അതിര്‍ത്തിയിലെ കടന്നുകയറ്റം: ചൈന ന്യായീകരിക്കുന്നു

Wednesday 10 July 2013 9:21 pm IST

ബീജിംഗ്‌: ലഡാക്കിലെ ചുമാര്‍ സെക്ടറില്‍ ഇന്ത്യനതിര്‍ത്തി ലംഘിച്ച നടപടി ന്യായീകരിച്ചുകൊണ്ട്‌ ചൈന രംഗത്തെത്തി. ചൈനീസ്‌ സേന ചുമാറില്‍ കടന്നുകയറിയതിനെപ്പറ്റി പരാമര്‍ശമില്ലാതെയാണ്‌ വിദേശകാര്യമന്ത്രാലയം ബീജിംഗില്‍ പ്രസ്താവന പുറത്തിറക്കിയത്‌. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനീസ്‌ സേന പട്രോളിംഗ്‌ നടത്തുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ്‌ ഹു ചുനിയാങ്ങ്‌ വിശദീകരിച്ചു. അവസാന കരാറിലെത്തുംവരെ ഇന്‍ഡോ-ചൈന അതിര്‍ത്തിയില്‍ തല്‍സ്ഥിതി തുടരുമെന്നും അവര്‍ പറഞ്ഞു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ചൈന സന്ദര്‍ശനത്തിനുശേഷമാണ്‌ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായ വാര്‍ത്ത പുറത്തുവന്നത്‌. ചുമാറില്‍ ഇന്ത്യന്‍ സേന സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളും ചൈന നശിപ്പിച്ചു. എന്നാല്‍ ചുമാറില്‍ ഏതെങ്കിലും അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ ചൈനീസ്‌ അധികൃതര്‍ വിശദീകരിക്കുന്നു. പ്രശ്നത്തില്‍ തന്ത്രപരമായ നിലപാട്‌ സ്വീകരിച്ച ചൈന ഫലത്തില്‍ ഇന്ത്യയെ വെട്ടിലാക്കിയിരിക്കുകയാണ്‌. അതിര്‍ത്തിയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ചൈന ഇന്ത്യയുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ്‌ ഹു പറയുന്നു. ചുമാറില്‍ ചൈനീസ്‌ സേന കടന്നുകയറ്റം നടത്തിയത്‌ ജൂണ്‍ 17നാണെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ചൈനാ സന്ദര്‍ശനത്തിന്‌ ഒരുദിവസം മുമ്പ്‌ ഇവിടെ തകര്‍ക്കപ്പെട്ട ക്യാമറകള്‍ സ്ഥാപിച്ചതായും പറയപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചുമര്‍ ഏറ്റവും തന്ത്രപ്രധാനമായ മേഖലയാണ്‌. ചൈനീസ്‌ സേനക്ക്‌ എത്തിപ്പെടാനാകാത്ത സ്ഥലമെന്ന പ്രത്യേകത ഇതിനുണ്ടായിരുന്നു. അതിനാല്‍ ചുമാര്‍ സെക്ടറില്‍ ചൈന നടത്തിയ അതിക്രമത്തെ ഇന്ത്യന്‍ സേന ഗൗരവത്തോടെയാണ്‌ കാണുന്നത്‌. ചൈനയില്‍ സന്ദര്‍ശനം നടത്തിയ ആന്റണി പ്രധാനമന്ത്രി ലി കെ ക്യാങ്ങുമായും പ്രതിരോധമന്ത്രി ജനറല്‍ ഷെങ്ങ്‌ വാംക്വാനുമായും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചയില്‍ ബീജിംഗിനെ പ്രതിനിധീകരിക്കുന്ന യാങ്ങ്‌ ജീച്ചിയും ആന്റണിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച ആന്റണി അതിര്‍ത്തി പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതുവരെ നിയന്ത്രണരേഖയില്‍ സമാധാനവും ശാന്തിയും പുലരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചകള്‍ക്ക്‌ ശേഷമായിരുന്നു ആന്റണി ചൈനയിലെത്തിയത്‌. അതിര്‍ത്തി ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ സമാധാന വക്താവാകുകയും നടപടിയില്‍ കയ്യേറ്റക്കാരനാകുകയുമാണ്‌ ചൈന. ചൈനീസ്‌ ഭീഷണിക്ക്‌ മുമ്പില്‍ കേന്ദ്രസര്‍ക്കാരിന്‌ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും ഇതുവരെ സാധിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.