പാക്-വിന്‍ഡീസ് പരമ്പര ഇന്ന് മുതല്‍

Saturday 13 July 2013 9:16 pm IST

ഗയാന: പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമടങ്ങിയതാണ് പരമ്പര. ഇന്ത്യ, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വെസ്റ്റിന്‍ഡീസ് ഫൈനലില്‍ പ്രവേശിക്കാതെ പുറത്തായിരുന്നു. ഈ മാനക്കേടില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ക്ക് പാക്കിസ്ഥാനെതിരായ പരമ്പര വിജയിച്ചേ മതിയാവൂ.ഡ്വെയ്ന്‍ ബ്രാവോ നയിക്കുന്ന വിന്‍ഡീസ് ടീമിന്റെ ശക്തികേന്ദ്രം ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ തന്നെയാണ്. എന്നാല്‍ ഇക്കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയില്‍ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ഗെയില്‍ പൂര്‍ണ പരാജയമായിരുന്നു. അതേസമയം ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള വിന്‍ഡീസ് ടീമില്‍ നിന്ന് ദിനേശ് രാംദിനെ ഒഴിവാക്കിയിട്ടുണ്ട്. പേസ് ബൗളര്‍ രവി രാംപാലും ടീമില്‍ ഇടം പിടിച്ചിട്ടില്ല. ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിലേറ്റ പരിക്കാണ് രാംദിന് തിരിച്ചടിയായത്. എന്നാലും കരുത്തുറ്റ നിരതന്നെയാണ് വിന്‍ഡീസിനുള്ളത്. ഗെയിലിന് പുറമെ ഡാരന്‍ ബ്രാവോയും ജോണ്‍സണ്‍ ചാള്‍സും ഡെവണ്‍ സ്മിത്തും സിമണ്‍സും മികച്ച താരങ്ങളാണ്. രവി രാംപാലിന്റെ അഭാവത്തില്‍ കെമര്‍ റോച്ചാണ് ബൗളിംഗ് പടക്ക് നേതൃത്വം നല്‍കുക. ഒപ്പം സുനില്‍ നരേയ്‌ന്റെ മാന്ത്രിക സ്പിന്നും വിന്‍ഡീസിന് ഗുണം ചെയ്‌തേക്കും.മിസ്ബ ഉള്‍ ഹഖിന്റെ നേതൃത്വത്തില്‍ കരുത്തുറ്റ നിരയുമായാണ് പാക്കിസ്ഥാന്‍ വരുന്നത്. ഏറെ നാളുകള്‍ക്കുശേഷം വെടിക്കെട്ട് ബാറ്റ്‌സ്മാനും ലെഗ് സ്പിന്നറുമായ ഷാഹിദ് അഫ്രീദി ടീമില്‍ മടങ്ങിയെത്തിയത് പാക് നിരക്ക് ആത്മവിശ്വാസമേകുന്നു.  അഹമ്മദ് ഷെഹ്‌സാദും നസിര്‍ ജംഷാദും മുഹമ്മദ് ഹഫീസും ക്യാപ്റ്റന്‍ മിസ്ബയും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്. സയീദ് അജ്മലും വഹാബ് റിയാസും മുഹമ്മദ് ഇര്‍ഫാനും നേതൃത്വം നല്‍കുന്ന ബാറ്റിംഗ് നിരയും മികച്ച ഫോമിലാണ്. ഗയാനക്കെതിരെ കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.