മുസിരിസ്സും മുന്‍വിധികളും

Monday 8 August 2011 9:51 pm IST

പുരാതത്വശാസ്ത്രം ഗഹനവും വിരസവുമായ വിഷയമാകാം. എന്നാല്‍ ഡോ.രാമചന്ദ്രന്‍ നാഗസ്വാമി സ്കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയിലും എന്തിന്‌, തമിഴ്‌നാട്ടിലെ സാധാരണക്കാര്‍ക്കിടയില്‍പോലും അതിനെ താല്‍പ്പര്യമുള്ള വിഷയമാക്കി മാറ്റി. കാരണം പുരാവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കാന്‍ കഴിയുക സര്‍ക്കാരിനോ ആര്‍ക്കിയോളജിസ്റ്റുകള്‍ക്കോ അല്ല മറിച്ച്‌ സാധാരണജനങ്ങളുടെ നിത്യശ്രദ്ധയിലും അവര്‍ക്കതിനോട്‌ താല്‍പ്പര്യവും ബഹുമാനവും ഉണ്ടാകുന്നതിലൂടെയുമാണെന്ന്‌ അദ്ദേഹത്തിന്‌ അനുഭവത്തിലൂടെ അറിയാം. അങ്ങനെ പതിനായിരക്കണക്കിന്‌ കലാലയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളേജിനും വീടിനുമടുത്തുള്ള ചരിത്രസ്മാരകങ്ങളും സ്ഥലങ്ങളും സംരക്ഷിക്കുന്നതിലും വൃത്തിയോടെ സൂക്ഷിക്കുന്നതിലും ശ്രദ്ധവെക്കുന്നു. പത്ത്‌ പൈസ വിലയില്‍, വര്‍ത്തമാന പത്രങ്ങളുടെ രൂപത്തില്‍ ചരിത്രസ്മാരകങ്ങളെക്കുറിച്ച്‌ അദ്ദേഹംതയ്യാറാക്കിയ ലഘുലേഖകള്‍ക്ക്‌ തമിഴ്‌നാട്ടില്‍ ഏറെ പ്രചാരമുണ്ട്‌. സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും ഭാരതീയ കലകളില്‍ ഗവേഷണ ബിരുദവുമുള്ള ഡോ.നാഗസ്വാമി ആര്‍ക്കിയോളജി, ആര്‍ക്കിടെക്ചര്‍, സാഹിത്യം, പുരാലിഖിതം, നാണയശാസ്ത്രം, ക്ഷേത്രസങ്കല്‍പ്പം, ദക്ഷിണേന്ത്യന്‍ സംഗീതവും നൃത്തവും എന്നീ മേഖലകളിലെല്ലാം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്‌. 1963 മുതല്‍ 65 കാലഘട്ടത്തില്‍ തമിഴ്‌നാട്‌ ആര്‍ക്കിയോളജി വകുപ്പില്‍ അസി.സ്പെഷല്‍ ഓഫീസര്‍ ആയി നിയമിക്കപ്പെട്ട ഇദ്ദേഹം 1966 മുതല്‍ 1988 വരെ സംസ്ഥാന ആര്‍ക്കിയോളജി ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പുഗലൂരിലെ ചേരലിഖിതങ്ങള്‍, ചോളസാമ്രാജ്യത്തിന്റെ ആസ്ഥാനമായ ഗംഗൈകൊണ്ട ചോളപുരം, 17-ാ‍ം നൂറ്റാണ്ടിലെ തിരുമലൈ നായ്ക്കന്റെ മധുര കൊട്ടാരം, ട്രാന്‍ക്യു ബാറിലെ ഡാനിഷ്‌ തുറമുഖം, പങ്കുലം കുറിച്ചിയിലെ വീരപാണ്ഡ്യകട്ടബൊമ്മന്റെ കൊട്ടാരം തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഖാനനം ചെയ്യുന്നതിലും സംരക്ഷിക്കുന്നതിലും മുഖ്യ പങ്ക്‌ വഹിച്ചത്‌ നാഗസ്വാമിയായിരുന്നു. പൂച്ചുഹാര്‍ തീരപ്രദേശത്തെ ആദ്യത്തെ അന്തര്‍പര്യവേക്ഷണത്തിന്റെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. തമിഴ്‌നാട്‌ ആര്‍ക്കിയോളജി വകുപ്പിന്റെ വികാസത്തിന്‌ മുന്‍കൈയെടുത്ത ഡോ.നാഗസ്വാമി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 മ്യൂസിയങ്ങള്‍ സ്ഥാപിച്ചു. ചരിത്രവസ്തുതകളെ ആസ്പദമാക്കി ഇദ്ദേഹം രചിച്ച നൃത്തസംഗീത ആവിഷ്ക്കാരങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. ലോകപ്രശസ്തമായ ചിദംബരം നാട്യാഞ്ജലി ആഘോഷം ആരംഭിക്കുന്നതില്‍ കപിലവാത്സ്യായനോടൊപ്പം മുഖ്യ പങ്കുവഹിക്കുകയും അതിന്റെ ഫൗണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കരൂര്‍, അലന്‍കുളം, കോര്‍കൈ, ഗംഗൈകൊണ്ട ചോളപുരം എന്നിവിടങ്ങളിലെ ഖാനനത്തിന്‌ നേതൃത്വം കൊടുത്ത ഇദ്ദേഹം ആര്‍ക്കിയോളജി, കല, നാണയശാസ്ത്രം തുടങ്ങിയ മേഖലകളില്‍ 120 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ചരിത്രം കേരളത്തില്‍ എന്നും ഒരു വിവാദവിഷയമാണ്‌. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അതിന്റെ തുടക്കം മുതലേ വിവാദച്ചുഴിയിലും. 2007 മുതല്‍ 2011 വരെ നടന്ന പട്ടണം ഉത്ഖനനം ഏതാണ്ടതേ വഴിയില്‍ത്തന്നെ. ദക്ഷിണ ഭാരതത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ തക്ക ഖാനനമാണ്‌ പട്ടണം ഉത്ഖനനമെന്ന കെസിഎച്ച്‌ആര്‍ ഡയറക്ടറുടെ അവകാശവാദം തന്നെ ഏറെ സംശയങ്ങളുണര്‍ത്തി. ഖാനനം പൂര്‍ത്തിയാവുകയോ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യക്ക്‌ റിപ്പോര്‍ട്ട്‌ പോലും സമര്‍പ്പിക്കുകയോ ചെയ്യുന്നതിന്‌ മുന്‍പ്‌ പട്ടണം മുസിരിസാണെന്ന വ്യാഖ്യാനവും ഏറെ വിവാദങ്ങള്‍ ഉയര്‍ത്തി. മുസിരിസ്‌ പൈതൃക പരിരക്ഷണ വേദി കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ പ്രമുഖ ആര്‍ക്കിയോളജിസ്റ്റ്‌ ഡോ.ആര്‍.നാഗസ്വാമി പട്ടണം ഉത്ഖനനത്തെക്കുറിച്ച്‌ ജന്മഭൂമി ലേഖകന്‍ എം.ബാലകൃഷ്ണന്‌ നല്‍കിയ അഭിമുഖം. ? പട്ടണം ഉത്ഖനനത്തെക്കുറിച്ച്‌ താങ്കളുടെ വിലയിരുത്തല്‍ എന്താണ്‌ = ആര്‍ക്കിയോളജിയെ സംബന്ധിച്ചിടത്തോളം പുരാവസ്തു ഉത്ഖനനം വേണ്ടതുതന്നെയാണ്‌. പട്ടണം മേഖലയില്‍ നടന്ന ഉത്ഖനനം ഞാന്‍ നേരില്‍ കണ്ട്‌ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഉത്ഖനനം എന്ന നിലയില്‍ അതിനെ സ്വാഗതം ചെയ്യുന്നു. നല്ല രീതിയില്‍ അത്‌ നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്‌. പട്ടണം എന്നത്‌ ഒരു സാങ്കേതിക സംജ്ഞയാണ്‌. പുരം, ഗ്രാമം എന്നതുപോലെ. നാനാപ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ കച്ചവടത്തിനായി അവരുടെ സാധനങ്ങളുമായി എത്തിച്ചേരുന്നിടം എന്നാണ്‌ പട്ടണംകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. നാനാദേശങ്ങളിലുള്ളവര്‍ ഇവിടെ വന്നതുപോലെ നമ്മുടെ നാട്ടുകാരും വിദേശരാജ്യങ്ങളിലേക്ക്‌ പോയിട്ടുണ്ട്‌. ഇതിനെക്കുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ട്‌. പട്ടണം ഉത്ഖനനം ശരിയായ അര്‍ത്ഥത്തില്‍ പൂര്‍ത്തിയാകണമെങ്കില്‍ കൊടുങ്ങല്ലൂര്‍ മുതല്‍ പട്ടണംവരെ ഉത്ഖനനം നടത്തേണ്ടതുണ്ട്‌. ? പട്ടണം ഉത്ഖനനത്തിന്റെ സവിശേഷ പ്രാധാന്യമെന്താണ്‌ = പട്ടണം ഉത്ഖനനം മൂന്നു പ്രധാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ഒന്ന്‌ മെഡിറ്ററേനിയന്‍ മേഖലയുമായുള്ള വ്യാപാര ബന്ധം, രണ്ട്‌-മുസിരിസ്‌ കൊടുങ്ങല്ലൂരാണോ അതോ പട്ടണമാണോ, മൂന്ന്‌-സുപ്രധാനമല്ലെങ്കിലും ഇന്ന്‌ വിവാദമായിക്കൊണ്ടിരിക്കുന്ന സെന്റ്‌ തോമസ്‌ ഇവിടെ വന്നിരുന്നുവോ എന്നത്‌. ? വിന്ധ്യനിപ്പുറം കൃഷ്ണ-ഗോദാവരി ഡല്‍റ്റയുടെ അസാന്നിദ്ധ്യം തെളിയിക്കാന്‍ തക്ക തെളിവുകള്‍ പട്ടണം ഉത്ഖനനത്തില്‍നിന്നും കണ്ടെത്തിയെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ. = ഞാനങ്ങനെ കരുതുന്നില്ല. അവിടെനിന്നും ലഭിച്ച ആംഫോറകള്‍ മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ളതാകാം. റോമന്‍ സാന്നിധ്യം ഉണ്ടെന്ന്‌ പറയാനുമാകില്ല. ഇവിടെനിന്ന്‌ റോമന്‍ നാണയങ്ങള്‍ ലഭിച്ചിട്ടില്ല. എട്ടാം നൂറ്റാണ്ടിന്‌ ശേഷമാണ്‌ കേരളത്തില്‍ ഹിന്ദുക്കള്‍ വന്നതെന്ന്‌ പറയാനാകില്ല. ഇന്ത്യന്‍സംസ്കാരം എവിടെയും വ്യാപിച്ചിരുന്നു. ഇന്ത്യ മാത്രമല്ല തെക്കുകിഴക്കന്‍ ഏഷ്യവരെ അത്‌ വിസ്തൃതമായിരുന്നു. ബൃഹദ്‌ ഭാരതം ആയിരുന്നു അത്‌. ഇന്ത്യയും അതിന്റെ സംസ്കാരവും ഒന്നായിരുന്നു. ഏതെങ്കിലും ഒരു പ്രദേശം എപ്പോഴെങ്കിലും ഒറ്റപ്പെട്ടതായിരുന്നില്ല. അത്‌ ഉദ്ഗ്രഥനത്തിലൂടെ ഹിന്ദുവ്യവസ്ഥയായി മാറി. ? പട്ടണം ഖാനനത്തില്‍നിന്ന്‌ എന്തൊക്കെയാണ്‌ കണ്ടെത്തിയിരിക്കുന്നത്‌? അതിന്റെ സവിശേഷതകള്‍ എന്താണ്‌. = ഖാനനം ഒരു ചെറിയ പ്രദേശത്ത്‌ മാത്രമാണ്‌ നടന്നിരിക്കുന്നത്‌. സാധാരണയായി മദ്യം ശേഖരിച്ചുവെക്കുന്ന തരത്തിലുള്ള രണ്ട്‌ ഭാഗത്തായി പിടികളുള്ള ഉപകരണങ്ങള്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്‌. ചെലവേറിയ ഇത്തരം വസ്തുക്കള്‍ കളിമണ്ണുകൊണ്ട്‌ നിര്‍മിച്ചവയാണ്‌. ഇവ വിശദമായി പഠനവിധേയമാക്കണം. മൂന്ന്‌ സ്ഥലങ്ങളില്‍നിന്നായി 6800 ഇത്തരം പൊട്ടിയ ഉപകരണങ്ങള്‍ കണ്ടെത്തിയെന്നാണ്‌ കെസിഎച്ച്‌ആര്‍ ഡയറക്ടര്‍ ഡോ.ചെറിയാന്‍ പറഞ്ഞത്‌. ചതുരാകൃതിയിലുള്ള ചെമ്പ്‌ നാണയങ്ങളും ഇതില്‍ പെടും. എന്നാല്‍ ഇവയിലൊന്നും തന്നെ റോമന്‍ ബന്ധം തെളിയിക്കുന്നതിനാവശ്യമായ സൂചനകള്‍ ഇല്ല. റോമന്‍ ചക്രവര്‍ത്തിമാരായ അഗസ്റ്റസ്‌, ക്ലാഡിയസ്‌ തുടങ്ങിയവരുടെ മുദ്രകള്‍ നാണയങ്ങളില്‍ കാണാനില്ല. അറിട്ടിറിയന്‍ വിഭാഗത്തില്‍ പെടുന്ന ഉപകരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട്‌ ഇറ്റാലിയന്‍, റോം ബന്ധം സ്ഥാപിക്കാന്‍ കഴിയില്ല. തെളിവുകളുടെ അഭാവം തന്നെ കാരണം. കണ്ടെത്തിയ പുരാവസ്തുക്കളെല്ലാം മെഡിറ്ററേനിയന്‍ ഈജിപ്ത്‌ ഭാഗങ്ങളില്‍നിന്നുള്ളതാണ്‌. ? പട്ടണം മുസിരിസാണെന്നതിന്‌ തെളിവുകള്‍ ലഭിച്ചുവെന്ന്‌ പറയുന്നത്‌ ശരിയാണോ. = ഖാനനം പൂര്‍ണമാകാതെ അത്തരത്തിലൊരു നിഗമനത്തിലേക്ക്‌ എടുത്തുചാടുന്നത്‌ ശരിയല്ല. നടന്നിടത്തോളം ഖാനനം സ്വാഗതാര്‍ഹമാണെങ്കിലും കൂടുതല്‍ പ്രദേശങ്ങളില്‍ വിപുലമായ ഖാനനം നടത്തേണ്ടതുണ്ട്‌. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം, തിരുവഞ്ചിക്കുളം, മതിലകം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാമുള്ള ഖാനനംകൊണ്ടേ അന്തിമമായി നിഗമനത്തിലെത്താന്‍ കഴിയൂ. നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ പരിഹാരത്തിനുവേണ്ടിയാകരുത്‌ പുരാവസ്തുഖനനവും ഗവേഷണവും നടക്കേണ്ടത്‌. ചരിത്രപഠനത്തിനാവശ്യമായ തെളിവുകളാണ്‌ ഖാനനത്തില്‍നിന്നുണ്ടാവേണ്ടത്‌. പട്ടണം മുസിരിസാണെന്നതിന്‌ തക്ക തെളിവുകള്‍ ഇപ്പോള്‍ നടന്നിട്ടുള്ള ഖാനനത്തില്‍നിന്ന്‌ ലഭിച്ചിട്ടില്ല. ? ഒന്നാം ദശകത്തില്‍ സെന്റ്‌ തോമസ്‌ മുസിരിസ്‌ സന്ദര്‍ശിച്ചതായി വാദമുണ്ടല്ലോ. അത്‌ ചരിത്രപരമായി ശരിയാണോ. = സെന്റ്‌ തോമസ്‌ ഇന്ത്യയില്‍ വന്നതിനെ സംബന്ധിച്ച്‌ വിശ്വസനീയമായ യാതൊരു ചരിത്രരേഖകളുമില്ല. ഐതിഹ്യങ്ങള്‍ ചരിത്രമായി കണക്കാക്കാന്‍ കഴിയില്ല. ഐതിഹ്യങ്ങള്‍ വിശ്വാസങ്ങളായും വിശ്വാസങ്ങള്‍ ചരിത്രവുമായി പരിണമിക്കുകയാണ്‌. ഇത്‌ ശരിയല്ല. പാശ്ചാത്യ-പൗരസ്ത്യ ക്രൈസ്തവ സാഹിത്യങ്ങളിലോ, പുരാലിഖിതങ്ങളിലോ ഒന്നുംതന്നെ സെന്റ്‌ തോമസിന്റെ ഭാരതസന്ദര്‍ശനത്തെക്കുറിച്ച്‌ യാതൊരു സൂചനയുമില്ല. സെന്റ്‌ തോമസ്‌ ക്രൈസ്തവ ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമാണ്‌. അദ്ദേഹം അജ്ഞാതനായ ഒരു വ്യക്തിയായിരുന്നില്ല. ഭാരതവും അറിയപ്പെട്ട ഒരു പ്രദേശമാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ സെന്റ്‌ തോമസ്‌ ഭാരത സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ അവശേഷിക്കേണ്ടതായിരുന്നു. ഇതൊരു ഐതിഹ്യം മാത്രമാണ്‌. ചരിത്രവുമായി അതിന്‌ ബന്ധമില്ല. ? ആര്‍ക്കിയോളജിക്കല്‍ പ്രാധാന്യമുള്ള കേന്ദ്രങ്ങളെ ടൂറിസവുമായി ബന്ധപ്പെടുത്തുന്നത്‌ ശരിയാണോ. = എന്താണ്‌ ടൂറിസം? സമയവും പണവും ചെലവാക്കിയുള്ള ഒരു യാത്ര. അതൊരു ഗൗരവമായ ഏര്‍പ്പാടല്ല. ചരിത്രസ്മാരകങ്ങള്‍ അതിന്റെ ഗൗരവത്തില്‍ സംരക്ഷിക്കപ്പെടുകയും പഠനവിധേയമാക്കുകയും വേണം. കേവലം ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായി അവ മാറ്റരുത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.