ടുണീ‍ഷ്യന്‍ മുന്‍ പ്രസിഡന്റ് ബെന്‍ അലിക്ക് 35 വര്‍ഷം തടവ്

Tuesday 21 June 2011 11:26 am IST

ടുണീസ് : മുന്‍ പ്രസിഡന്റ് സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിക്ക് ടുണീഷ്യന്‍ കോടതി 35 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ആറു മാസം മുന്‍പാണ് അലി അധികാരത്തില്‍ നിന്നു പുറത്തായത്. സൗദിയിലേക്കു പാലായനം ചെയ്ത അദ്ദേഹത്തിന്റെ അഭാവത്തിലാണ് വിചാരണ നടന്നത്. പ്രസിഡന്‍റായിരിക്കേ അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിച്ചതിനും കളവു നടത്തിയതിനുമാണ് അദ്ദേഹത്തെ വിചാരണ ചെയ്തത്. അലിയുടെ ഭാര്യ ലൈല ട്രബല്‍സിക്കും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരും 66 മില്യണ്‍ ഡോളര്‍ പിഴയും ഒടുക്കണം. 23 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ജനുവരി 14നു ബെന്‍ അലി അധികാരമൊഴിഞ്ഞത്. ബെന്‍ അലിയുടെ താമസസ്ഥലത്ത്‌ നടത്തിയ പരിശോധനയില്‍ 27 മില്യണ്‍ ഡോളറിന്റെ പണവും, ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ചരിത്രപ്രാധാന്യമുള്ള ആഭരണങ്ങളാണ്‌ ഇവിടെ നിന്ന്‌ കണ്ടെടുത്തത്‌. ഈ കേസിലാണ്‌ ഇവര്‍ക്ക്‌ ശിക്ഷ വിധിച്ചതും. അതേസമയം പ്രസിഡന്റായിരിക്കെ കൊട്ടാരത്തില്‍ അനധികൃതമായി ആയുധങ്ങളും, മയക്കുമരുന്നുകളും കൈവശം വച്ച മറ്റൊരു കേസില്‍ ബെന്‍ അലിക്കെതിരായ വിചാരണ മാറ്റിവച്ചിട്ടുണ്ട്‌. കൊലപാതക കുറ്റം, അധികാര ദുര്‍വിനിയോഗം, പണം വെട്ടിപ്പ്‌, പുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്‌ തുടങ്ങിയ കുറ്റങ്ങളാണ്‌ ബെന്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത്‌. അഞ്ചു തവണയാണ്‌ ബെന്‍ അലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി മാത്രം രണ്ടു തവണ ഭരണഘടന ഭേദഗതി ചെയ്‌തു. എതിര്‍ത്തവരെ അടിച്ചമര്‍ത്തി ജയിലിലടച്ചു. തൊഴിലില്ലായ്‌മയും,, വിലക്കയറ്റവും രൂക്ഷമായതോടെയാണ്‌ അലിക്ക്‌ മറ്റ്‌ വഴികളില്ലാതായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.