പ്രതിസന്ധി മുറുകുന്നു

Thursday 11 July 2013 10:27 pm IST

ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാണെന്ന് എ.കെ.ആന്റണി സോണിയാഗാന്ധിയെ നേരില്‍ക്കണ്ട് ധരിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ന് 10-ാം നമ്പര്‍ ജന്‍പഥിലെ വസതിയിലെത്തി അരമണിക്കൂറോളം സോണിയാഗാന്ധിയുമായി ആന്റണി നടത്തിയ കൂടിക്കാഴ്ച ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഇന്ന് വൈകിട്ട് ദല്‍ഹിയിലെത്തുന്ന ഉമ്മന്‍ചാണ്ടി നാളെ സോണിയാഗാന്ധിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിനു ശേഷം മാത്രമേ പാര്‍ട്ടി ഹൈക്കമാന്റ് കേരളാ വിഷയത്തില്‍ നിലപാട് വ്യക്തമാക്കൂ.കേരളത്തിലെ വിഷയങ്ങള്‍ സങ്കീര്‍ണമാണെന്നും ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ആന്റണി സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നത് കോണ്‍ഗ്രസിന് ദോഷകരമായി മാറുമെന്ന നിലപാടാണ് ആന്റണി സ്വീകരിച്ചതെന്നാണ് സൂചന. ഭരണമാറ്റം പ്രതീക്ഷിക്കേണ്ടെന്ന് കൊച്ചിയില്‍ വ്യക്തമാക്കിയ ആന്റണി നേതൃമാറ്റമുണ്ടാകില്ലെന്ന് പറയാതിരുന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയും സര്‍ക്കാരും രണ്ടു തട്ടിലാണ് മുന്നോട്ടു പോകുന്നതെന്നും ഇതു തുടര്‍ന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിക്ക് ഇടയാക്കുമെന്നുമുള്ള നിലപാടാണ് ആന്റണിക്കുള്ളത്. ഉമ്മന്‍ചാണ്ടി മാറേണ്ട യാതൊരു സാഹചര്യങ്ങളും കേരളത്തിലില്ലെന്നായിരുന്നു നേരത്തെയുള്ള കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ എ.കെ.ആന്റണിയുടെ കേരളാ സന്ദര്‍ശനത്തിനു ശേഷം വിഷയത്തില്‍ ഹൈക്കമാന്റ് നിലപാട് മാറിയേക്കാം എന്ന സൂചനകള്‍ ലഭ്യമാകുന്നുണ്ട്. സോളാര്‍ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കു സാധിക്കാതെ വരികയും ബന്ധുക്കളും അടുത്ത അനുയായികളും മുഖ്യമന്ത്രി തന്നെയും വിഷയത്തില്‍ നേരിട്ട് പങ്കുള്ളവരായി മാറിയെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടത് പാര്‍ട്ടിക്കു ദോഷകരമായി മാറിയെന്ന പൊതു വിലയിരുത്തലിലേക്ക് ഹൈക്കമാന്റ് എത്തിപ്പെടുമോ എന്നതാണ് അറിയാനുള്ളത്. ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും പിസിസി പ്രസിഡന്റുമാരുടേയും യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാത്രിയോടെ ഉമ്മന്‍ചാണ്ടി ദല്‍ഹിയിലെത്തും. എന്നാല്‍ യോഗത്തില്‍ രമേശ് ചെന്നിത്തല വരുന്ന കാര്യത്തില്‍ ചെറിയ സംശയം ബാക്കിയുണ്ട്. അതിനിടെ രണ്ടു ദിവസമായി സോണിയാഗാന്ധിയെ കാണുന്നതിനായി ദില്ലിയില്‍ കഴിയുന്ന ഹരിത എംഎല്‍എമാരെ കാണാന്‍ സോണിയാഗാന്ധി അനുമതി നല്‍കിയില്ല. സോണിയാഗാന്ധി ബീഹാറില്‍ സന്ദര്‍ശനം നടത്തിയ സമയം ദല്‍ഹിയിലെത്തിയ എംഎല്‍എമാര്‍ക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി മുകുള്‍ വാസ്‌നിക്കിനേയും കാണാനായിരുന്നില്ല.  ഇന്നലെ സോണിയ ഗാന്ധിയെ കാണാന്‍ എംഎല്‍എമാര്‍ ശ്രമിച്ചെങ്കിലും സമയം അനുവദിച്ചില്ല. ഇവര്‍ സോണിയാഗാന്ധിയെ കാണുന്നതു തടയുന്നതിനായി കേരളത്തില്‍നിന്നും വലിയ സമ്മര്‍ദ്ദം എഗ്രൂപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നാണ് വിവരം. സന്ദര്‍ശനാനുമതി ലഭിക്കാത്തതിനു കാരണം ഇതാണത്രേ. എഐസിസി സെക്രട്ടറിയായ വി.ഡി സതീശനു പോലും കോണ്‍ഗ്രസ് പ്രസിഡന്റിനെ കാണാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് നേതൃമാറ്റം ആവശ്യപ്പെടാനല്ല തങ്ങള്‍ ദില്ലിയിലെത്തിയതെന്ന് വി ഡി സതീശന് വിശദീകരിക്കേണ്ടി വന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.