കാലടി: സംസ്കൃത ഭാഷയിലുള്ള മുഴുവന്‍ വിജ്ഞാനവും പരിഭാഷയിലൂടെ ലോക സമക്ഷം അവതരിപ്പിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്. സര്‍വകലാശാലയില്‍ ജീവനക്കാരും അധ്യാപകരും ചേര്‍ന്ന് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്കൃത സര്‍വകലാശാലയെ മികവിന്റെ കേന്ദ്രമായ ഒരു സര്‍വകലാശാലയാക്കാന്‍ ശ്രമിക്കുമെന്നും സര്‍വകലാശാലയിലെ മുഴുവന്‍ അധ്യാപക-അനധ്യാപക വിദ്യാര്‍ഥികളെയും വിശ്വാസത്തിലെടുത്ത് നാക് അക്രഡിറ്റേഷന് നേടിയെടുക്കും. പുതിയ കോഴ്സുകള്‍ ആരംഭിച്ച് വിദ്യാര്‍ഥികളുടെ മികവും എണ്ണവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും അനുസരിച്ച് കൊടിയുടെയോ, ജാതിയുടെയോ നിറം നോക്കാതെ നീതി പൂര്‍വമായ ഭരണം നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. സുചേത നായര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. പ്രശാന്തകുമാര്‍, അധ്യാപക സംഘടനാ ഭാരവാഹികളായ ഡോ. വി.ജി. ഗോപാലകൃഷ്ണന്, കെ.കെ. കൃഷ്ണകുമാര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ടി.എസ്. ലാന്സ്ലെറ്റ്, അനധ്യാപക സംഘടനാ ഭാരവാഹികളായ ഓതയോത്ത് സുനില്‍കുമാര്‍, സി.എസ്. മുസ്തഫ, ഫിനാന്‍സ് ഓഫീസര്‍ ടി.എല്‍. സുശീലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: