ക്രൂസ്‌ ടെര്‍മിനല്‍ പദ്ധതി കൊച്ചി തുറമുഖട്രസ്റ്റ്‌ ഉപേക്ഷിക്കുന്നു

Monday 8 August 2011 10:52 pm IST

കൊച്ചി: വിനോദസഞ്ചാരകപ്പലുകള്‍ക്കായുള്ള അന്താരാഷ്ട്ര ക്രൂസ്‌ ടെര്‍മിനല്‍ പദ്ധതി കൊച്ചി തുറമുഖ ട്രസ്റ്റ്‌ ഉപേക്ഷിക്കാനൊരുങ്ങുന്നു ആ പദ്ധതി ലാഭകരമല്ലെന്ന്‌ നിഗമനത്തിലെത്തിയതുകൊണ്ടാണ്‌ തുറമുഖ ട്രസ്റ്റ്‌ അധികൃതര്‍ ക്രൂസ്‌ ടെര്‍മിനല്‍ നിര്‍മാണം ഒഴിവാക്കുന്നത്‌. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ്‌ ക്രൂസ്‌ ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്നതിന്‌ പിന്നിലെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌. ഒരു ദശാബ്ദകാലം സജീവമായിരുന്ന വിനോദസഞ്ചാര പദ്ധതിയാണ്‌ കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ്‌ ടെര്‍മിനല്‍. വിനോദസഞ്ചാര കപ്പലുകള്‍ക്ക്‌ വേണ്ട സൗകര്യമൊരുക്കി, വിദേശവിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായിരുന്നു ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്‌. ഇതിനായി കൊച്ചി തുറമുഖ ട്രസ്റ്റിലെ മട്ടാഞ്ചേരി വാര്‍ഫിന്‌ സമീപം നാല്‌ ഏക്കര്‍ സ്ഥലത്ത്‌ 275 കോടി രൂപ ചിലവ്‌ പ്രതീക്ഷിച്ചാണ്‌ പദ്ധതി രൂപകല്‍പന ചെയ്തത്‌. വിദേശരാജ്യങ്ങളില്‍നിന്നു മെത്തുന്ന വിനോദ സഞ്ചാര കപ്പലുകള്‍ അടുപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനത്തോടെയുള്ള ബര്‍ത്ത്‌ (ജെട്ടി), കേരള ഗ്രാമം, വിനോദ കപ്പലുകളിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ താമസിക്കുവാനും, വിശ്രമിക്കുവാനുമുള്ള പഞ്ചനക്ഷത്രഹോട്ടല്‍ സൗകര്യം, ഷോപ്പിങ്ങ്‌ സൗകര്യം, ട്രാവല്‍-ടൂര്‍ ഏജന്റ്‌ മാര്‍ക്കായുള്ള ഓഫീസ്‌ കോംപ്ലക്സ്‌, വാഹന പാര്‍ക്കിങ്ങ്‌ സൗകര്യം, സാംസ്ക്കാരിക കലാ അവതരണ സൗകര്യം തുടങ്ങി ഒട്ടേറെ ആധുനിക ആകര്‍ഷക വിനിമയ സംവിധാനമാണ്‌ കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ്‌ ടെര്‍മിനല്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നത്‌. കേന്ദ്ര ഷിപ്പിങ്ങ്‌ മന്ത്രാലയത്തോടൊപ്പം, കേന്ദ്ര- സംസ്ഥാന ടൂറിസം വകുപ്പും കൊച്ചി ക്രൂസ്‌ ടെര്‍മിനല്‍ പദ്ധതിയില്‍ സഹകരണം ഉറപ്പാക്കുകയും ചെയ്തിരുന്നു. ആഗോള ജലകായിക വിനോദമായ വോള്‍വോ റെയ്സിന്‌ 2008ല്‍ കൊച്ചി ആതിഥ്യം വഹിക്കുകയും, തുറമുഖട്രസ്റ്റ്‌ ഇതിന്‌ കളമൊരുക്കുകയും ചെയ്തതോടെ ടൂറിസം മേഖലയില്‍ കൊച്ചി ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു. വോള്‍വോറെയ്സിനായി ഒരുക്കിയ ബര്‍ത്തും, അനബന്ധസ്ഥലത്തും കൂടുതല്‍ സൗകര്യമൊരുക്കിയതും ടെര്‍മിനല്‍ പദ്ധതിയുടെ പുര്‍ത്തികരണത്തിന്റെ മുന്നോടിയായിട്ടുമായിരുന്നു. കൂടുതല്‍ കപ്പലുകള്‍ കൊച്ചിയിലേയ്ക്ക്‌ എത്തുമ്പോള്‍ ക്രൂസ്‌ ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്നത്‌ ഏറെ ആശങ്കയുണര്‍ത്തുകയാണ്‌. വിനോദ സഞ്ചാര കപ്പലുകളുടെ വരവിന്‌ വര്‍ഷങ്ങളായി കൊച്ചി സൗകര്യമൊരുക്കിയിരുന്നെങ്കിലും, ടൂറിസം മേഖലയിലെ കുതിപ്പ്‌ കണ്ടറിഞ്ഞാണ്‌ ക്രൂസ്‌ ടെര്‍മിനല്‍ പദ്ധതി രൂപം കൊണ്ടത്‌. ഇതിനിടെ കൊച്ചിയിലേയ്ക്കുള്ള ക്രൂസ്‌ കപ്പലുകളുടെ വരവും വര്‍ധിച്ചു.   എസ്‌.കൃഷ്ണകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.