കേന്ദ്രഭരണം അഴിമതിക്കയത്തില്‍

Monday 8 August 2011 9:50 pm IST

യുപിഎ സര്‍ക്കാരിന്റെ അഴിമതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി സിഎജി റിപ്പോര്‍ട്ടിന്‌ പുറകെ ഇപ്പോള്‍ മുരളീമനോഹര്‍ ജോഷി അധ്യക്ഷനായുള്ള പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റിയും 2 ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ മാത്രമല്ല ആഭ്യന്തരമന്ത്രി പി. ചിദംബരത്തെയും കുറ്റപ്പെടുത്തിയിരിക്കുകയാണ്‌. പ്രധാനമന്ത്രിയെ പ്രതിസ്ഥാനത്താക്കിയിരുന്ന ജോഷിയുടെ പ്രഥമ റിപ്പോര്‍ട്ട്‌ സമിതിയിലെ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ അട്ടിമറിച്ചിരുന്നു. ഈ റിപ്പോര്‍ട്ട്‌ ലോക്സഭാ സ്പീക്കര്‍ക്ക്‌ നല്‍കിയെങ്കിലും തള്ളപ്പെടുകയായിരുന്നു. ഇപ്പോള്‍ പരിഷ്കരിച്ച റിപ്പോര്‍ട്ട്‌ അദ്ദേഹം സമിതി അംഗങ്ങള്‍ക്ക്‌ കൈമാറിയിരിക്കുകയാണ്‌. പുതിയതായി രൂപം നല്‍കിയ 21 അംഗ പിഎസിയില്‍ ജയന്തി നടരാജന്‍ ക്യാബിനറ്റ്‌ മന്ത്രിയായതോടെ ഒഴിവുവന്ന ശേഷം യുപിഎക്കും എന്‍ഡിഎക്കും ഒന്‍പത്‌ വീതം അംഗങ്ങളാണുള്ളത്‌. രണ്ട്‌ അംഗങ്ങളുള്ള ബിഎസ്പി കോണ്‍ഗ്രസിനോട്‌ ഇടഞ്ഞാണ്‌ നില്‍ക്കുന്നത്‌. എസ്പിക്കും സിപിഎമ്മിനും ഓരോ അംഗങ്ങളാണുള്ളത്‌. ഈ സാഹചര്യമാണ്‌ യുപിഎയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്‌. ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുത്തി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയില്‍ ഷീലാ ദീക്ഷിത്‌ 30 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും അവഗണനയും അനാസ്ഥയും കാരണം 500 കോടി രൂപ നഷ്ടം വരുത്തിയെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രതിപക്ഷം ഷീലാ ദീക്ഷിതിന്റെ രാജി ആവശ്യപ്പെടുന്നതും യുപിഎക്ക്‌ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്‌. 2 ജി സ്പെക്ട്രം അഴിമതി നടന്നത്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അറിവോടെയായിരുന്നു എന്ന്‌ ഈ കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോംമന്ത്രി എ. രാജ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെ വെള്ളപൂശാനുള്ള മോണ്‍ടെക്സിംഗ്‌ ആലുവാലിയയുടെ ശ്രമം അതുകൊണ്ടുതന്നെ ഫലം കാണില്ല. യുപിഎ സര്‍ക്കാര്‍ അഴിമതി സ്ഥാപനവല്‍ക്കരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന ധാരണ ശക്തിപ്പെട്ടിരിക്കുന്നത്‌ 'സര്‍ക്കാരി