പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കാന്‍ ഉത്തരവ്

Monday 8 August 2011 5:42 pm IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട്‌ മൂന്ന് മാസത്തിനുള്ളില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന സൂചനകളെ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ ഭക്ഷ്യ മന്ത്രി ടി.എച്ച് മുസ്തഫ കോടതിയില്‍ നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജിയില്‍ ഉമ്മന്‍‌ചാണ്ടിയെ ഒഴിവാക്കിയതുപോലെ തന്നെയും കേസില്‍ നിന്നും ഒഴിവാക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതു കൂടാതെ ഉമ്മന്‍ ചാണ്ടി നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പാമോയില്‍ ഇടപാടില്‍ തനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പാമോയില്‍ ഇടപാട്‌ നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആരെയും പ്രതിയാക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ്‌ 31നാണ്‌ വിജിലന്‍സ്‌ എസ്‌.പി വി.എന്‍. ശശിധരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോടതി ഇത് പലതവണ പരിശോധിച്ചെങ്കിലും ഇന്ന് കോടതി റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. എസ്.പിയുടെ റിപ്പോര്‍ട്ടിലെ ചില പൊരുത്തക്കേടുകള്‍ കോടതി ചൂണ്ടിക്കാണീക്കുകയും ചെയ്തിട്ടുണ്ട്. പാമോയില്‍ ഇറക്കുമതി ചെയ്യണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരുന്നു എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിസഭ അത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്. സിവില്‍സപ്ലൈസ്‌ കോര്‍പ്പറേഷനെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാനാണ് പാമോയില്‍ ഇറക്കുമതി ചെയ്തതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. സിംഗപ്പൂരില്‍നിന്ന് പാമോയില്‍ ഇറക്കുമതിചെയ്തതിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്. കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു ഒന്നാംപ്രതി. അന്തരിച്ചതിനെതുടര്‍ന്ന് ഇദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയാമാത്യു, സിവില്‍സപ്ലൈസ് മുന്‍ എം.ഡി. ജിജിതോംസണ്‍, പാമോയില്‍ കമ്പനി ഡയറക്ടര്‍മാരായ വി.സദാശിവന്‍, ശിവരാമകൃഷ്ണന്‍, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി.ജെ.തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.