സംസ്ഥാനത്ത്‌ വികേന്ദ്രീകൃത സമഗ്ര ആരോഗ്യപദ്ധതി തയ്യാറാക്കുന്നു

Monday 8 August 2011 10:53 pm IST

കൊച്ചി: പന്ത്രണ്ടാം പഞ്ചവത്സരക്കാലത്ത്‌ സമര്‍പ്പിക്കുന്നതിലേക്കായി വികേന്ദ്രീകൃത സമഗ്ര ആരോഗ്യപദ്ധതിക്ക്‌ ആരോഗ്യവകുപ്പ്‌ രൂപം നല്‍കുന്നു. പദ്ധതി തയ്യാറാക്കുന്നതിനുള്ള രൂപരേഖയും നടപടിക്രമങ്ങളും തയ്യാറാക്കുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെയും ഇതരവകുപ്പ്‌ പ്രതിനിധികളെയും പങ്കെടുപ്പിച്ച്‌ ഒരു ഏകദിന ശില്‍പ്പശാല എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ചു. ആരോഗ്യരംഗത്ത്‌ വളരെ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. ഉയര്‍ന്ന സാക്ഷരത, വിശേഷിച്ച്‌ സ്ത്രീകളുടെ സാക്ഷരത സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത പൊതു അവബോധം, മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായം, വിപുലമായ പൊതുജനാരോഗ്യ സംവിധാനം, അധികാര വികേന്ദ്രീകരണം തുടങ്ങിയവ ഈ നേട്ടങ്ങള്‍ക്ക്‌ കാരണമായി എന്നാണ്‌ ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്‌. നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും നിരവധി പ്രശ്നങ്ങളും അവ ഉയര്‍ത്തുന്ന വെല്ലുവിളികളും ഈ രംഗത്ത്‌ ഏറെയാണ്‌. ഉന്മൂലനം ചെയ്തുവെന്ന്‌ കരുതിയ രോഗങ്ങള്‍ തിരിച്ചുവരുന്നു. പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പകര്‍ച്ചവ്യാധി രോഗങ്ങള്‍ സമൂഹത്തെയാകെ ഗ്രസിക്കുന്നു. ജനങ്ങളുടെ ആരോഗ്യച്ചെലവ്‌ ഭീതിതമായി വര്‍ധിക്കുന്നു. രോഗാതുരത വര്‍ധിക്കുന്നു. വ്യക്തിയുടെ ചുറ്റുപാടുകളും ജനങ്ങളുടെ ശീലങ്ങളും ശുദ്ധമായ കുടിവെള്ള ലഭ്യതയും പോഷകാഹാര ലഭ്യതയുമൊക്കെയാണ്‌ ഒരു പ്രദേശത്തെ ആരോഗ്യസ്ഥിതി തീരുമാനിക്കുന്നത്‌. അതുകൊണ്ടുതന്നെ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ മാത്രമേ സമഗ്ര ആരോഗ്യം സാധ്യമാകൂ. ഈ സാഹചര്യത്തിലാണ്‌ ജനകീയ പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശീയമായി സമഗ്ര ആരോഗ്യപദ്ധതിക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ രൂപം നല്‍കുന്നത്‌. വാര്‍ഡുതലം മുതല്‍ തദ്ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതികള്‍ വിവിധ തലങ്ങളില്‍ ക്രോഡീകരിച്ച്‌ ജില്ലാ പദ്ധതിക്ക്‌ രൂപം നല്‍കും. ഓരോ പ്രദേശത്തും രോഗം പടരുന്നതെങ്ങനെ, ഏതുതരം രോഗമാണ്‌ പടരുന്നത്‌, അവ എങ്ങനെ നിയന്ത്രിക്കാം എന്നിവ വിശദമായി ചര്‍ച്ച ചെയ്ത്‌ അവയെ ചെറുക്കാന്‍ സഹായകമാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാവും പദ്ധതികള്‍ രൂപപ്പെടുത്തുന്നത്‌. ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷയും ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കര്‍മപരിപാടികളുമാവും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഈ മാസം മുതല്‍ ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ സംഘടിപ്പിച്ച്‌ ഒക്ടോബര്‍ മാസത്തോടെ ഒരു സമഗ്ര സംസ്ഥാന ആരോഗ്യ പദ്ധതി രൂപപ്പെടുത്തുവാനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതികസഹായം കിലയും മെഡിക്കല്‍ കോളേജുകളിലെ കമ്മ്യൂണിറ്റി വിഭാഗവും ചേര്‍ന്ന്‌ നല്‍കും. വിദ്യാഭ്യാസവകുപ്പ്‌, എസ്‌എസ്‌എ, കില, സാമൂഹിക ക്ഷേമവകുപ്പ്‌, സാമൂഹിക സുരക്ഷാ മിഷന്‍, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുത്തു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം സ്റ്റേറ്റ്‌ മിഷന്‍ ഡയറക്ടറുടെ അധ്യക്ഷതയിലാണ്‌ ശില്‍പ്പശാല സംഘടിപ്പിച്ചത്‌. ചര്‍ച്ചയില്‍ സ്റ്റേറ്റ്‌ പ്രോഗ്രാം മാനേജര്‍ ഡോ. ജമീല, അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശ്രീധര്‍, എല്ലാ ജില്ലകളിലെയും ഡിഎംഒമാര്‍, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം ഡിപിഎമ്മുമാര്‍, ആര്‍സിഎച്ച്‌ ഓഫീസര്‍മാര്‍, എന്‍ആര്‍എച്ച്‌എം കണ്‍സന്റുമാര്‍ തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.