ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ്‌ പാഠ്യപദ്ധതിയില്‍

Tuesday 9 July 2013 8:25 pm IST

ലണ്ടന്‍: ബ്രിട്ടണിലെ സ്കൂള്‍ക്കുട്ടികള്‍ ഇനി ഇന്ത്യയുടെ സ്വാതന്ത്യ സമരത്തെക്കുറിച്ച്‌ വിശദമായി പഠിക്കും. തിങ്കളാഴ്ച്ച പ്രഖ്യാപിച്ച പുതിയ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ഉള്‍പ്പെടുത്തി. ഇതോടെ ബ്രിട്ടീഷുകാരില്‍ നിന്ന്‌ അധികാരം തിരിച്ചെടുക്കാന്‍ ഇന്ത്യനടത്തിയ സമരങ്ങള്‍ ബ്രിട്ടനിലെ കുട്ടികള്‍ക്ക്‌ മനസ്സിലാക്കാന്‍ അവസരമൊരുങ്ങുകയാണ്‌. അഞ്ച്‌ മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പുതിയ പാഠ്യപദ്ധതി പാര്‍ലമെന്റ്‌ അംഗീകരിക്കുന്നതോടെ 2014 സപ്തംബറില്‍ പ്രാബല്യത്തിലാകും.
1901 മുതല്‍ ബ്രിട്ടനും യൂറോപ്പും നേരിടുന്ന വെല്ലുവിളികള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത പാഠ്യപദ്ധതിയില്‍ ഊന്നിപ്പറയുന്നുണ്ട്‌. ലോകചരിത്രത്തിലെ പ്രാധാന്യം നേടിയ സമൂഹവും പ്രശ്നവുമായി ബന്ധപ്പെട്ട്‌ ലോകവ്യാപകമായുണ്ടായ പുരോഗതിയെക്കുറിച്ച്‌ കുട്ടികള്‍പഠിക്കണമെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ നിഷ്ക്കര്‍ഷിക്കുന്നു. ഈ വിഭാഗത്തില്‍ ഇന്ത്യയിലെ 1526 മുതല്‍ 1857 വരെയുള്ള മുഗള്‍ രാജവംശത്തിന്‌ പ്രാധാന്യംനല്‍കിയിട്ടുണ്ട്‌. ചൈനയുടെ ഖ്വിങ്ങ്‌ രാജവംശവും റഷ്യന്‍ചക്രവര്‍ത്തിമാരുടെ സ്ഥാനമാറ്റവുമാണ്‌ ഇതോടൊപ്പമുള്ളത്‌.
ബ്രിട്ടന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ പുതിയഅധ്യായമെന്നാണ്‌ പരിഷ്ക്കരിച്ച പാഠ്യപദ്ധതിയെ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍ വിശേഷിപ്പിച്ചത്‌. കമ്പ്യൂട്ടര്‍ കോഡിങ്ങിനൊപ്പം സാഹിത്യത്തിലെ മഹത്തായസൃഷ്ടികളും ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ പാഠ്യപദ്ധതി ഒരേസമയം കഠിനവും ആകര്‍ഷകവും പരുക്കനുമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.