കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍

Tuesday 21 June 2011 11:46 am IST

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ ഉടന്‍ പുനസംഘടിപ്പിച്ചേക്കും. വിവിധ കേന്ദ്രമന്ത്രിമാര്‍ രാജി വച്ച് ഒഴിവുകള്‍ ഇതുവരെയും നികത്താതിരുന്ന കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുമ്പ് മന്ത്രിസഭ പുനസംഘടന നടത്താനാണ് ആലോചിക്കുന്നത്. സ്പെക്ടം കേസില്‍ ജയിലിലായ എ.രാജ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി റെയില്‍‌വേ മന്ത്രിസ്ഥാനം രാജി വച്ച മമതാ ബാനര്‍ജി എന്നിവര്‍ക്ക് പകരം ഇതുവരെയും പുതിയ മന്ത്രിമാരെ നിയമിച്ചിട്ടില്ല. ഇപ്പോള്‍ പല മന്ത്രിമാരും ഒന്നിലേറെ സുപ്രധാന വകുപ്പുകള്‍ വഹിക്കുന്നുണ്ട്. പുതുതായി ചിലരെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തി മന്ത്രിമാരുടെ ജോലി ഭാരം കുറയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. റെയില്‍‌വേ മന്ത്രാലയം കോണ്‍ഗ്രസ് ഏറ്റെടുത്ത ശേഷം ഇപ്പോള്‍ റെയില്‍‌വെ സഹമന്ത്രിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ റോയിക്ക് മറ്റൊരു ക്യാബിനറ്റ് പദവി നല്‍കിയേക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ടെലികോം, മാനവ വിഭവശേഷി എന്നിവയില്‍ ഒരു വകുപ്പ് കപില്‍ സിബലില്‍ നിന്നും മാറ്റും. ഇപ്പോള്‍ പഞ്ചാബ് ഗവര്‍ണറായ ശിവരാജ് പാട്ടീലിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനും ആലോചനയുണ്ട്. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ കാര്യത്തിലും ചില മാറ്റങ്ങളുണ്ടായേക്കും. ഇ.അഹമ്മദിന് ക്യാബിനറ്റ് പദവി നല്‍കണമെന്ന് മുസ്ലീം ലീഗും ജോസ് മാണിയെ സഹമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാല്‍ അഹമ്മദിന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം നല്‍കാനാണ് കൂടുതല്‍ സാധ്യത.