സ്മാര്‍ട്ട്സിറ്റി പ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരും: മന്ത്രി ആര്യാടന്‍

Monday 8 August 2011 9:42 am IST

കൊച്ചി: സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ സംസ്ഥാന വൈദ്യുതിബോര്‍ഡ്‌ നല്‍കിയ സ്ഥലത്ത്‌ ബോര്‍ഡ്‌ നടത്തിവരുന്ന ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്‌ സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വ്യക്തമാക്കി. സംസ്ഥാനത്തിന്‌ കേന്ദ്ര പൂളില്‍നിന്ന്‌ ലഭിക്കുന്ന വൈദ്യുതി മധ്യകേരളത്തില്‍ ലഭ്യമാക്കുന്നതിനായാണ്‌ ടവര്‍ നിര്‍മ്മാണം നടത്തുന്നത്‌. ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ സ്മാര്‍ട്ട്‌ സിറ്റി ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌, സ്മാര്‍ട്ട്‌ സിറ്റി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുന്നതിനനുസരിച്ച്‌ ഈ ടവര്‍ പദ്ധതിക്ക്‌ തടസമാണെങ്കില്‍ നീക്കം ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതി കേരളം, തമിഴ്‌നാട്‌, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതിന്‌ പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. വൈദ്യുതി വിതരണത്തിനായി പള്ളിക്കരയില്‍ പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്‍ 440 കെ വി സബ്സ്റ്റേഷന്‍ നിര്‍മിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
സബ്സ്റ്റേഷന്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അടുത്ത മാസത്തില്‍ത്തന്നെ കേരളം വൈദ്യുതി വാങ്ങേണ്ടതുണ്ട്‌ വൈദ്യുതി വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ 9 കോടി രൂപയോളം പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‌ നഷ്ടം നല്‍കേണ്ടിവരുമെന്നും ഇത്‌ ഒഴിവാക്കുന്നതിനാണ്‌ വൈദ്യുതി ലൈന്‍ വലിക്കുന്നതു സംബന്ധിച്ച്‌ നടപടികള്‍ വേഗത്തിലാക്കുന്നതിന്‌ ടവര്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സ്മാര്‍ട്ട്‌ സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായാല്‍ ടവര്‍ പ്രശ്നമാണെന്നു കണ്ടാല്‍ ടവര്‍ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാണെന്നും പകരം സ്ഥലം കണ്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‌ ഒരു വര്‍ഷമങ്കിലും വേണ്ടിവരുമെന്നും കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതി വേഗം ലഭിക്കേണ്ടതിനാല്‍ അത്രയും കാലം കാത്തിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി തുടര്‍ന്നു.
സംസ്ഥാനത്ത്‌ അനുഭവപ്പെടുന്ന വൈദ്യുതി കമ്മി പരിഹരിക്കുന്നതില്‍ കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതിയാണ്‌ പ്രധാനപങ്കുവഹിക്കുന്നത്‌. സംസ്ഥാനത്ത്‌ പുതിയ വൈദ്യുതി പദ്ധതികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രപൂളില്‍നിന്ന്‌ കൂടുതല്‍ വൈദ്യുതി നേടാനാണ്‌ കേരളം ശ്രമിക്കുന്നതെന്നും അതിനാല്‍ കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതി നേരിട്ടെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കേണ്ടത്‌ അത്യാവശ്യമാണെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.
ചാര്‍ജ്ജ്‌ കൂടുതലാണെന്നതിനാല്‍ കായംകുളത്തെ എന്‍ടിപിസി നിലയത്തില്‍നിന്നും കൊച്ചിയിലെ ബി എസ്‌ ഇ എസ്‌ നിലയത്തില്‍നിന്നും ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നില്ലെങ്കിലും ഈ സ്ഥാപനങ്ങള്‍ക്ക്‌ പ്രതിമാസം ഭീമമായ സംഖ്യ നിശ്ചിത തുകയായി നല്‍കേണ്ടതുണ്ടെന്നും 20 കോടിയോളമാണ്‌ ഇത്തരത്തിലുള്ള നഷ്ടമെന്നും ആര്യാടാന്‍ ചൂണ്ടിക്കാട്ടി. എന്‍ ടി പി സി നിലയത്തില്‍നിന്നും കൊച്ചിയിലെ ബി എസ്‌ ഇ എസ്‌ നിലയത്തില്‍നിന്നുമുള്ള വൈദ്യുതിക്ക്‌ യൂണിറ്റിന്‌ പത്തുരൂപയോളം നല്‍കേണ്ടിവരുമെന്നും എന്നാല്‍ കേന്ദ്ര പൂളില്‍നിന്ന്‌ ലഭിക്കുന്ന വൈദ്യുതികക്‌ രണ്ടുരൂപമുതല്‍ നാലുരൂപവരെ മാത്രമെ വരുവെന്നതിനാലാണ്‌ കേന്ദ്ര പൂളില്‍നിന്ന്‌ കൂടുതല്‍ വൈദ്യുതി നേടിയെടുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദ്യുതിബോര്‍ഡ്‌ കൈമാറിയ സ്ഥലത്തിന്റെ ഉടമസ്ഥാവകശത്തെക്കുറിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്നകാര്യം ചുണ്ടിക്കാട്ടിയപ്പോള്‍ റഗുലേറ്ററി കമ്മീഷന്റെ അനുമതി ഇല്ലാതെ ബോര്‍ഡിന്റെ സ്ഥലം സ്മാര്‍ട്ട്സിറ്റിക്ക്‌ കൈമാറിയതിനെ തുടര്‍ന്നാണ്‌ സ്ഥലക്കൈമാറ്റം നടന്നിട്ടില്ലെന്ന നിലപാട്‌ ബോര്‍ഡ്‌ സ്വീകരിച്ചതെന്നും എന്നാല്‍ ബോര്‍ഡിന്റെ സ്ഥലം സ്മാര്‍ട്ട്‌ സിറ്റിക്ക്‌ കൈമാറിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനവും അതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കുന്നുണ്ടെന്നുമായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ മറുപടി.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.