ആഭ്യന്തര ഉത്പാദനം: കേരളം ഏറെ പിന്നിലെന്ന്‌ റിപ്പോര്‍ട്ട്‌

Monday 8 August 2011 10:51 pm IST

കൊച്ചി: രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ആളോഹരി വരുമാനപട്ടികയില്‍ കേരളം ഇതര സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലെന്ന്‌ റിപ്പോര്‍ട്ട്‌. വിവിധ സംസ്ഥാനങ്ങളിലെ ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌ ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര പദ്ധതി നിര്‍വഹണ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പട്ടികയില്‍ 14-ാ‍ം സ്ഥാനവുമായി ഏറെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്നതിനുപുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഏറ്റവും പുറകിലായി അഞ്ചാമതാണ്‌ കേരളം. 2004-05 സാമ്പത്തികവര്‍ഷം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ ആളോഹരിയില്‍ 2010-11 വരെ ശരാശരി 120 ശതമാനത്തിന്റെ വര്‍ധനവാണ്‌ രേഖപ്പെടുത്തുന്നത്‌. എന്നാല്‍ ഇതേകാലയളവില്‍ സംസ്ഥാനത്തിന്റേത്‌ 100 ശതമാനത്തില്‍ താഴെ മാത്രമാണ്‌. 2004-05 കേരളത്തിന്റെ ആളോഹരി 31871 രൂപയായിരൂന്നുവെങ്കില്‍ 2010-11 ല്‍ 59179 രൂപയിലാണ്‌ എത്തിനില്‍ക്കുന്നത്‌. ആഭ്യന്തര ഉത്പാദനത്തിന്റെ ആളോഹരിയില്‍ 118, 136 രൂപയായി ചാണ്ഡീഗണ്ഡാണ്‌ ഒന്നാമത്‌. തൊട്ടുപിന്നിലായി രാജ്യതലസ്ഥാനമായ ദില്ലിയാണ്‌ (1,16,886 രൂപ), അതിനുപിന്നില്‍ പോണ്ടിച്ചേരി (98719), സിക്കിം (81159), ഹരിയാന (78781), മഹാരാഷ്ട്ര (74340), ആന്‍ഡമാന്‍സ്‌ (74027), തമിഴ്‌നാട്‌ (72943), സിക്കിം (81159), പഞ്ചാബ്‌ (67473), ഗോവ (63961), ആന്ധ്ര (60488), കര്‍ണാടക (59763), എന്നിങ്ങനെയാണ്‌ 13-ാ‍ം സ്ഥാനംവരെ പട്ടികയില്‍ ഇടം കണ്ട സംസ്ഥാനങ്ങള്‍. ആഭ്യന്തര ഉത്പാദനത്തിന്റെ ആളോഹരി കുറവുള്ള സംസ്ഥാനങ്ങളില്‍ പണക്കാരും, പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വരുന്നതായി സൂചനയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടികാട്ടുന്നു. ഉത്പാദന രംഗത്ത്‌ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ പ്രത്യേക സാമ്പത്തിക സഹായ പദ്ധതികള്‍ വിഭാവനം ചെയ്യാറുണ്ട്‌. എന്നാല്‍ ഇവ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തത്‌ സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക്‌ കാരണ മാവുന്നതായി പദ്ധതി നിര്‍വഹണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വേണ്ട വിധം നടപ്പിലാക്കാന്‍ ശ്രമിക്കാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ ഒരു മുന്നറിയിപ്പുകൂടിയാണ്‌ പദ്ധതിനിര്‍വഹണ വകുപ്പിന്റെ റിപ്പോര്‍ട്ട്‌ എന്നാണ്‌ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കാര്‍ഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയാണ്‌ കേരളത്തിന്റേത്‌. എന്നാല്‍ ഈ രംഗത്ത്‌ കേരളം ഏറെപിന്നിലായതും, വ്യാവസായിക മേഖലയില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ കാര്യമായ വളര്‍ച്ചയൊന്നും കൈവരിക്കാന്‍ സംസ്ഥാനത്തിന്‌ കഴിയാതെ പോയതും സാമ്പത്തിക സ്ഥിതി മുരടിക്കാന്‍ ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.