ഉമ്മന്‍‌ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണം - കോടിയേരി ബാലകൃഷ്ണന്‍

Monday 8 August 2011 3:46 pm IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ ഉമ്മന്‍‌ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ അദ്ദേഹം വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ്‌ വകുപ്പ്‌ കൈവശം വച്ചിരിക്കുമ്പോള്‍ പാമോയില്‍ കേസില്‍ നിഷ്‌പക്ഷ അന്വേഷണം നടക്കില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ്‌ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ കോടതി തള്ളിയ സാഹചര്യത്തില്‍ ഡയറക്ടറെ തത്‌സ്ഥാനത്ത്‌ നിന്ന്‌ നീക്കണം. ഉമ്മന്‍ചാണ്ടിയുടെ വകുപ്പ്‌ തന്നെ ഇനി ഈ കേസ്‌ അന്വേഷിക്കുന്നത്‌ ശരിയല്ല. തുടരന്വേഷണത്തിന്‌ കോടതി തന്നെ മേല്‍നോട്ടം വഹിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ്‌ വിജിലന്‍സ്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.