സിറിയയിലേത്‌ കുട്ടിക്കളിയല്ല

Monday 8 August 2011 9:49 pm IST

ലോകത്തിലെ പല രാജ്യങ്ങളിലും വിവിധ തരത്തിലുള്ള അക്രമങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. അതതിടങ്ങളിലെ ഭരണാധികാരികള്‍ക്കെതിരെ ജനരോഷം എങ്ങും ഉയരുകയാണ്‌. അതിനെ അടിച്ചമര്‍ത്താന്‍ വിവിധ തരത്തിലുള്ള മാര്‍ഗങ്ങള്‍ പ്രയോഗിക്കുവാന്‍ സര്‍ക്കാരുകള്‍ മടികാണിക്കുന്നുമില്ല. പ്രത്യേകിച്ച്‌ മധ്യപൂര്‍വദേശത്ത്‌ നടന്നുകൊണ്ടിരിക്കുന്ന ജനകീയ വിപ്ലവങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ക്രോധാഗ്നിയില്‍ നിന്നുയരുകയാണ്‌. തൊട്ടടുത്ത രാജ്യങ്ങളില്‍ കാണുന്ന വിജയങ്ങളാണ്‌ അവരെ മദോന്മത്തരാക്കുന്നത്‌. അതിനാല്‍ തന്നെ പല ഭരണകൂടങ്ങളും അപ്രതീക്ഷിതമായി തകരുകയാണ്‌. നോക്കിയിരിക്കെ സര്‍ക്കാരുകള്‍ പതിച്ചുകൊണ്ടിരിക്കുന്നു. തുടക്കം ടുണീഷ്യയില്‍ ആയിരുന്നെങ്കില്‍ മറ്റിടങ്ങളിലേക്ക്‌ പടര്‍ന്നുപിടിക്കാന്‍ ഏറെസമയം വേണ്ടിവന്നില്ല. അത്‌ ഈജിപ്തിലൂടെ യെമനിലും സിറിയയിലും എത്തിനില്‍ക്കുകയാണ്‌. ഇത്‌ അവിടുത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അടങ്ങാത്ത തൃഷ്ണയാണ്‌ പ്രകടിപ്പിക്കുന്നത്‌. ഏറ്റവും ഒടുവിലായി സിറിയയില്‍ നാള്‍ക്കുനാള്‍ പ്രക്ഷോഭം കത്തിപ്പടരുകയാണ്‌. കേവലം പതിനഞ്ചോളം കുട്ടികള്‍ ആരംഭിച്ച വിപ്ലവമാണ്‌ പടര്‍ന്നുപിടിച്ചിട്ടുള്ളത്‌. കുട്ടികള്‍ അല്ലെ എന്ന നിലക്ക്‌ തുടക്കത്തില്‍ അതിന്‌ ആരും ഗൗരവം നല്‍കിയില്ല. അത്‌ ഇന്നല്ലെങ്കില്‍ നാളെ അവസാനിച്ചേക്കും എന്നാണ്‌ ഭരണാധികാരികള്‍ കരുതിയത്‌. അതിത്രവേഗം ജനങ്ങള്‍ കൈയിലെടുക്കുമെന്ന ഒരു ധാരണ അവര്‍ക്കുണ്ടായില്ല. ഭരണമാറ്റം എന്നത്‌ ആര്‍ക്കും സ്വപ്നം കാണാവുന്ന ഒന്നാണല്ലോ. കമ്യൂണിസമായാലും സോഷ്യലിസമായാലും ഏകാധിപത്യമോ സ്വേച്ഛാധിപത്യമോ ആകട്ടെ, കുറച്ചുകാലം തുടര്‍ന്നാല്‍ ഒരു പരിധി വിട്ട്‌ നീങ്ങുന്നുവെന്ന്‌ തോന്നിയാല്‍ ജനങ്ങള്‍ സര്‍വസന്നാഹങ്ങളുമായി രംഗത്തിറങ്ങുമെന്നതില്‍ സംശയമില്ല. അതിന്‌ നമ്മുടെ മുമ്പില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്‌. ആ കൊടുംകാറ്റില്‍ വീണുടഞ്ഞ സ്വപ്നങ്ങള്‍ എത്രയാണ്‌? സര്‍ക്കാരുകള്‍ എത്രയാണ്‌? തോക്കിന്‍കുഴലിലൂടെ അവയെ നേരിടുകയും പരാജയം സംഭവിക്കുകയും ചെയ്തിട്ടും അതില്‍ നിന്ന്‌ പാഠം പഠിക്കാത്തവരുമുണ്ട്‌. പക്ഷെ ജനങ്ങള്‍ ഇതിനെയെല്ലാം വെല്ലുവിളിച്ച്‌ അണപൊട്ടിയൊഴുകുമ്പോള്‍ സര്‍ക്കാരുകള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരികയാണ്‌. സൂചിപ്പിച്ചുവന്നത്‌ സിറിയയില്‍ കുട്ടികള്‍ തുടങ്ങിവെച്ച വിപ്ലവത്തിന്റെ നാമ്പ്‌ ജനങ്ങള്‍ ഏറ്റെടുത്തപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന