ഓണത്തിന്‌ മുന്നോടിയായി പരിശോധന ശക്തമാക്കും; പരാതിപ്പെട്ടാല്‍ അരമണിക്കൂറിനുള്ളില്‍ നടപടി

Monday 8 August 2011 9:40 am IST

കൊച്ചി: ഓണത്തിന്‌ മുന്നോടിയായി പോലീസ്‌, എക്സൈസ്‌, ജനകീയ കമ്മിറ്റി തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംയുക്തമായ പരിശോധന ശക്തമാക്കുമെന്ന്‌ എക്സൈസ്‌ ഡെപ്പ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളിലും ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്തും. 18 വയസ്സ്‌ തികയാത്തകുട്ടികള്‍ക്ക്‌ മദ്യം നല്‍കരുതെന്ന നിയമം കര്‍ശനമാക്കാന്‍ നടപടിയുണ്ടാകണമെന്ന്‌ ജനകീയ കമ്മറ്റി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി യൂണിഫോം ധരിച്ചെത്തുന്ന കുട്ടികള്‍ക്ക്‌ മദ്യം കൊടക്കുന്നത്‌ തടയാനുള്ള നടപടി സ്വീകരിക്കും. മദ്യം കൊടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നിയമാനുസൃത കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന്‌ കേസുകളില്‍ പെടുന്നവരില്‍ കൂടുതലും അന്യ സംസ്ഥാന തൊഴിലാളികളാണ.്‌ ലഹരി ഉപയോഗത്തിനെതിരെ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനകീയ സമിതി, ആരോഗ്യ വകുപ്പ്‌, പോലീസ്‌, എക്സൈസ്‌, തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ ട്രെയിനിംഗും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു വരുന്നുണ്ട്‌. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 14 നിയോജകമണ്ഡലതല സമിതികളും 44 പഞ്ചായത്ത്തല സമിതികളും 45 ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനവും ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഇറക്കുന്ന ലഹരിക്കെതിരെയുള്ള ലഘുലേഖകളുടെ വിതരണവും നടത്തും. ബോധവല്‍കരണം താഴെ തട്ടില്‍ വരെ എത്തിക്കുന്നതിനാണ്‌ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ഡെസ്ക്‌ എറണാകുളം റേയ്ഞ്ച്‌ ഓഫീസില്‍ തുറന്നിട്ടുണ്ട്‌. ലഹരി വില്‍പനയും മറ്റും പൊതുജനങ്ങള്‍ക്ക്‌ 2390657 എന്ന നമ്പറില്‍ വിളിച്ച്‌ ഹെല്‍പ്‌ ഡെസ്കില്‍ അറിയിക്കാം. പരാതികള്‍ ലഭിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കും. പൊതുജന ജസങ്ങള്‍ക്ക്‌ ലഹരി വില്‍പനയും മറ്റുമുള്ള പരാതികളിന്‍മേല്‍ ഡെപ്പ്യൂട്ടി കമ്മീഷണറുടെ നമ്പറായ 9447178059, 2390657എന്നിവയിലോ എറണാകുളം 2393121, എറണാകുളം എ.ഇ.സി 9496002867, മൂവാറ്റുപുഴ സര്‍ക്കിളിലെ 9447140110, 0485-2832623, കോതമംഗലം സര്‍ക്കിള്‍ 2824419, പറവൂര്‍ സര്‍ക്കിള്‍ 2443187, കൊച്ചി സര്‍ക്കിള്‍ 2235120, ആലുവ സര്‍ക്കിള്‍ 2623655, ആങ്കമാലി 2458484 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന്‌ ഡെപ്പ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
ജനങ്ങളുടെ പങ്കാളിത്തമാണ്‌ മദ്യ മയക്കു മരുന്ന ലഹരി തടയുന്നതിന്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.ഐ .മുഹമ്മദാലി, എ.സി.പി.രാജേഷ്‌.എന്‍, എക്സൈസ്‌, പോലീസ്‌ ഉദ്യോഗസ്ഥര്‍, ജനകീയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.