ലോക്പാല്‍' ബില്ലില്‍ പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയിയെയും പാര്‍ലമെന്റ്‌ അംഗങ്ങളെയും അതിന്റെ പരിധിയില്‍പ്പെടുത്താതിരുന്നതിനാലാണ്‌. ജന്‍ ലോക്പാല്‍ ബില്ലിന്‌ സുപ്രീംകോടതിയോട്‌ ഉത്തരവാദിത്തമുള്ള സ്ഥിതിക്ക്‌ ചോദ്യം ചോദിക്കാന്‍ പോലും കോഴ വാങ്ങുന്ന ലോക്സഭാംഗങ്ങളെപ്പോലും പരിധിയില്‍നിന്നൊഴിവാക്കിയാണല്ലോ 'സര്‍ക്കാരി ലോക്പാല്‍' പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്‌. ഷീലാ ദീക്ഷിത്‌ ദല്‍ഹി മുഖ്യമന്ത്രിയായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടരുകയാണ്‌. സുരേഷ്‌ കല്‍മാഡിയെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തലവനായി തെരഞ്ഞെടുത്തത്‌ എന്‍ഡിഎ സര്‍ക്കാരാണെന്ന്‌ സ്പോര്‍ട്സ്‌ മന്ത്രി അജയ്‌ മാക്കന്‍ ആരോപണമുന്നയിച്ചതും ബിജെപിയെ പ്രകോപിപ്പിച്ചിട്ടുണ്ട്‌. ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊണ്ടാണ്‌ കല്‍മാഡി കോടികളുടെ നഷ്ടം വരുത്തിയത്‌. ഗെയിംസ്‌ നടത്തിപ്പില്‍ ഷീലാ ദീക്ഷിതിന്‌ വ്യക്തമായ പങ്കുണ്ടെന്നാണ്‌ സിഎജിയുടെ കണ്ടെത്തലെങ്കിലും ഷീലാ ദീക്ഷിതിനെ സംരക്ഷിക്കാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറെടുക്കുന്നത്‌. ലോക്പാല്‍ ബില്‍ തള്ളിയതും സിഎജി റിപ്പോര്‍ട്ടും ഇപ്പോള്‍ എം.എം. ജോഷി വിതരണം ചെയ്തിരിക്കുന്ന പിഎസിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടുമാണ്‌ യുപിഎ നേതൃത്വത്തിന്‌ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്‌. സ്വകാര്യ ചാനലായ സിഎന്‍എന്‍ ഐബിന്‍ അഭിപ്രായ സര്‍വെ കണ്ടെത്തിയിരിക്കുന്നതും മന്‍മോഹന്‍സിംഗിന്റെ പ്രതിഛായയും പൊതുജനസമ്മതിയും കുറയുന്നു എന്നുതന്നെയാണ്‌. മന്‍മോഹന്‍സിംഗ്‌ 'മിസ്റ്റര്‍ ക്ലീന്‍' അല്ല എന്നും അദ്ദേഹത്തെ മാറ്റി രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്നുമാണത്രേ സിഡിഎസ്‌ നടത്തിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്‌. സോണിയാഗാന്ധി അമേരിക്കക്ക്‌ ചികിത്സക്ക്‌ പോയ അവസരത്തിലും ചുമതല രാഹുല്‍ഗാന്ധി അടങ്ങുന്ന ടീമിന്‌ കൈമാറിയതുതന്നെ യുപിഎ തലപ്പത്ത്‌ മാറ്റംവരുന്നു എന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. സ്വയം അഴിമതി നടത്തുന്നില്ലെങ്കിലും അഴിമതി കണ്ടില്ലെന്ന്‌ നടിക്കുന്ന നിസ്സഹായതയും മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയായി തുടരാന്‍ അയോഗ്യനാക്കുന്നു. ജനദ്രോഹ നടപടി ബസ്ചാര്‍ജ്‌ നാല്‌ രൂപയില്‍നിന്ന്‌ അഞ്ച്‌ രൂപയായി വര്‍ധിപ്പിച്ച യുഡിഎഫ്‌ സര്‍ക്കാതിന്റെ നടപടി വിലക്കയറ്റംകൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയായിരിക്കുകയാണ്‌. ബസ്ചാര്‍ജ്‌ വര്‍ധനക്ക്‌ പിന്നാലെ പാല്‍ വിലയും വര്‍ധിപ്പിക്കാനാണ്‌ അതിവേഗം ബഹുദൂരം പോകുന്ന യുഡിഎഫ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. കേന്ദ്രത്തില്‍ വിലക്കയറ്റം ചര്‍ച്ചാവിഷയമായിരിക്കെയാണ്‌ യുഡിഎഫിന്റെ നടപടി. നാല്‌ രൂപയായിരുന്ന ഓര്‍ഡിനറി ബസ്സിന്റെ മിനിമം ചാര്‍ജ്‌ അഞ്ച്‌ രൂപയും ഫാസ്റ്റ്‌ പാസഞ്ചറിന്റെ ചാര്‍ജ്‌ അഞ്ചില്‍നിന്ന്‌ ഏഴു രൂപയുമായാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. മിനിമം നിരക്കില്‍ യാത്രചെയ്യാവുന്ന ദൂരം രണ്ടര കിലോമീറ്ററില്‍നിന്ന്‌ അഞ്ച്‌ കിലോമീറ്ററായി വര്‍ധിപ്പിച്ചതിന്റെ ഫലം നശിപ്പിക്കുന്നതാണ്‌ തുടര്‍ന്നുള്ള ഫെയര്‍സ്റ്റേജുകളുടെ നിരക്ക്‌ വര്‍ധന. വിദ്യാര്‍ത്ഥികളുടെ മിനിമംചാര്‍ജില്‍ വര്‍ധന വരുത്തിയില്ലെങ്കിലും ഫെയര്‍സ്റ്റേജ്‌ നിരക്കുകള്‍ ഉയര്‍ത്തിയപ്പോള്‍ രണ്ടര കിലോമീറ്ററിന്‌ ശേഷമുള്ള ദൂരത്തിന്‌ 50 പൈസ വര്‍ധിപ്പിച്ചിരിക്കുകയാണ്‌. പ്രവര്‍ത്തനച്ചെലവ്‌ കൂടിയതാണ്‌ നിരക്ക്‌ വര്‍ധനക്ക്‌ കാരണമായി പറയുന്നത്‌. ബസ്സുടമകളുടെ കണക്കും നാറ്റ്പാക്കിന്റെ കണക്കും തമ്മില്‍ അന്തരമുണ്ട്‌. അയല്‍സംസ്ഥാനങ്ങളില്‍ ബസ്നിരക്ക്‌ കുറവാണെന്നതും സര്‍ക്കാരിനെ ബസ്സുടമാപ്രീണനത്തില്‍നിന്ന്‌ പിന്തിരിപ്പിച്ചില്ല. ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ബസ്നിരക്ക്‌ കേരളത്തിലാണെന്ന വസ്തുത നിരന്തരം ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്‌. ബസ്ചാര്‍ജ്‌ വര്‍ധന വരുത്താത്തത്‌ കെഎസ്‌ആര്‍ടിസിയെ സഹായിക്കാനാണെന്നായിരുന്നു ബസ്സുടമകളുടെ വാദം. കേരളത്തില്‍ സ്വകാര്യബസ്സുകള്‍ വര്‍ധിച്ചപ്പോള്‍ അവര്‍ ആയിരം മുതല്‍ ആറായിരം രൂപവരെ ലാഭം കൊയ്യുന്നുണ്ടെങ്കിലും നഷ്ടക്കണക്ക്‌ പറഞ്ഞാണ്‌ ബസ്ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ടത്‌. തകര്‍ന്ന റോഡുകളുള്ള കേരളത്തില്‍ മനുഷ്യക്കുരുതി സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇപ്പോള്‍ സാധാരണക്കാരന്‌ വഴി നടക്കാന്‍ മാത്രമല്ല, ബസ്‌യാത്രയും പീഡനമാക്കിയാണ്‌ സര്‍ക്കാരിന്റെ ബസ്ചാര്‍ജ്‌ വര്‍ധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.