ഭാരതീയ നിയമവ്യവസ്ഥയെപ്പറ്റി

Friday 12 July 2013 9:55 pm IST

ഭാരതത്തിന്‌ ഒരു ജീവിതദര്‍ശനമുണ്ട്‌, സുസ്ഥായിയായ ഒരു ജീവിത വ്യവസ്ഥയുടെ ദര്‍ശനം. നമുക്കുചുറ്റും നടക്കുന്ന, കേവലം ഇന്ദ്രിയപ്രത്യക്ഷമായ, സ്ഥായിഭാവമില്ലാത്ത, സംഭവങ്ങളെ ഈ ലോകത്തിലെ വിവിധ ജൈവ-അജൈവ വസ്തുക്കള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്ന അവയുടെ സത്യത്തില്‍ കാണാന്‍ കഴിയുന്ന, ആ സംഭവങ്ങളുടെ സമാഹൃതരൂപമായി ലോകജീവിതത്തെ അതിന്റെ സമഗ്രതയില്‍ കാണാന്‍ കഴിയുന്ന, അതിന്റെ തന്നെ ഭാഗമായി നമ്മുടെ വ്യക്തിജീവിതത്തേയും അതിലെ ഓരോ പ്രവൃത്തിയേയും കാണാന്‍ കഴിയുന്ന, ഒരു ദര്‍ശനം. ഒരു ദര്‍ശനം. നിരന്തരം മാറിക്കൊണ്ടിരിയ്ക്കുന്ന പ്രപഞ്ചത്തിന്റെ മാറ്റമില്ലാത്ത സത്ത കണ്ടെത്തിയ ഒരു ദര്‍ശനം. നിരന്തരം ഉണ്ടായി-നിലനിന്ന്‌-ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജഡ-ജൈവ വസ്തുക്കളെ ഏകമായ ആ സത്തയുടെതന്നെ നാനാത്വ-വൈവിധ്യങ്ങളാര്‍ന്ന രൂപഭേദങ്ങളായി കാണുന്ന ഒരു ദര്‍ശനം. ഏകമായ ആ തത്വത്തിന്റെ കാല-ദേശങ്ങളിലൂടെയുള്ള ആവിഷ്ക്കാരങ്ങളായ, പഴുതുകളില്ലാത്തവിധം ചിട്ടപ്പെടുത്തിയ, ഒരു അനന്തനാടകമായി ഈ പ്രപഞ്ചത്തെ കാണുന്ന ഒരു ദര്‍ശനം. കര്‍മനിബിഡജീവിതത്തിന്റെ കര്‍മരഹിതസത്തയുടെ ദര്‍ശനം. ചുരുക്കിപ്പറഞ്ഞാല്‍ സത്യത്തിന്‌ നേരെ വിരുദ്ധമായ സ്വഭാവത്തോടു കൂടിയ ഒരു അയഥാര്‍ത്ഥ കര്‍മ-അനുഭവമണ്ഡലം, അഥവാ മിഥ്യ, ആണ്‌ ഈ ലോകജീവിതം. ഈ പ്രപഞ്ചമഹാവ്യവസ്ഥയെ ഈ ബന്ധത്തില്‍ നിലനിര്‍ത്തുന്ന, ശാശ്വതമായ ഒരു നിയമം ഉണ്ട്‌. മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം ആ പരമസത്യത്തില്‍നിന്ന്‌ രൂപഭേദപ്പെട്ട്‌ വന്ന ഈ അയഥാര്‍ത്ഥ അസ്തിത്വത്തില്‍നിന്ന്‌ തിരിച്ച്‌ ആ പരമസത്യത്തിലേയ്ക്ക്‌ ചേര്‍ക്കുക എന്നതാണ്‌. ദുഃഖദുരിതങ്ങളും ഇടയ്ക്കിടയ്ക്ക്‌ വീണുകിട്ടുന്ന സുഖസന്തോഷങ്ങളും ചേര്‍ന്ന ഈ ലൗകികതയില്‍നിന്ന്‌ ആനന്ദസ്വരൂപമായ സത്യത്തിലേയ്ക്ക്‌, കര്‍മപരമായ ഈ സ്വഭാവത്തില്‍നിന്ന്‌ കര്‍മരഹിതവും നിശ്ചലവും അഖണ്ഡവും ആയ ആ സ്വരൂപത്തിലേയ്ക്ക്‌, മനുഷ്യനെ കൊണ്ടുപോവുന്ന, ജീവിതരീതിയാണ്‌ ധര്‍മാനുഷ്ഠാനം. അല്ലാത്തത്‌ അധര്‍മവും. വിജയകരമായ ജീവിതത്തിന്‌ അനുഷ്ഠിയ്ക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള ഭാരതീയ ദര്‍ശനത്തിന്റെ ഒരു ചെറിയ വെളിച്ചം നമുക്ക്‌ ഇവിടെ കിട്ടും. നമ്മുടെ ജീവിതത്തില്‍, ലൗകികതയില്‍ ആയാലും ധര്‍മാനുഷ്ഠാനത്തില്‍ ആയാലും സംസ്ക്കാരത്തില്‍ ആയാലും, വിശിഷ്ടമായ ഒരു പങ്കാണ്‌ ലൈംഗികതയ്ക്കുളളത്‌. ബലാത്സംഗം എന്ന അധമവും ക്രൂരവും മനുഷ്യത്വഹീനവും ആയ ഒരു അത്യാചാരത്തോട്‌ ഈ ലൈംഗികതയെ ബന്ധപ്പെടുത്തി, നിയമപരമായിത്തന്നെ. ഇതിന്‌ കാരണം നേരത്തെ സൂചിപ്പിച്ച, വെറും ഇന്ദ്രിയ പ്രത്യക്ഷത്തില്‍ ഒതുങ്ങിനില്‍ക്കുന്ന വികലമായ ഒരു ജീവിതവീക്ഷണമാണ്‌. അതിന്റെ മൂല്യങ്ങളാണ്‌ ജീവിതത്തെ നിയന്ത്രിക്കുന്നത്‌. അതിനപ്പുറത്തുള്ള ഒരു ബോധത്തില്‍ ജീവിതത്തെ കാണാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സ്ത്രീ പുരുഷന്മാര്‍ അവരവര്‍ക്ക്‌ സവിശേഷമായ ആ അവയവങ്ങളില്‍ക്കൂടി ബന്ധപ്പെടുക, അതില്‍നിന്ന്‌ നൈമിഷികമായ ഒരു സുഖം നേടുക എന്നീ ലക്ഷണങ്ങള്‍ ഒത്താല്‍ അത്‌ ലൈംഗികതയായി. അതില്‍ ഒതുങ്ങുന്നു ലൈംഗികത. അതില്‍ ആക്രമണസ്വഭാവം കലരുമ്പോഴാണ്‌ അതിനെ കുറ്റമായി കാണുന്നത്‌, ലൈംഗിക കുറ്റമായി. വാസ്തവത്തില്‍ ഇവിടെ പ്രാവര്‍ത്തികമാവുന്നത്‌ ആക്രമണസ്വഭാവമാണ്‌. അവ അനുഷ്ഠിയ്ക്കുന്ന അടിസ്ഥാന ധര്‍മം നോക്കി അവയവങ്ങള്‍ക്ക്‌ ഓരോ പേരുകള്‍ കൊടുക്കുന്നു, അവ അന്യധര്‍മങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു അതേപേരില്‍ തന്നെ അറിയപ്പെട്ടതുകൊണ്ട്‌. ലൈംഗികതയുടെ ഉന്നതമാനങ്ങള്‍ പലതും നിത്യജീവിതത്തില്‍നിന്ന്‌ പിന്‍വാങ്ങിക്കഴിഞ്ഞ ഇന്നത്തെ കാലത്ത്‌ ആ പദത്തിന്റെ അര്‍ത്ഥം തന്നെ ഈ താണതല വിനിയോഗത്തിലേയ്ക്ക്‌ ചുരുങ്ങി. സംസ്ക്കാരം ശോഷിച്ചു. സ്ത്രീകളോടുള്ള ആദരവ്‌ കുറഞ്ഞു. കരുത്തുള്ള, സംസ്കാരം ഇല്ലാത്ത, പുരുഷന്റെ ശക്തി അവരുടെമേല്‍ അതിക്രമങ്ങളായി വന്നുവീഴാന്‍ തുടങ്ങി. ഇത്‌ എങ്ങനെ എന്ന്‌ നമുക്ക്‌ വഴിയേ കാണാം. ഭാരതീയ സങ്കല്‍പ്പം അനുസരിച്ചുള്ള ലൈംഗികത ഈ പ്രവൃത്തികളില്‍ ഉള്‍ച്ചേര്‍ന്നിട്ടില്ല. ഇത്‌ ലൈംഗിക വൃത്തി അല്ലേയല്ല. സ്ത്രീ, പുരുഷന്‍ എന്ന രണ്ട്‌ വിഭാഗങ്ങളായുള്ള സൃഷ്ടിയുടെ വേര്‍തിരിവ്‌, പുനഃസൃഷ്ടിയുടെ ആധാരം തന്നെയായ വേര്‍തിരിവ്‌, അതാണ്‌ ലൈംഗികത. സന്താനോല്‍പ്പാദനം സൗകര്യപ്പെടുത്തുന്ന, വ്യത്യസ്തം-ഒപ്പം പരസ്പ്പര രൂപകം ആയ, വ്യക്തിശരീരദ്വയങ്ങളിലെ അവയവ-വികാര-കര്‍മാനുഷ്ഠാനങ്ങളുടെ വ്യവസ്ഥയാണത്‌ അതിന്റെ സത്തയില്‍. തുടര്‍ന്നങ്ങോട്ട്‌ നിലനില്‍പ്പിന്റെ എല്ലാ തലങ്ങളിലും രണ്ടുവിഭാഗക്കാര്‍ക്കും അന്യോന്യം സഹകരിച്ച്‌ പ്രവര്‍ത്തിക്കല്‍ ആവശ്യവും സൗകര്യവും സന്തോഷകരവും ആക്കിത്തീര്‍ക്കുംവിധം ഇന്ദ്രിയ-മനോ-ബുദ്ധി-ഭാവ സവിശേഷതകളും ഇതില്‍ത്തന്നെ പെടുന്നു. ആഗ്രഹസാധ്യങ്ങളിലൂടെ സമ്പാദിയ്ക്കുന്ന സംതൃപ്തി, അഥവാ അസംതൃപ്ത ആഗ്രഹങ്ങളുടെ അഭാവം, എന്ന പൂര്‍ണതയാണല്ലോ ജീവിതം എന്ന പ്രയാണത്തിന്റെ ലക്ഷ്യം. വ്യക്തിതലത്തിലെ വിഭിന്നത, തമ്മില്‍ യോജിയ്ക്കുമ്പോള്‍ ആ ഏകമായ പൂര്‍ണതയാണല്ലോ ജീവിതം എന്ന പ്രയാണത്തിന്റെ ലക്ഷ്യം. വ്യക്തിതലത്തിലെ വിഭിന്നത, തമ്മില്‍ യോജിയ്ക്കുമ്പോള്‍ ആ ഏകമായ പൂര്‍ണത സ്ഥാപിതമാകല്‍-ഇതാണ്‌ ലൈംഗികതയുടെ സ്വഭാവം. പരസ്പ്പരാശ്രിതങ്ങളും പരസ്പ്പര പൂരകങ്ങളും ആയ വിഭാഗീയത. സംഘട്ടനത്തില്‍ക്കൂടിയല്ലാതെ ദ്വന്ദ്വങ്ങളുടെ സമന്വയപരമായ സംയോഗത്തിലൂടെ ദ്വൈതത്തില്‍നിന്ന്‌ അദ്വൈതത്തിലേയ്ക്കുള്ള, രമ്യതയും സന്തോഷവും ഉളവാക്കുന്ന, ഒരു പ്രക്രിയയായി ജീവിതത്തെ മാറ്റുന്ന ഒരു പദ്ധതിയുടെ കേന്ദ്രബിന്ദുവാണ്‌ ലൈംഗികത. ഈ മഹാപ്രതിഭാസത്തിന്റെ പ്രാതിനിധ്യം വഹിയ്ക്കുന്ന ഈ പദത്തെയാണ്‌ ഇന്ന്‌ സ്ത്രീയ്ക്കുനേരെ പുരുഷന്‍ നടത്തുന്ന നീചമായ കുറ്റകൃത്യത്തെ വിശേഷിപ്പിക്കാന്‍ ഇന്നത്തെ സമൂഹം തെരഞ്ഞെടുത്തത്‌. ലൈംഗികത പരമമായ രമ്യതയില്‍, സംയുക്ത യത്നമായി, ആനന്ദകരമായ പരിസമാപ്തിയില്‍ ചെന്നെത്തുംവിധം, സ്ത്രീ പുരുഷന്മാര്‍ അനുഷ്ഠിക്കുന്ന ഒരു ധര്‍മമാണ്‌. ബലാത്സംഗമാകട്ടെ തന്നോട്‌ ഒരു തെറ്റും ചെയ്യാത്ത സ്ത്രീയോട്‌ ഒരു അന്യപുരുഷന്‍ പരമശത്രുതയില്‍ കാട്ടുന്ന ഏകപക്ഷീയമായ കയ്യേറ്റം/ആക്രമണം ആണ്‌. സുജീവിതത്തിന്‌ മാനസികയോഗ്യത നേടാന്‍ കഴിയാതെ പോയ, തന്നില്‍ നിക്ഷിപ്തമായ പൗരുഷത്തെ പ്രകൃതിനിര്‍ദ്ദിഷ്ട രീതിയില്‍ പ്രയോഗിയ്ക്കാന്‍ കഴിയാതിരുന്ന, ഒരു പുരുഷനില്‍ പ്രയുക്തമാവാതെ കിടക്കുന്ന അസംതൃപ്തശേഷിയുടെ സമ്മര്‍ദ്ദത്തില്‍നിന്ന്‌ നിവൃത്തിനേടാന്‍ അതിനെ ലൈംഗികേതരമായ, പ്രകൃതിവിരുദ്ധമായ, രീതിയില്‍ നിഷ്ക്രമിച്ചു കളയുന്നതാണ്‌ ബലാത്സംഗം. ലൈംഗികത എന്ത്‌ എന്ന്‌ നാം കണ്ടു, ബലാത്സംഗത്തില്‍ ലൈംഗികത ഇല്ലേയില്ല, ഒരു പ്രവൃത്തിയെ അത്‌ ആക്കുന്നത്‌ അതില്‍ അടങ്ങിയിട്ടുള്ള ശരീരചേഷ്ടകളല്ല, ചെയ്യുന്നവന്‍ അതിനോട്‌ പുലര്‍ത്തുന്ന മാനസിക ഭാവമാണ്‌. ലൈംഗികബന്ധം അക്രമിയുടെ ലക്ഷ്യമല്ല. ലൈംഗികത എന്ന ഈ പദത്തേയും അതിലൂടെ ഈ വേഴ്ചയേയും ഈ വക സന്ദര്‍ഭങ്ങളിലെ അര്‍ത്ഥത്തിലേയ്ക്ക്‌ നാം തരംതാഴ്ത്തി. ഇങ്ങനെ തരംതാണ ഈ വൃത്തിയ്ക്ക്‌ ഇടംനല്‍കുന്ന ഒരു വ്യാപാരമണ്ഡലം എന്ന്‌ സ്വന്തം ജീവിതത്തെത്തന്നെ നാം തരംതാഴ്ത്തി. ലൈംഗികത എന്ന പദം ഈ താണതലത്തില്‍ അതിന്റേതല്ലാത്ത, അന്യമായ, ഉദാത്തമല്ലാത്ത, ഒരു ആവശ്യത്തിനുവേണ്ടി, പ്രയോഗിക്കുമ്പോള്‍ അതിന്റെ പവിത്രത നഷ്ടപ്പെടുന്നു, ഈ അര്‍ത്ഥതലത്തിന്‌ സമാനമായി അത്‌ പ്രതിനിധാനം ചെയ്യുന്ന വേഴ്ചയും തരംതാണ ഒരു ജീവിതാനുഷ്ഠാനമായി കണക്കാക്കപ്പെടുന്നു. നിഗൂഢമായി സാധിച്ചെടുക്കേണ്ട നൈമിഷമായ ഒരു ശരീരതല സുഖം മാത്രമായി മാറുന്നു അതിന്റെ പ്രേരണ. അതില്‍നിന്ന്‌ സാക്ഷാത്ക്കരിച്ചെടുക്കാന്‍ കഴിയുന്ന ജീവിതപ്രയോജനവും തരംതാണു. ഉന്നതതല മനുഷ്യജീവിതത്തിലേയ്ക്ക്‌ ലൈംഗികത നല്‍കിയിരുന്ന അതിമഹത്തായ സംഭാവന ലഭ്യമല്ലാതായി. അതില്‍ ഉള്‍ച്ചേര്‍ന്നിരുന്ന ഉയര്‍ന്ന സങ്കല്‍പ്പങ്ങള്‍ ആചരണം നഷ്ടപ്പെട്ട്‌ ജീവിതത്തില്‍നിന്ന്‌ പിന്‍വാങ്ങി. ഈ കണക്കിലും ജീവിതത്തിന്റെ ഗുണനിലവാരം ഇടിഞ്ഞു. നാളെയിലേയ്ക്ക്‌, കുടുംബം എന്ന സ്ഥാപനത്തിലേയ്ക്ക്‌, മാനവികതയിലേയ്ക്ക്‌ എന്നൊക്കെയുള്ള വിസ്തൃതതലങ്ങളിലേയ്ക്ക്‌ സംഭാവന ചെയ്യാന്‍ ഉദ്ദേശിച്ചുള്ള മനുഷ്യജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്ക്‌ വഹിയ്ക്കേണ്ടിയിരുന്ന ഭാര്യാ-ഭര്‍തൃബന്ധത്തിന്റെ അടിത്തറയായ, ലൈംഗികത വെറുമൊരു തൊലിപ്പുറത്തെ ഇക്കിളിസുഖത്തില്‍ ഒതുങ്ങി. ദാമ്പത്യജീവിതത്തില്‍ പങ്കാളിയെക്കൊണ്ടുള്ള പ്രയോജനം ഭൗതികമായ ജീവിതാവശ്യങ്ങളിലേയ്ക്ക്‌ ചുരുങ്ങി. ചുരുക്കിപ്പറയാം, കാലക്രമത്തില്‍ അത്‌ ജീര്‍ണിച്ച്‌ തല്‍സമയത്തെ ആവശ്യം നിര്‍വഹിച്ചുകിട്ടാനുള്ള സംവിധാനം മതി എന്ന സ്ഥിതി വന്നു. ഈ വൈകൃതത്താല്‍ നിഷേധിയ്ക്കപ്പെട്ട സംതൃപ്തി മനുഷ്യന്റെ സര്‍ഗശേഷിയ്ക്ക്‌ തിരിച്ചടിയായി. നിയന്ത്രണങ്ങളൊന്നും തനിയ്ക്ക്‌ ബാധകമല്ല എന്ന മട്ടില്‍, ഉന്നതജീവിതത്തെക്കുറിച്ചുള്ള പരിഗണനകളെല്ലാം മാറ്റിവച്ച്‌, ആരോടും ബന്ധപ്പെടാം, മറ്റേയാളുടെ സമ്മതംപോലും ഇല്ലാതെ, എന്ന സ്ഥിതി വന്നു. ഇതാണ്‌ ബലാത്സംഗം. ഇങ്ങനെയാണ്‌ സാംസ്ക്കാരികമായ അപചയം ഈ വിന വരുത്തിവച്ചത്‌. കുട്ടികളുടെ വികാസത്തിനും വളര്‍ച്ചയ്ക്കും ഒഴിവാക്കാനാവാത്ത മുതിര്‍ന്നവരുടെ സ്നേഹവാത്സല്യങ്ങള്‍, അവയുടെ പ്രകടനമായ സ്പര്‍ശ-ആലിംഗനങ്ങള്‍. ലൗകികജീവിതത്തില്‍ പ്രയോജനപ്പെടുന്ന നേട്ടങ്ങള്‍ക്കപ്പുറം കുട്ടികളിലേയ്ക്ക്‌ പകരാന്‍ മുതിര്‍ന്നവരുടെ കയ്യില്‍ അനശ്വരമായ ഒരു നിധി കൂടി ഉണ്ട്‌. അന്യര്‍ക്ക്‌ പ്രയോജനത്തിനും ഉന്നത ആശയങ്ങളുടെ ജീവിതാവിഷ്കാരത്തിനും വേണ്ടി ജീവിതത്തെ പ്രയോജനപ്പെടുത്തിയിട്ടുള്ള ത്യാഗധനരില്‍ ഈ പ്രക്രിയയില്‍ തങ്ങളുടെ അന്തര്‍മണ്ഡലങ്ങളില്‍നിന്ന്‌ കിനിഞ്ഞിറങ്ങി. കെട്ടിനില്‍ക്കുന്ന നന്മയുടെ നനവാണത്‌. ഇത്‌ വരുംതലമുറയിലേയ്ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ കഴിയുനനത്‌ ദാതാവിന്റേയും സ്വീകര്‍ത്താവിന്റേയും ഹൃദയങ്ങള്‍ അതിന്‌ യോഗ്യമായി രമ്യതയില്‍ ത്രസിച്ചുനില്‍ക്കുന്ന നിമിഷത്തില്‍, ഒരു ഉള്ളുണര്‍വിലാണ്‌. അത്‌ ഭാഷയിലൂടെ, പദങ്ങളിലൂടെ, വിവരിയ്ക്കാന്‍ കഴിയില്ല; പ്രതിഫലം ഇച്ഛിച്ച്‌ ചെയ്യുന്നതുമല്ല. ഈ ആദാന-പ്രദാന പ്രക്രിയയില്‍ പങ്കാളികളാവാന്‍ യോഗ്യതയുള്ളവര്‍ അടുത്തുവരുമ്പോള്‍ രണ്ടുപേരുടേയും ഉള്ള്‌ വിടര്‍ന്ന്‌ നടക്കുന്ന ഒരു ദ്രവ്യേതര-ആശയേതര വിനിമയം ആണത്‌. ഒരു ദിവ്യശക്തിയുടെ സാന്നിധ്യത്തില്‍, പരസ്പ്പര പൂരകങ്ങളായ ദാതൃ-സ്വീകര്‍തൃ ഭാവങ്ങളുടെ കൂട്ടിമുട്ടലില്‍ ചൈതന്യപ്രവാഹമായിട്ടാണ്‌ അത്‌ സംഭവിയ്ക്കുന്നത്‌. കുറഞ്ഞ മാത്രകളില്‍ ഇത്‌ അനേകരില്‍ സാധാരണയായും സംഭവിയ്ക്കുന്നു. ഇതിലൂടെ നമ്മുടെ സംസ്കൃതിയുടെ തന്തുക്കള്‍ അവരിലേയ്ക്ക്‌ നീളുകയാണ്‌. ചിത്തത്തിന്റെ തലത്തില്‍ രൂപം കൊള്ളുന്ന ഇത്തരം അനുഷ്ഠാനങ്ങള്‍ നമ്മില്‍ ഉണര്‍ത്തുന്ന, മനസ്സിനെ മഥിയ്ക്കുന്ന, വൈകാരിക അനുഭൂതികള്‍, ഹര്‍ഷം എന്ന ഭാവത്തില്‍നിന്ന്‌ ഉതിരുന്നവയാണ്‌. ഈ ഇന്ദ്രിയാതീതഭാവം ഇന്ദ്രിയ അനുഭവത്തിന്റെ രൂപം കൈക്കൊള്ളുകയാണിവിടെ. ഇതിന്റെ സംവേദനതലത്തിലേയ്ക്ക്‌ എത്തിപ്പെട്ടവര്‍ക്കേ ഈ ഇന്ദ്രിയാതീത അനുഭവം കിട്ടുകയുള്ളൂ. ഭാരത രാഷ്ട്രത്തിന്റെ ജീവിതദര്‍ശനം സമ്പൂര്‍ണവും സമഗ്രവുമാണ്‌. അത്‌ ഋഷിദര്‍ശനമാണ്‌. വ്യാസന്‍ മഹാഭാരതത്തിലും വാത്മീകി രാമായണത്തിലും കുറിച്ചത്‌ ജീവിതം അതിന്റെ സമ്പൂര്‍ണതയിലാണ്‌. ആധുനികന്‌ ഏകതയുടേതായ ഈ ദര്‍ശനം പിടികിട്ടുകയില്ല. കാമശാസ്ത്രം എഴുതിയ വാല്‍സ്യായനനെ സെക്സോളജിസ്റ്റും ചരകനേയും സുശ്രുതനേയും ഹെല്‍ത്ത്‌ സയന്റിസ്റ്റും കണാദനെ ന്യൂക്ലിയര്‍ സയന്റിസ്റ്റും ആയി കാണാനേ കഴിയൂ. സമയമായി നമുക്ക്‌ ഒരു ഭാരതീയ നിയമവ്യവസ്ഥ രുപപ്പെടുത്താന്‍. വി.ദേവരാജന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.