യു.എസ് പ്രതിസന്ധി സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് ആര്‍.ബി.ഐ

Monday 8 August 2011 12:49 pm IST

മുംബൈ: അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ച ഇന്ത്യയെ ബാധിച്ചിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പ്രസ്താവനയില്‍ അറിയിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ കുലുക്കങ്ങള്‍ ഇന്ത്യന്‍ വിപണിയെ ബാധിക്കുന്ന അവസ്ഥ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിങ് ഇടിഞ്ഞതിനെ തുടര്‍ന്ന്‌ ഓഹരി നിക്ഷേപകര്‍ വിപണയില്‍ നിക്ഷേപമിറക്കുന്നതിന്‌ മടി കാണിക്കുന്നതും ഓഹരി വിപണിയിലെ ഇടിവും സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണെന്നും ആര്‍.ബി.ഐ പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടി ഇന്ത്യന്‍ വിപണികളിലും നഷ്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് ആര്‍.ബി.ഐയുടെ പ്രസ്താവന. കഴിഞ്ഞ ആഴ്ച ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ റേറ്റിങ് 'എഎഎ' യില്‍ നിന്നും 'എഎപ്ലസ്' ആക്കി കുറച്ചിരുന്നു. യുറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യയെ തുടര്‍ന്ന് മാന്ദ്യത്തിലായ ആഗോള സാമ്പത്തിക രംഗത്ത് ഇത് കനത്ത നഷ്ടത്തിനിടയാക്കി. മറ്റു ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളായ മൂഡിയും ഫിച്ചും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് 'എഎഎ' യായി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ റേറ്റിങ് താഴ്തിയേക്കാമെന്നാണ് അനുമാനം.