സിപിഎം കുറ്റിച്ചൂലിനെക്കാളും തരംതാണു: പി.കെ. കൃഷ്ണദാസ്‌

Sunday 7 August 2011 10:09 pm IST

കല്ല്യാശ്ശേരി: ഒരുകാലത്ത്‌ കുറ്റിച്ചൂലിനെപ്പോലും മത്സരരംഗത്തിറക്കിയാല്‍ വിജയിപ്പിക്കുമെന്ന്‌ വീമ്പിളക്കിയിരുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇപ്പോള്‍ കുറ്റിച്ചൂലിനെക്കാള്‍ തരം താണിരിക്കുകയാണെന്ന്‌ ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്‌ പറഞ്ഞു. ബിജെപി കല്ല്യാശ്ശേരി മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ തന്നെ പരസ്പരം കിടപ്പറരഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാര്‍ട്ടി ഓഫീസുകളില്‍ പോലും ഒളിക്യാമറകള്‍ സ്ഥിപിക്കുകയാണ്‌. ഇത്തരത്തിലുള്ള ഒളിക്യാമറ ദൃശ്യങ്ങളിലടങ്ങിയ തെളിവുകള്‍ പരിശോധിക്കാന്‍ ചേര്‍ന്ന നേതൃത്വയോഗത്തില്‍ ഒരുസമുന്നത നേതാവ്‌ ദൃശ്യങ്ങള്‍ക്കണ്ട്‌ കാര്‍ക്കിച്ചുതുപ്പിയെന്നാണ്‌ പറയുന്നത്‌. ഒരു പാര്‍ട്ടിക്ക്‌ ഇതിലധികം അധഃപതിക്കാനാവുമോയെന്നുകൃഷ്ണദാസ്‌ ചോദിച്ചു. പാര്‍ട്ടി നിശ്ചയിച്ച പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദനെ കാണുന്നതിനോ. അനുകൂലിച്ച്‌ പ്രകടനം നടത്തുന്നതിനോ പോലും ഔദ്യോഗിക നേതൃത്വം വിലക്കേര്‍പ്പെടുത്തുകയാണ്‌. അത്തരക്കാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ്‌. വിഭാഗീയതയുടെ പേരില്‍ പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ പോലും യോഗങ്ങള്‍ ബഹിഷ്കരിക്കുന്ന സ്ഥിതിവിശേഷമാണിപ്പോഴുള്ളതെന്നും ആ പാര്‍ട്ടി ഇനി ഇതിലധികം അധഃപതിക്കാനില്ലെന്നും കൃഷ്ണദാസ്‌ പറഞ്ഞു. സുല്‍ത്താന്‍തോട്‌ പ്രദേശം, മാടായിപ്പാറ എന്നിവ കൃഷ്ണദാസ്‌ സന്ദര്‍ശിച്ചു. ചടങ്ങില്‍ ചെറുതാഴം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്‍, പി.വി.രാജീവന്‍, എ.കെ.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ബാബുരാജ്‌ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.