അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി, രാജിയുടെ സാഹചര്യമില്ലെന്ന് ചെന്നിത്തല

Monday 8 August 2011 2:53 pm IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തന്റെ പങ്കിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചും പാര്‍ട്ടിയെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാമോയില്‍ കേസില്‍ അന്വേഷണം വേണമെന്ന്‌ നിയമസഭയിലും, പുറത്തും ആവശ്യപ്പെട്ടതും താനാണ്‌. 20 കൊല്ലം മുമ്പ്‌ 1991ലുള്ള ഒരു കേസാണിത്‌. അതിനിടയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി തന്നെ സാക്ഷിയാക്കുകയും ചെയ്‌തുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പിന്‌ ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പാമോയില്‍ കേസിനെ കുറിച്ച്‌ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തന്റെ നിലപാടും പാര്‍ട്ടിയെ അറിയിച്ചിരുന്നുവെന്നും കോണ്‍ഗ്രസ്‌ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഉമ്മന്‍‌ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. അതേസമയം ഉമ്മന്‍‌ചാണ്ടി രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. പാമോയില്‍ കേസില്‍ അദ്ദേഹം രണ്ട് അന്വേഷണം നേരിട്ടു കഴിഞ്ഞു. മൂന്നമതൊരു അന്വേഷണം കൂടി വേണമെങ്കില്‍ അതും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം നടത്തുന്നതില്‍ തങ്ങള്‍ക്ക് പരിഭ്രാന്തിയില്ലെന്നും അദ്ദേഹം പറഞ്ഞു പാമോയില്‍ കേസില്‍ ധനകാര്യ വകുപ്പിന് പങ്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രിക്ക് പങ്കുണ്ടോയെന്നുകൂടി പരിശോധിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.