സര്‍ക്കാരിനെയാണ്‌. കുട്ടികള്‍ എഴുതിയ ചുമരെഴുത്തിന്റെ ഗൗരവം ദര്‍അ സംസ്ഥാനത്തെ ഗവര്‍ണര്‍ ഉള്‍ക്കൊണ്ടു. അതിനി ആവര്‍ത്തിക്കരുതെന്നതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെപ്പിടിച്ച്‌ ജയിലിലടച്ചു. കുട്ടികള്‍ ഇരുമ്പഴിക്കുള്ളിലായതോടെ ജനം സടകുടഞ്ഞെഴുന്നേറ്റു. കണ്ണില്‍ക്കണ്ടതെല്ലാം തകര്‍ത്തു. അതില്‍ സര്‍ക്കാര്‍-സ്വകാര്യസ്ഥാപന വ്യത്യാസം ഉണ്ടായില്ല. നിത്യേനയെന്നോണം തെരുവുകള്‍ പ്രക്ഷോഭത്തിന്റെ വിളഭൂമിയായി മാറി. ഇതൊരിക്കലും ഗവര്‍ണര്‍ പ്രതീക്ഷിച്ച നടപടിയല്ല. എന്തിനധികം, സര്‍ക്കാര്‍ ഓഫീസുകള്‍, കോടതികള്‍ എന്നിവപോലും തീവെച്ചു തകര്‍ത്തു. പിടിച്ചാല്‍ കിട്ടാത്ത സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ വഴുതിവീഴുന്നുവെന്ന്‌ സിറിയന്‍ പ്രസിഡന്റിന്‌ മനസിലായി. അതില്‍ പ്രശ്നത്തെ എങ്ങനെയെങ്കിലും തണുപ്പിക്കുകയെന്ന നയമാണ്‌ അദ്ദേഹം കൈക്കൊണ്ടത്‌. അതിനുവേണ്ടി കുട്ടികളെയെല്ലാം തന്നെ നിരുപാധികം മോചിപ്പിച്ചു. പക്ഷെ അതുകൊണ്ടും ജനരോഷം നിര്‍ത്താനായില്ല. തുടര്‍ന്ന്‌ ഗവര്‍ണറെയും പിരിച്ചുവിട്ടു. എന്നിട്ടും പ്രക്ഷോഭം അടങ്ങിയില്ലെന്നു മാത്രമല്ല, പതിന്മടങ്ങ്‌ ശക്തിയാര്‍ജിക്കുകയാണുണ്ടായത്‌. സിറിയയുടെ തെക്കുഭാത്ത്‌ നിന്നും ആരംഭിച്ച്‌ പതുക്കെപ്പതുക്കെ മറ്റിടങ്ങളിലേക്ക്‌ നീങ്ങിത്തുടങ്ങി. ജനങ്ങള്‍ സര്‍ക്കാരുകളുമായി ഏറ്റുമുട്ടുന്നതിന്റെ രീതിയും ഭാവവും മാറി. പ്രശ്നം ഗൗരവമായതോടെ പ്രക്ഷോഭകര്‍ക്ക്‌ നേരെ പോലീസ്‌ വെടിയുതിര്‍ക്കാന്‍ തുടങ്ങി. നിത്യേനയെന്നോണം തെരുവുകളില്‍ വീഴുന്നവരുടെ എണ്ണത്തിന്‌ കണക്കില്ലാതായി. ഇത്‌ വാര്‍ത്താമാധ്യമങ്ങള്‍ പെരുപ്പിച്ച്‌ കാട്ടുകയാണെന്നാരോപിച്ച്‌ അവക്കെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു മാറ്റത്തിനുവേണ്ടി ദാഹിക്കുന്ന ജനതയുടെ മുഖമാണ്‌ സിറിയയില്‍ കാണുന്നത്‌. മറ്റ്‌ മധ്യപൂര്‍വദേശങ്ങളില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ല സിറിയക്കും. തൊഴിലില്ലാത്തവരുടെ എണ്ണം ലക്ഷക്കണക്കാണ്‌. സാമ്പത്തികമായും ജനങ്ങള്‍ ഞെരിഞ്ഞമരുകയാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ക്കുണ്ടായ അതേഗതിയാണ്‌ സിറിയക്കുണ്ടായത്‌. സാമ്പത്തിക വളര്‍ച്ചയുണ്ടായില്ലെന്ന്‌ മാത്രമല്ല, മുരടിപ്പാണ്‌ അവിടെ അനുഭവപ്പെട്ടു തുടങ്ങിയത്‌. ഇതിനെ തോക്കിന്‍കുഴലിലൂടെ നേരിടാമെന്നാണ്‌ സര്‍ക്കാര്‍ കണക്കുകൂട്ടിയത്‌. പക്ഷെ അത്‌ പരിപൂര്‍ണമായും പാളുകയായിരുന്നു. രാജ്യത്തെ ആളോഹരിവരുമാനം വളരെ കുറവായിരുന്നു. വിപ്ലവത്തെ നിലക്കുനിര്‍ത്താന്‍ പ്രസിഡന്റ്‌ ഘട്ടം ഘട്ടമായി വിവിധ തരത്തിലുള്ള നടപടികള്‍ കൈക്കൊണ്ടു. പ്രധാനമന്ത്രിയെ മാറ്റുകയും