പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കുക, ജനങ്ങളുടെ അന്നവും വെള്ളവും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ നിയമസഭയിലെ 72 എംഎല്‍എമാരും 56ഓളം മത-രാഷ്ട്രീയ-സാഹിത്യ-സാംസ്കാരിക നേതാക്കളും ഒപ്പിട്ട പ്രധാനമന്ത്രിക്കുള്ള നിവേദനവുമായി ആറന്മുളക്കാര് കവയത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ ആറന്മുള പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.
പാരിസ്ഥിതിക ഭൂമി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള വികസന നയങ്ങള്‍ ഉപേക്ഷിക്കണമെന്നും വിമാനത്താവള കമ്പനി നടത്തിയ അഴിമതികള്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രവാക്യങ്ങള്‍ മുഴക്കിയാണ് നാട്ടുകാര്‍ പ്രകടനം നടത്തിയത്. ആറന്മുള കാര്‍ഷിക സംസ്കൃതി ഇല്ലാതാക്കുന്ന നീര്‍ച്ചാലുകളും കുന്നുകളും ഇടിച്ചുനിരത്തുന്ന പദ്ധതി അനുവദിക്കുകയില്ലെന്ന് ഗ്രാമവാസികള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രകടനത്തില്‍ പങ്കുചേര്‍ന്നത്. ജസ്റ്റിസുമാരായ വി.ആര്. കൃഷ്ണയ്യര്‍, കെ.സുകുമാരന്‍, പി.കെ. ഷംസുദ്ദീന്, പി.എസ്. ഗോപിനാഥന് തുടങ്ങിയ നിയമ പണ്ഡിതരും, ഒ.എന്‍.വി. കുറുപ്പ്, എം.റ്റി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്, എം.കെ. സാനു, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, നീലംപേരൂര്‍ മധുസൂദനന് നായര്‍, പിരപ്പന്‍കോട് മുരളി, പ്രൊഫ.ഹൃദയകുമാരി തുടങ്ങിയ സാഹിത്യ നായകന്മാരും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ, ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സ്വാമി സന്ദീപാനന്ദഗിരി, തുടങ്ങിയ മതമേലദ്ധ്യക്ഷന്മാരും വി.എം. സധീരന്‍, ഒ. രാജഗോപാല്‍, എം.എ. ബേബി, സി.പി. നാരായണന്, വി. മുരളീധരന്, പന്ന്യന്‍ രവീന്ദ്രന്, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കുമ്മനം രാജശേഖരന്, എം. സ്വരാജ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും, ഡോ. വി.എസ്. വിജയന്, ഉഷാകുമാരി, റ്റി. രാധാമണി, സി.ആര്. നീലകണ്ഠന് തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
പ്രകടനത്തിനും യോഗത്തിനും ജില്ലാപഞ്ചായത്തംഗം ആര്. അജയകുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ റോയി ജോര്‍ജ്ജ്, ശശിധരന് നായര്‍, ശാന്തമ്മ ഗോപിനാഥന്, പൈതൃകഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് പി. ഇന്ദുചൂഡന്, കണ്‍വീനര്‍മാരായ പി. ആര്. ഷാജി, പ്രദീപ് അയിരൂര്‍, എന്‍.കെ. നന്ദകുമാര്‍, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ഷാജി ചാക്കോ, സി.പി.എം ലോക്കല്‍ സെക്രട്ടറി ജേക്കബ് തര്യന്, മഹിളാ സംഘം ജില്ലാ പ്രസിഡന്റ് വത്സമ്മ മാത്യു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം.എസ്. പ്രകാശ് കുമാര്‍, ആര്‍എസ്പി മണ്ഡലം സെക്രട്ടറി അഡ്വ. രാജശേഖരന് നായര്‍, ബിജെപി ജില്ലാ സെക്രട്ടറി വി.എ. സൂരജ് എന്നിവര്‍ നേതൃത്വം നല്കി.
വികലമായ വികസന നയത്തിലൂടെ പൈതൃക ഗ്രാമമായ ആറന്മുളയില് വിമാനത്താവള പദ്ധതി അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്ന ഭരണാധികാരികള്‍ക്കും കുത്തുക കമ്പിനിക്കും തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ ജനകീയ മുന്നേറ്റം. സ്ഥലം എം.എല്‍.എ. കെ. ശിവദാസന്‍ നായരുടെ ജന്മസ്ഥലമായ ഇടശ്ശേരിമലയിലെ ഭൂരിപക്ഷം ജനങ്ങളും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: