ചൈനയുടെ ആധിപത്യത്തില്‍ നിന്ന്‌ ടിബറ്റിനെ മോചിപ്പിക്കുമെന്ന്‌ സാംഗായ്‌

Monday 8 August 2011 9:37 pm IST

ധര്‍മശാല: ചൈനയുടെ ആധിപത്യത്തില്‍നിന്ന്‌ മാതൃരാജ്യത്തെ രക്ഷിക്കുമെന്ന്‌ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ലോബ്‌ സാങ്ങ്‌ സാംഗായ്‌ പ്രഖ്യാപിച്ചു. നാല്‍പ്പത്തി മൂന്നുകാരനായ ഈ ഹാര്‍വാര്‍ഡ്‌ പണ്ഡിതന്‍ ഇന്നലെയാണ്‌ സ്ഥാനമേറ്റത്‌. ടിബറ്റന്‍ മുന്നേറ്റങ്ങള്‍ ഇവിടെ നിലനില്‍ക്കുമെന്നും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും ഇന്ത്യന്‍ പര്‍വത നഗരമായ ധര്‍മശാലയിലെ വര്‍ണാഭമായ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയ്‌ മാസത്തില്‍ 76 കാരനായ ദലൈലാമ ഉപേക്ഷിച്ച രാഷ്ട്രീയ നേതൃത്വമാണ്‌ മതനേതാവല്ലാത്ത, പുതിയ പ്രധാനമന്ത്രി ഏറ്റെടുത്തത്‌. ഇദ്ദേഹമാകട്ടെ ഇതുവരെ ടിബറ്റില്‍ കാലുകുത്തിയിട്ടുമില്ല. 1959-ല്‍ നാടുവിടേണ്ടി വന്ന നൊബേല്‍ സമ്മാനാര്‍ഹനായ ദലൈലാമയുടെ ജീവിതാന്ത്യത്തോടെ ടിബറ്റിനായുള്ള സമരം അവസാനിക്കുമെന്ന ആശങ്കകള്‍ക്ക്‌ വിരാമമിട്ടുകൊണ്ടാണ്‌ പുതിയ നേതാവ്‌ തന്റെ പ്രസംഗം ആരംഭിച്ചത്‌. ഏപ്രിലില്‍ നടന്ന തന്റെ തെരഞ്ഞെടുപ്പ്‌ ചൈന സര്‍ക്കാരിലെ തീവ്രവാദികള്‍ക്കേറ്റ കനത്ത ആഘാതമാണെന്ന്‌ ലോബ്‌ സാങ്ങ്‌ സാംഗായ്‌ ചൂണ്ടിക്കാട്ടി. ടിബറ്റിന്‌ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ മുന്നേറ്റം തുടരും. പക്ഷേ തങ്ങളുടെ സമരം ചൈനയെന്ന രാഷ്ട്രത്തോടൊ അവിടത്തെ ജനങ്ങളോടൊ അല്ല. ടിബറ്റില്‍ ചൈനീസ്‌ ഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടിയോടെയുള്ള നയങ്ങളെയാണ്‌ എതിര്‍ക്കുന്നത്‌. ടിബറ്റിലെ ജനതയുടെ സ്വാതന്ത്ര്യവും നീതിയും അന്തസ്സും അവരുടെ സ്വത്വവും നിഷേധിക്കുന്നവരാണ്‌ തങ്ങളുടെ എതിരാളികള്‍. ടിബറ്റില്‍ ജനാധിപത്യമില്ല. കോളനി വാഴ്ചയാണ്‌. ടിബറ്റിലെ ചൈനയുടെ ഭരണം അനീതിയാണ്‌, അദ്ദേഹം തുടര്‍ന്നു. ടിബറ്റന്‍ യൂത്ത്‌ കോണ്‍ഗ്രസിലെ അംഗത്വവും ചെറുപ്പത്തിന്റെ ചുറുചുറുക്കുംകൊണ്ട്‌ ടിബറ്റിന്റെ പൂര്‍ണസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സാംഗായ്ക്കു കഴിയുമെന്ന്‌ കരുതപ്പെടുന്നു. ചൈനയുടെ കീഴില്‍ത്തന്നെയുള്ള അര്‍ത്ഥപൂര്‍ണമായ സ്വാതന്ത്ര്യവും അക്രമരഹിതമായ മധ്യമാര്‍ഗവും സ്വീകരിക്കണമെന്ന്‌ ആമുഖപ്രസംഗത്തില്‍ സാംഗായ്‌ വ്യക്തമാക്കി. അധികാര കൈമാറ്റം പ്രധാനമന്ത്രിയെ കൂടുതല്‍ കരുത്തനാക്കുമ്പോഴും അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍ വളരെയാണ്‌. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഡാര്‍ജിലിംഗിന്‌ സമീപം ജനിച്ചുവളര്‍ന്ന സാംഗായ്‌ ദല്‍ഹി സര്‍വകലാശാല പഠനത്തിനുശേഷമാണ്‌ ഹാര്‍വാര്‍ഡ്‌ നിയമ സ്കൂളില്‍നിന്ന്‌ ബിരുദം നേടിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.