പുതിയ ആളെ നിയമിക്കുകയും രാജ്യത്ത്‌ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു. പക്ഷെ ഇതൊന്നും തന്നെ ഗുണകരമായില്ലെന്നാണ്‌ പിന്നീടുള്ള ദിവസങ്ങള്‍ കാണിച്ചത്‌. ഇതിനിടെ അന്താരാഷ്ട്രതലത്തില്‍ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും സിറിയയില്‍ സൈന്യം അടിച്ചമര്‍ത്തല്‍ നടപടി തുടരുകയാണ്‌. കഴിഞ്ഞ ദിവസം റംസാന്‍ പ്രാര്‍ഥനക്ക്‌ ശേഷം മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക്‌ നേരെയാണ്‌ സൈന്യം ആക്രമണം നടത്തിയത്‌. റംസാന്‍ തുടങ്ങിയതിന്‌ ശേഷം മാത്രം ഇരുനൂറോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ജനങ്ങളെ നിര്‍ദയം അടിച്ചമര്‍ത്തുന്നതില്‍ യാതൊരു മനുഷ്യത്വപരമായ നടപടിയും ഇല്ലാത്തതില്‍ ഐക്യരാഷ്ട്രസഭ ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയിരിക്കുകയാണ്‌. സിറിയയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്ക്‌ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്‌. സ്വന്തം ജനങ്ങള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കാന്‍ അദ്ദേഹം പ്രസിഡന്റ്‌ അല്‍ അസദിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സിറിയയില്‍ അനുദിനം സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന കാര്യം യുഎന്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്‌. അക്രമം അവസാനിപ്പിക്കുകയും സമാധാനം കൊണ്ടുവരണമെന്നുമാണ്‌ യുഎന്നിന്റെ നിലപാട്‌. സിറിയയില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച്‌ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ്‌ ബാന്‍ കീ മൂണ്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. സിറിയന്‍ പ്രസിഡന്റ്‌ അസദുമായി ചര്‍ച്ച ചെയ്ത്‌ അവിടുത്തെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുവാനാണ്‌ മൂണിന്റെ തീരുമാനം. സിറിയയില്‍ നടന്നുവരുന്ന എല്ലാ കാര്യങ്ങളും അവലോകനം ചെയ്ത്‌ യുഎന്നില്‍ അദ്ദേഹം അവതിരിപ്പിക്കും. അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. സിറിയയില്‍ ജനങ്ങളുടെ ഇംഗിതത്തിനനുസരിച്ചുള്ള ഒരു സര്‍ക്കാര്‍ കൊണ്ടുവരണമെന്നാണ്‌ രക്ഷാസമിതിയുടെ ആവശ്യം. അതിനാല്‍ തന്നെ നാശത്തിന്റെ പാതയില്‍ നിന്ന്‌ ജനങ്ങള്‍ പിന്തിരിയണമെന്നും അവര്‍ ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. ജനങ്ങളുടെ ഇംഗിതം അവര്‍ മനസിലാക്കിയിട്ടുണ്ടെന്നാണ്‌ ഇതില്‍ നിന്നും കരുതേണ്ടത്‌. രക്ഷാസമിതിയുടെ ഇടപെടല്‍ കൊണ്ട്‌ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകുമെന്ന്‌ പ്രതീക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.