരണങ്ങള്‍, പണം എന്നിവയുടെ നിയമപരമായ ഉടമസ്ഥാവകാശം വഹിക്കുന്നു. ഈ ഭരണഘടന നിലവില്‍ വരുന്നതിന്‌ മുമ്പുതന്നെ, അന്നത്തെ രാജാക്കന്മാര്‍ തങ്ങളുടെ വ്യക്തിസുഖങ്ങള്‍ക്കായി ഭഗവാന്റെ/ഭഗവതിയുടെ ധനമെടുത്ത്‌ വിനിയോഗിക്കുകയുണ്ടായില്ല. എന്നാല്‍, ഇന്നത്തെ ആധുനിക ക്ഷേത്രധ്വംസകര്‍, ഭരണഘടനയെ ചവറ്റുകുട്ടയിലെറിഞ്ഞിട്ട്‌, ഹിന്ദുക്ഷേത്ര സമ്പത്തുക്കളെ അടിച്ചുമാറ്റുന്നു. രാജ്യത്തിന്റെ വിലപ്പെട്ട വരുമാനം, കപട വികസനത്തിന്റെ മറവില്‍, അടിച്ചുപൊളിച്ചു കളയുന്നതില്‍ ബഹുസമര്‍ത്ഥരായ ഇവര്‍ പ്രസ്തുത മഹാസാമര്‍ത്ഥ്യം ഹൈന്ദവക്ഷേത്രങ്ങളുടെ സമ്പത്തിനെ കൈയടക്കി നശിപ്പിക്കുന്നതിലും പ്രകടിപ്പിക്കുമെന്നതില്‍ സംശയം വേണ്ട.
ഒരു ക്ഷേത്രത്തിന്റെയോ മഠത്തിന്റെയോ സ്വത്തുവകകള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ തടയുന്ന ഒരു ബില്‍ അടിയന്തരമായി പാസാക്കേണ്ടതുണ്ട്‌. ഒരു ട്രസ്റ്റ്‌ അല്ലെങ്കില്‍ അതിലെ അംഗങ്ങള്‍ ഫണ്ട്‌ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെങ്കില്‍, അതിന്‌ നടപടിയെടുക്കാന്‍ ഇപ്പോള്‍തന്നെ ചാരിറ്റി കമ്മീഷണറും ഇന്ത്യന്‍ പീനല്‍കോഡും നിലവിലുണ്ട്‌. സ്വന്തം ഭരണഘടനയെ നിരാകരിച്ചുകൊണ്ടും ജുഡീഷ്യല്‍ പ്രക്രിയകളെ പിന്നാമ്പുറത്ത്‌ തള്ളിക്കൊണ്ടും, ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി, ഹിന്ദുക്കളെയും അവരുടെ ക്ഷേത്രങ്ങളെയും ട്രസ്റ്റുകളെയും ദ്രോഹിക്കുന്ന പരിപാടി ഇപ്പോള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുകയാണ്‌.
ഇത്തരം സര്‍ക്കാര്‍-പ്രായോജിത സാമൂഹിക-മത ഭീകരതയെ തടുക്കാനുള്ള ഒരേയൊരു വഴി ഇതാണ്‌: ഓരോ ഹിന്ദുവും അയാളുടെ/അവളുടെ സമീപത്തുള്ള ഒരു ക്ഷേത്രത്തിലെങ്കിലും ദിനവും ഒരു നിശ്ചിത സമയത്ത്‌ ദര്‍ശനം നടത്തുകയും ദീപാരാധനയില്‍ പങ്കുകൊള്ളുകയും ദരിദ്രര്‍ക്ക്‌ ആഹാരം നല്‍കുകയും അസുഖബാധിതര്‍ക്ക്‌ ആശ്വാസം നല്‍കുകയും ചെയ്യുന്ന ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ക്ക്‌ സംഭാവന നല്‍കുകയും ചെയ്യണം. സകലരും പണം സംഭാവന ചെയ്യണമെന്നില്ല. പക്ഷേ ഒരാള്‍ക്ക്‌ ക്ഷേത്രത്തിന്റെ ഈ ദൃശ സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്റെ ഒന്നോ മൂന്നോ മണിക്കൂറുകള്‍ സംഭാവന ചെയ്യാവുന്നതാണ്‌. ചന്തയില്‍ ഒരു ഹിന്ദു അലഞ്ഞുതിരിയുന്നത്‌ കാണുന്നതിലും വേദനാജനകമാണ്‌ മാധ്യമങ്ങള്‍ക്കും സമൂഹത്തിന്റെ ചില പ്രത്യേക കേന്ദ്രങ്ങള്‍ക്കും ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പോകുന്നത്‌ കാണുന്നത്‌!! അത്തരം വികലവീക്ഷണങ്ങള്‍ സമൂഹത്തിനെ ശക്തിപ്പെടുത്തുന്നതല്ല; മറിച്ച്‌, അവ രാഷ്ട്രതാല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. ക്ഷേത്രങ്ങളും മഠങ്ങളും ഹൈന്ദവ ട്രസ്റ്റുകളും കൊള്ളയടിക്കുന്നതില്‍നിന്നും ആധുനികകാല ക്ഷേത്രധ്വംസകരെ വിലക്കേണ്ടത്‌, ജാതി-വര്‍ഗ-സ്ത്രീ-പുരുഷ ദേദമന്യേ സകല ഹിന്ദുക്കളുടെയും കൂട്ടുത്തരവാദിത്തമാകുന്നു.
ഡോ. പ്രവീണ്‍ തൊഗാഡിയ
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.