കഴിഞ്ഞ രണ്ട്‌ മാസത്തിനിടയില്‍ പിടികൂടിയത്‌ 395ലിറ്റര്‍ വിദേശ മദ്യം

Monday 8 August 2011 9:40 am IST

കൊച്ചി: കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 395 ലിറ്റര്‍ അനധികൃത വിദേശ മദ്യം പിടികൂടിയതായി ലഹരിക്കെതിരെയുള്ള ജില്ലാ തല ജനകീയ കമ്മറ്റി യോഗത്തില്‍ എക്സൈസ്‌ ഡെപ്പ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന്‍ പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കണക്കു പ്രകാരമാണിത്‌. 1579 റെയ്ഡുകള്‍ ഈ കാലയളവില്‍ നടത്തി. 143 അബ്കാരി കേസുകളും 10 എന്‍.ഡി.പി.എസ്‌ കേസുകളും ഏഴു സാമ്പിള്‍ കേസുകളും എടുത്തു. ഇതിന്റെയടിസ്ഥാനത്തില്‍ 152 പ്രതികളെ അറസ്റ്റ്‌ ചെയ്തു. വിവിധ കേസുകളിലായി 395.41 ലിറ്റര്‍ അനധികൃത ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 19.5 ലിറ്റര്‍ കള്ള്‌, 67 ലിറ്റര്‍ അരിഷ്ടം, 36.95 ഗ്രാം ഗഞ്ചാവ്‌, 66.92 ലിറ്റര്‍ ബിയര്‍ തുടങ്ങിയവ പിടിച്ചെടുത്തു.
ലൈസന്‍സ്‌ ഉള്ള 999 കള്ള്‌ ഷാപ്പുകള്‍, 195 എഫ്‌.എല്‍-3 ബാറുകള്‍, 15 എഫ്‌.എല്‍-1 ബാറുകള്‍, 36 മറ്റ്‌ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ പരിശാധന നടത്തി. 564 ലിറ്റര്‍ കള്ള്‌, 106 ലിറ്റര്‍ വിദേശ മദ്യം തുടങ്ങിയവ സാമ്പിളിനായി ശേഖരിച്ചു. ഈ കാലയളവില്‍ 9733 വാഹനങ്ങള്‍ പരിശോധിച്ചതില്‍ എട്ട്‌ വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു.