ബദല്‍ സര്‍ക്കാര്‍: ഇരുമുന്നണികളിലും ആശയക്കുഴപ്പം

Tuesday 16 July 2013 10:25 pm IST

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷത്തു നിന്നുള്ള ചില കക്ഷികള്‍ നീക്കം തുടങ്ങിയതോടെ ഇരുമുന്നണികളിലും ആശയക്കുഴപ്പം. യുഡിഎഫില്‍ നിന്ന്‌ കെ.എം.മാണിയെ അടര്‍ത്തിയെടുത്ത്‌, മാണിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാരുണ്ടാക്കാമെന്ന നിര്‍ദ്ദേശമാണ്‌ സജീവമായുള്ളത്‌. മുഖ്യമന്ത്രിയാക്കാമെന്ന നിര്‍ദ്ദേശത്തോട്‌ കെ.എം.മാണി അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും തള്ളിപ്പറയാത്തത്‌ യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്‌.
സപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ അഭിപ്രായപ്രകടനമാണ്‌ ബദല്‍സര്‍ക്കാരെന്ന നിര്‍ദ്ദേശത്തെ സജീവമാക്കിയത്‌. മാണികോണ്‍ഗ്രസ്സിനോട്‌ തൊട്ടുകൂടായ്മയില്ലെന്നും ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യന്‍ കെ.എം.മാണിയാണെന്നുമാണ്‌ ഇന്നലെ പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടത്‌. ഇതോടെ ബദല്‍ സര്‍ക്കാരെന്ന ആശയത്തിനു ചൂടുപിടിച്ചു. എല്‍ഡിഎഫിലെ ചില ഘടകകക്ഷികള്‍ മാണിയ്ക്ക്‌ പിന്തുണനല്‍കുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തു വന്നതോടെ യുഡിഎഫ്‌ ക്യാമ്പില്‍ അങ്കലാപ്പായി. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ചകള്‍ തുടങ്ങിയതായി മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രനും വെളിപ്പെടുത്തി. ഇത്‌ മുന്നണി തലത്തിലുള്ള ചര്‍ച്ചകളല്ലെന്നും അനൗപചാരികമാണു നീക്കങ്ങള്‍ നടത്തുന്നതെന്നുമാണു പ്രേമചന്ദ്രന്‍ വ്യക്തമാക്കിയത്‌.
ബദല്‍ സര്‍ക്കാരിനെക്കുറിച്ചു ചിന്തിക്കാവുന്നതാണെന്നു സിപിഐ ദേശീയ നേതൃത്വവും വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇന്നലെ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ സിപിഎം നേതാവ്‌ എസ്‌ആര്‍പിയും കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം വന്നാല്‍ ഇടതുപക്ഷം പിന്നോട്ടുപോകില്ലെന്ന സൂചനയാണു നല്‍കിയത്‌.
ഇതിനിടെ സിപിഎം സെക്രട്ടറി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ പന്ന്യന്‍ രവീന്ദ്രന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നത്‌ മയപ്പെട്ട നിലപാടുമായിട്ടാണ്‌. സര്‍ക്കാരിനെ മറിച്ചിട്ട്‌ മാണിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പിണറായിക്കുള്ള അതൃപ്തി കൂടിക്കാഴ്ചയ്ക്കു ശേഷം പന്ന്യന്റെ വാക്കുകളില്‍ പ്രതിഫലിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും ബദല്‍സര്‍ക്കാര്‍ നീക്കം ഇപ്പോഴില്ലെന്നുമായിരുന്നു പന്ന്യന്റെ പ്രതികരണം. ഒരു വിഭാഗം സിപിഎം നേതാക്കളും ഇടതുമുന്നണിയിലെ മറ്റ്‌ കക്ഷികളും ബദല്‍ സര്‍ക്കാര്‍ വരുന്നതിനെ പിന്തുണയ്ക്കുന്നെങ്കിലും പിണറായി അതിന്‌ അനുകൂലമല്ല.
ഇതിനിടെ താന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനയുമായി കെ.എം.മാണിയുമെത്തി. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രതിപക്ഷം ചില തന്ത്രങ്ങള്‍ മെനയുകയും അടവുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ ആ ചൂണ്ടയില്‍ താന്‍ കൊത്തുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിയാകണമെന്ന ചിന്തയില്ല. അതിനുള്ള നീക്കവും നടത്തുന്നില്ല. മുഖ്യമന്ത്രിയാകാന്‍ മാണി യോഗ്യനാണെന്ന്‌ എല്‍ഡിഎഫ്‌ നേതാക്കള്‍ പറയുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ അതു കേട്ട്‌ താന്‍ മോശക്കാരനാണെന്നും യോഗ്യനല്ലെന്നും സ്വയം പറയണോ എന്നായിരുന്നു മറുചോദ്യം. മുഖ്യമന്ത്രിയാകണമെന്ന ചിന്ത തനിക്കോ തന്റെ പാര്‍ട്ടിക്കോ ഇല്ല. ഇതു സംബന്ധിച്ച ആലോചനകളും നടത്തിയിട്ടില്ലെന്നും മാണി പറഞ്ഞു.
ഇന്നത്തെ സംഭവികാസങ്ങള്‍ കേരളത്തില്‍ യുഡിഎഫില്‍ കടുത്ത പരിഭ്രാന്തിയാണുണ്ടാക്കിയത്‌. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇരുമുന്നണികളുടെയും യോഗങ്ങള്‍ കൂടുന്നുണ്ട്‌. സിപിഎം, സിപിഐ, ആര്‍എസ്പി കക്ഷികളുടെ സെക്രട്ടേറിയറ്റ്‌ യോഗം ഇന്ന്‌ ചേരും. കേരളാകോണ്‍ഗ്രസ്‌ എം നേതൃയോഗവും ഇന്ന്‌ തിരുവനന്തപുരത്ത്‌ വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.