പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഒന്നാം പ്രതിയും പെണ്‍കുട്ടിയും കീഴടങ്ങി

Tuesday 16 July 2013 10:24 pm IST

മാവേലിക്കര: കോമല്ലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതിയും പെണ്‍കുട്ടിയും കീഴടങ്ങി. ഒന്നാംപ്രതി നൂറനാട്‌ ചുനക്കര കരിമുളയ്ക്കല്‍ കക്കാട്ടുമലയില്‍ വീട്ടില്‍ നിജുമാത്യു (22) തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്മെന്റിനു മുന്‍പാകെയും, പെണ്‍കുട്ടി നെയ്യാറ്റിന്‍കര വനിത സഹായ വിഭാഗത്തിലുമാണ്‌ കീഴടങ്ങിയത്‌. ഇരുവരെയും ആലപ്പുഴ ക്രൈംഡിറ്റാച്ച്മെന്റ്‌ വിഭാഗം ഇന്നലെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ (ഒന്ന്‌) ജി.മഹേഷ്‌ മുന്‍പാകെ ഹാജരാക്കി.
നിജുമാത്യുവിനെ റിമാന്‍ഡ്‌ ചെയ്ത്‌ മാവേലിക്കര സബ്ജയിലിലേക്കയച്ചു. പെണ്‍കുട്ടിയെ ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിപ്പിച്ചതിനുശേഷം ഇന്ന്‌ ഹൈക്കോടതിയില്‍ ഹാജരാക്കും. ഈ കേസില്‍ നേരത്തെ ആറുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി മഹാദേവികാട്‌ പടിപ്പുരയ്ക്കല്‍ പ്രേംകുമാര്‍ (58), ഇയാളുടെ ആദ്യ ഭാര്യയിലെ മകന്‍ തൃക്കൊടിത്താനം കടമാന്‍തറയില്‍ ബിജു (27), വള്ളികുന്നം തയ്യില്‍ തെക്കേതില്‍ അച്ചന്‍കുഞ്ഞ്‌ (52), ഭാര്യ ജെസി, തെങ്കാശിയില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയ അശോകന്‍, പ്രേംകുമാറിന്റെ സഹായി കരുവാറ്റ വടക്ക്‌ മണ്ണാന്റെ പറമ്പില്‍ മധു (38)എന്നിവരാണ്‌ നേരത്തെ അറസ്റ്റിലായത്‌. ഇനി ഈ കേസില്‍ കുളത്തൂപ്പുഴ സ്വദേശികളായ റോബിന്‍, റോമിയോ, പ്രേംകുമാറിന്റെ ഭാര്യ ലൗലി എന്നിവരെ പിടികൂടാനുണ്ട്‌.
ഇന്നലെ അറസ്റ്റിലായ നിജുമാത്യു പ്രേംകുമാറിനൊപ്പം ഓച്ചിറ, നൂറനാട്‌ പോലീസ്‌ സ്റ്റേഷനുകളിലെ രണ്ട്‌ ബൈക്ക്‌ മോഷണ കേസുകളില്‍ പ്രതിയാണ്‌. ഇതിന്റെ തുടരന്വേഷണത്തിനായി ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ന്‌ പോലീസ്‌ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്ന്‌ മാവേലിക്കര സിഐ: കെ.ജെ.ജോണ്‍സണ്‍ പറഞ്ഞു. മൂന്നുമാസം മുന്‍പാണ്‌ പെണ്‍കുട്ടിയെ നിജു മാത്യു തട്ടിക്കൊണ്ടുപോയത്‌. കേസ്‌ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയില്‍ ഡിജിപിയെ കോടതി വിളിച്ചുവരുത്തുകയും മാവേലിക്കര സിഐ: കെ.ജെ.ജോണ്‍സണെ ശാസിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ്‌ കേസ്‌ അന്വേഷണം ഊര്‍ജിതമായത്‌.
സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരവെ കഴിഞ്ഞ ദിവസം കേസ്‌ ആലപ്പുഴ ക്രൈംഡിറ്റാച്ച്മെന്റിന്‌ കൈമാറിയിരുന്നു. ഇന്ന്‌ പെണ്‍കുട്ടിയുടെ അച്ഛന്റെ ഹര്‍ജി വീണ്ടും കോടതി പരിഗണിക്കാനിരിക്കവെയാണ്‌ ഇരുവരും കീഴടങ്ങിയത്‌. കഴിഞ്ഞ ദിവസമാണ്‌ പെണ്‍കുട്ടിയ്ക്ക്‌ 18 വയസ്‌ പൂര്‍ത്തിയായത്‌. പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചതും പ്രതികളെ സംരക്ഷിച്ചിരുന്നതും ചാരുംമൂട്‌ മേഖലയിലെ ചില കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസുകാരായിരുന്നു. ഇവരില്‍ ചിലരെ പോലീസ്‌ കേസില്‍ പ്രതിയാക്കുമെന്ന ഘട്ടത്തിലാണ്‌ കീഴടങ്ങല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.