യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി നിയമസഭയിലേക്ക്‌ തള്ളിക്കയറി

Monday 8 July 2013 9:31 pm IST

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ കനത്ത സുരക്ഷാവലയം ഭേദിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക്‌ തള്ളിക്കയറി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അരുണ്‍ ചന്ദ്രശേഖര്‍, കൊല്ലം ജില്ലാ കമ്മിറ്റിയംഗം വിഷ്ണു വിജയന്‍, മേലില വിഷ്ണു എന്നീ പ്രവര്‍ത്തകരെ നിയമസഭ കവാടത്തിനുമുന്നില്‍ പോലീസ്‌ ക്രൂരമായി തല്ലിച്ചതച്ചു.
അടിയന്തിരാവസ്ഥക്കാലത്തെപ്പോലും ലജ്ജിപ്പിക്കന്ന തരത്തില്‍ യുവജനസമരങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ വി.വി. രാജേഷ്‌ പറഞ്ഞു.
യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച്‌ ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. യുവജനസമരങ്ങളെ മര്‍ക്കടമുഷ്ഠികൊണ്ട്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്‌ വിലപ്പോകില്ലെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ്‌ കരമന ജയന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ആര്‍.എസ്‌. രാജീവ്‌, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്‌ എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ നേതാക്കളായ ചെമ്പഴന്തി ഉദയന്‍, കരമന അജിത്ത്‌, ഡോ. വാവ, മലയിന്‍കീഴ്‌ രാധാകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ആര്‍.എസ്‌. സമ്പത്ത്‌ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.