കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷ ചര്‍ച്ച ചെയ്തു

Monday 8 August 2011 3:42 pm IST

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷയെക്കുറിച്ചു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍, എയര്‍ ഇന്ത്യ അധികൃതര്‍ എന്നിവരുമായാണ് ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷിതമല്ലെന്ന് വ്യോമയാന സുരക്ഷാ ഉപദേശക സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ 2010 മേയ് 22നു നടന്ന മംഗലാപുരം വിമാനാപകടത്തിനു സമാനമായ അപകടം കരിപ്പൂരിലും തള്ളിക്കളയാനാവില്ല. 240 മീറ്റര്‍ ദൂരത്തിലുള്ള സുരക്ഷിത സ്ഥലമാണ് റണ്‍വെ കഴിഞ്ഞു വേണ്ടത്. എന്നാല്‍ കരിപ്പൂരില്‍ ഇതു 90 മീറ്റര്‍ മാത്രമാണുള്ളത്. വിമാനം റണ്‍വേയില്‍ നില്‍ക്കാത്ത സാഹചര്യത്തില്‍ ഉപയോഗിക്കാനാണ് ഈ സ്ഥലം. ഇന്‍സ്ട്രമെന്‍റ് ലാന്‍ഡിങ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നതു കോണ്‍ക്രീറ്റ് തൂണുകളിലാണ്. എന്നാല്‍ സുരക്ഷാ നിയമപ്രകാരം വളരെ പെട്ടെന്നു തകരുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് തൂണുകള്‍ നിര്‍മിക്കേണ്ടത്. കരിപ്പൂരില്‍ നിന്നു പ്രതിദിനം 19 അന്താരാഷ്ട്ര വിമാനങ്ങള്‍ ഇറങ്ങുകയും പുറപ്പെടുകയും ചെയ്യുന്നുണ്ട്. വര്‍ഷം തോറും രണ്ടു മില്യണ്‍ യാത്രക്കാര്‍ ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നു.