കനകപ്പലം: പഞ്ചായത്തു വക ഭൂമി കയ്യേറിയ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കിയിട്ടും നടപടിയായില്ല. എരുമേലി പഞ്ചായത്തിലെ കനകപ്പലം-ശ്രീനിപുരം കോളനിയിലാണ് കയ്യേറ്റം. മൂന്നു സെന്റ് സ്ഥലം കയ്യേറി ഷെഡ്ഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഷെഡ് പൊളിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും ഒഴിഞ്ഞുപോകാത്തതിനെത്തുടര്ന്ന് വീണ്ടും നോട്ടീസ് നല്‍കുമെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു. ഒഴിഞ്ഞു പോയില്ലെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ പഞ്ചായത്തു വക ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും വാര്ഡ്മെമ്പര് ടി.പി.തൊമ്മി പറഞ്ഞു. ഭൂമി കയ്യേറി ആഴ്ചകള്‍ കഴിഞ്ഞിട്ടും കയ്യേറ്റമൊഴിപ്പിക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: