കനകധാരാ സഹസ്രനാമ സ്തോത്രം

Monday 8 August 2011 7:35 pm IST

മഹാനന്ദാ മഹാകാരാ മഹാചര്യാ മഹാശനാ മഹാലയാന്തരാവാസാ മഹോത്സാഹാ മഹാസ്പദാ മഹാനന്ദാ - മഹാ - നന്ദാ എന്നും മഹാ-ആനന്ദാ എന്നും രണ്ടുതരത്തില്‍ ഈ പദത്തെ പിരിക്കാം. രണ്ടായാലും അര്‍ത്ഥത്തിന്‌ വലിയ വ്യത്യാസമില്ല. നന്ദാ എന്നത്‌ ദുര്‍ഗ്ഗാദേവിയുടെ ഒരു പര്യായവുമാണ്‌. ഈ അര്‍ത്ഥം സ്വീകരിച്ചല്‍ ശ്രേഷ്ഠയായ ദുര്‍ഗ്ഗാദേവിയായി രൂപം ധരിച്ചവള്‍ എന്നു വ്യഖ്യാനം. മഹത്തായ ആനന്ദം രൂപമായവള്‍. ഇന്ദ്രിയങ്ങള്‍ക്ക്‌ സുഖകരമായി തോന്നുന്ന അനുഭൂതിയെ ആനന്ദമെന്ന്‌ സാമാന്യവ്യവഹാരത്തില്‍ പറയും. ആകര്‍ഷകമായ രൂപം, സ്പര്‍ശം, കേള്‍വി, ഗന്ധം, രുചി എന്നിവയില്‍ നിന്നുകിട്ടുന്നു സുഖം. ഇത്‌ താല്‍ക്കാലികമാണ്‌. ദുഃഖവും നിരാശയും ഇതുമായി ബന്ധപ്പെട്ട്‌ അനുഭവിക്കേണ്ടിവരും. ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദം ഇന്ദ്രിയവിഷയങ്ങളുമായി ബന്ധപ്പെടാത്തതാണ്‌. ധ്യാനമനനാദികളില്‍ നിന്ന്‌ ലഭിക്കുന്ന ആനന്ദം, അന്യന്റെ നന്മയില്‍ ആഹ്ലാദിക്കുന്ന സേവനത്തില്‍ നിന്നു ലഭിക്കുന്ന സ്വാര്‍ത്ഥതയില്ലാത്ത ആനന്ദം എന്നിവ. ഈ അനന്ദത്തെ മഹാനന്ദം എന്നുപറയാം. മഹാനന്ദം രൂപമായവള്‍ മഹാനന്ദാ. മഹാകാരാ - ശ്രേഷ്ഠമായ ആകാരമുള്ളവള്‍. ഈ പ്രപഞ്ചം മൊത്തത്തില്‍ ദേവിയുടെ രൂപമാണ്‌. ആകാശവും ഭൂമിയും ഭൂമിയിലെ സമുദ്രങ്ങളും നദികളും പര്‍വ്വതകളും സമതലങ്ങളും വിളനിലങ്ങളും മരുഭൂമികളും മരങ്ങളും ചെടികളും മൃഗപക്ഷികളും മനുഷ്യരും ഒക്കെ ചേര്‍ന്ന ബൃഹത്തായ ആകാരത്തിന്റെ മഹത്ത്വം വിവരിക്കാനാവില്ല. ഒപ്പം ഓരോ ഇലയിലും പൂവിലും ശിശുവിലും സ്ത്രീയിലും പുരുഷനിലും ഓരോ മണല്‍ത്തരിയിലും മറ്റും വേറിട്ടുകാണുന്ന ആകാരഭംഗിയും മഹാത്മാവും മഹത്താണ്‌. മഹത്തായായ ആകാരമുള്ളവള്‍ എന്നു സംഗ്രഹിക്കാം. മഹാചര്യാ - മഹത്തായചര്യ ആയവള്‍ ചര്യാ എന്നതിന്‌ പെരുമാറ്റം, നടപടി, ആചാരം, കീഴ്‌വഴക്കം എന്ന്‌ അര്‍ത്ഥങ്ങള്‍ ശ്രേഷ്ഠമായ പെരുമാറ്റവും ആചാരവും മറ്റ്‌ ദേവീരൂപമാണ്‌. മഹാശനാ - മഹത്തായ അശനമുള്ളവള്‍. പ്രളയകാലത്ത്‌ സൃഷ്ടിച്ച എല്ലാത്തിനെയും ദേവി തന്നില്‍ ലയിപ്പിക്കും. എല്ലാത്തിനെയും ഭക്ഷിക്കും എന്ന്‌ ആലങ്കാരികമായി പറയാം. എല്ലാത്തിനെയും തിന്നുന്നവള്‍. 