അധികാരം നിലനിര്‍ത്താന്‍ ചൈനീസ്‌ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന്‌

Monday 8 August 2011 9:35 pm IST

ന്യൂയോര്‍ക്ക്‌: ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോ തന്റെ പദവി നിലനിര്‍ത്താന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി പദവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗത്വവും നിലനിര്‍ത്താനാണ്‌ ഒരു ദശാബ്ദമായി രാജ്യത്തെ ഏറ്റവും ജനകീയനെന്ന്‌ അറിയപ്പെടുന്ന പ്രധാനമന്ത്രി കഠിനമായ പരിശ്രമം നടത്തുന്നതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെളിപ്പെടുത്തി. ചൈനയിലെ രാഷ്ട്രീയ ഉദാരവല്‍ക്കരണത്തിന്റെ വക്താവായിരുന്ന ജിയാബോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒമ്പതംഗ പോളിറ്റ്‌ ബ്യൂറോയില്‍ ഏകനായിരുന്നു. പ്രസിഡന്റ്‌ ഹു ജിന്റാവോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഒന്നിലേറെ തവണ എതിര്‍ത്തിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ തീവ്രവാദികള്‍ പാര്‍ട്ടിയുടെ നിയന്ത്രണം കയ്യടക്കുകയാണെന്നും രാഷ്ട്രീയ പരിഷ്ക്കാരങ്ങളെ പിന്തുണക്കുന്ന പ്രധാനമന്ത്രിയുടെ സ്വാധീനം അതിനാല്‍ കുറഞ്ഞുവരികയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയടുത്തകാലത്ത്‌ 40 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകട സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാമെന്ന്‌ വാക്കുകൊടുത്തിരുന്നു. എന്നാല്‍ എതിര്‍പ്പുമൂലം ഈ വാഗ്ദാനം ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷം റെയില്‍വേയിലെ അഴിമതിയെക്കുറിച്ചും മറ്റു കുഴപ്പങ്ങളെക്കുറിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനെതിരെ വിലക്കുകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ട്രെയിന്‍ അപകടത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സംഘത്തില്‍ റെയില്‍വേ മന്ത്രിയുടെ അടുത്ത ആശ്രിതര്‍ തന്നെയായിരുന്നു. പ്രധാനമന്ത്രി തന്റെ ശ്രോതാക്കളുമായി നേരിട്ട്‌ സംവാദത്തിന്‌ ശ്രമിക്കുന്നത്‌ പല രഹസ്യങ്ങളും ജനങ്ങളിലേക്കെത്തിക്കുമെന്ന്‌ പോളിറ്റ്‌ ബ്യൂറോ ഭയപ്പെടുന്നതായി ഔദ്യോഗിക മാധ്യമത്തിന്റെ ഒരു എഡിറ്റര്‍ അഭിപ്രായപ്പെട്ടതായി 'ടൈം' പറയുന്നു. അധികാര വടംവലിയില്‍ തഴയപ്പെടുന്ന വെന്‍ തന്റെ അനുയായികള്‍ പോലും സഹായിക്കാനില്ലാത്ത അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുന്നു. എട്ടുവര്‍ഷം മുമ്പ്‌ പ്രധാനമന്ത്രിയായപ്പോള്‍ പ്രസംഗങ്ങളിലൂടെ അവര്‍ക്ക്‌ പ്രതീക്ഷ നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നുവെന്ന്‌ വെയ്ഫെങ്ങ്‌ എന്ന ബെയ്ജിങ്ങിലെ ഒരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടതായി പത്രം ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇപ്പോള്‍ എട്ട്‌ കൊല്ലം കഴിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയുടെ കാലാവധി അവസാനിക്കാറായി. അദ്ദേഹത്തിന്‌ മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള മനഃശക്തി ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന്‌ സംശയമാണ്‌. പക്ഷേ പാരമ്പര്യവാദികളെ എതിര്‍ക്കുന്നതില്‍ അദ്ദേഹം പുരോഗതി നേടിയിട്ടില്ല, ഫെങ്ങ്‌ തുടര്‍ന്നു. അടുത്തുതന്നെ വിരമിക്കാനിരിക്കെ ഇത്തരമൊരു പരിഷ്ക്കാരത്തിനൊന്നും പ്രധാമന്ത്രി മുതിരാന്‍ സാധ്യതയില്ലെന്ന്‌ പത്രം ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യവാദികള്‍ക്ക്‌ ഇപ്പോഴും പോളിറ്റ്‌ ബ്യൂറോയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുന്നുണ്ടെന്നും പത്രം തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.