'അശനാ' എന്ന പദത്തിന്‌ വിശപ്പ്‌ എന്നര്‍ത്ഥമുണ്ട്‌. മഹത്തായ വിശപ്പുള്ളവള്‍ എന്നുപറഞ്ഞാലും മുന്‍പറഞ്ഞ അര്‍ത്ഥം തന്നെ. മഹാലയാന്തരാവാസാ - മഹാലയത്തിനുള്ളില്‍ വസിക്കുന്നവള്‍. മഹാലയത്തിന്‌ ബ്രഹ്മലോകം എന്നര്‍ത്ഥമുണ്ട്‌. ബ്രഹ്മലോകത്തില്‍ മഹാസരസ്വതീരൂപത്തില്‍ സ്ഥിതിചെയ്യുന്നവള്‍. മഹാലയത്തിന്‌ ക്ഷേത്രം എന്നര്‍ത്ഥം. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാമൂര്‍ത്തിയായി സ്ഥിതിചെയ്ത്‌ ഭക്തരെ അനുഗ്രഹിക്കുന്നവള്‍. ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത്‌ ദേവിയോ ദേവനോ ആയാലും ക്ഷേത്ര ചൈതന്യമായി വര്‍ത്തിക്കുന്നതു ദേവിതന്നെയാണെന്ന്‌ ശാക്തേയമതം. മഹാലയം മനുഷ്യശരീരമാണെന്നും അഭിപ്രായം. ക്ഷേത്രരൂപമായ ശരീരത്തില്‍ ജീവാത്മാവായി സ്ഥിതി ചെയ്യുന്നവള്‍ എന്ന്‌ ഈ പക്ഷത്തില്‍ വ്യാഖ്യാനം. മഹോത്സാഹാ - ശ്രേഷ്ഠമായ ഉത്സാഹമുള്ളവള്‍. ഉത്സാഹത്തിന്‌ ഉദ്യമം, ക്ഷീണിക്കാത്ത പ്രയത്നം എന്ന്‌ മുഖ്യമായ അര്‍ത്ഥം. സൃഷ്ടി ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഉല്‍പത്തി, വളര്‍ച്ച, ക്ഷയം, നാശം എന്നിവ ജീവനുള്ളവയ്ക്കും ഇല്ലാത്തവയ്ക്കും ബാധകമാകത്തക്കവണ്ണം സംവിധാനം ചെയ്ത്‌ നടപ്പിലാക്കുന്ന മഹാദേവിയുടെ മഹത്തായ ഉത്സാഹത്തെ നാമം സ്മരിക്കുന്നു. ഉത്സാഹത്തിന്‌ സന്തോഷം, താല്‍പര്യം, സ്ഥിരനിശ്ചയം, ഉറപ്പ്‌, ശക്തി എന്നീ അര്‍ത്ഥങ്ങളുമുണ്ട്‌. ഈ അര്‍ത്ഥങ്ങളുമായി ബന്ധപ്പെടുത്തിയും നാമത്തെ വ്യാഖ്യാനിക്കാം. മഹാസ്പദാ - ശ്രേഷ്ഠമായ ആസ്പദമായവള്‍. ആസ്പദത്തിന്‌ ആശ്രയം, ആധാരം എന്നര്‍ത്ഥം. ഈ ലോകത്തിന്‌ തന്നെ ആശ്രയവും ആധാരവുമാണ്‌ ദേവി. ഇരിപ്പിടം, വാസസ്ഥാനം എന്നും ആസ്പദത്തിന്‌ അര്‍ത്ഥമുണ്ട്‌. മഹാസ്പദാ എന്നതിന്‌ ശ്രേഷ്ഠമായ ആസ്പദം ഉള്ളവള്‍ എന്നും അര്‍ത്ഥമാകാം. മഹാലക്ഷ്മിയുടെ വാസസ്ഥാനം വൈകുണ്ഠമാണ്‌. ദുഃഖത്തിന്‌ പ്രവേശനമില്ലാത്ത വൈകുണ്ഡത്തില്‍ വസിക്കുന്നവള്‍. ദേവിയുടെ ഒരു രൂപമായ രാധ ശ്രീകൃഷ്ണനോടൊപ്പം ഗോലോകത്താണ്‌ വസിക്കുന്നത്‌. ഇതിനെക്കാളൊക്കെ ദേവി ഇഷ്ടപ്പെടുന്ന വാസസ്ഥാനം മഹാവിഷ്ണുവിന്റെ വക്ഷഃസ്ഥലമാണ്‌. ദേവിക്ക്‌ ഇഷ്ടപ്പെട്ട മറ്റൊരിടം ഭക്തന്റെ മനസ്സാണ്‌. മഹാക്ഷേത്രങ്ങളെയും ദേവിയുടെ ആസ്പദങ്ങളായി പറയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.