ഇന്ന്‌ രാമായണ മാസാരംഭം

Wednesday 17 July 2013 11:54 am IST

ആത്മാന്വേഷണത്തിന്റെ യാത്രയാണ്‌ രാമായണം.ആത്മജ്ഞാനംതേടിയുള്ള മനസിന്റെ യാത്ര. ഇനി രാമനാമം ജപസാര സംഗ്രഹമാകുന്ന കര്‍ക്കിടക സന്ധ്യകളില്‍ രാമകഥാസാഗരം നിറയും ഓരോ മനസിലും.
ജീവന്റെ അജ്ഞതയില്‍ ബ്രഹ്മാനന്ദത്തിന്റെ പുതിയ കതിരുകള്‍ വിരിയിക്കുന്ന അഭൗമ ജ്ഞാന സഞ്ചാരമാണ്‌ ഓരോ രാമായണ പാരായണവും.ആദികാവ്യത്തിന്റെ ഭാവപ്രപഞ്ചമായി ഇതള്‍ വിരിയുന്ന രാമന്റെ മാനസ സഞ്ചാരം ജ്ഞാനതീര്‍ത്ഥാടകനെ ധര്‍മ്മ മാര്‍ഗത്തില്‍ കൈപിടിച്ച്‌ നയിക്കും. ജീവന്റെ പൊരുളും പരമാത്മസ്വരൂപവും അറിവിന്റെ തീര്‍ത്ഥകണങ്ങളായി മനസാകുന്ന വലംപിരിശംഖില്‍ നിറയും.മോക്ഷപ്രദായിനിയായ ജ്ഞാനസരയുവില്‍ പ്രാണന്റെ അലച്ചിലുകള്‍ക്ക്‌ ശമനമാകും.
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലമെന്ന ആചാര്യവാക്യം കാലത്തിന്റെ സമസ്യകള്‍ക്ക്‌ പൂരിതമായ ഉത്തരമാണ്‌ .അമ്പത്തൊന്നക്ഷരം കൊണ്ട്‌ പരബ്രഹ്മ സ്വരൂപം തെളിയിച്ച അദ്ധ്യാത്മചൈതന്യമാണ്‌ രാമായണം. വാക്കിന്റെ പൊരുളായി നിറയുന്ന മന്ത്രശക്തിയില്‍ ഓരോ പാരായണവും പുതിയ അയോധ്യകള്‍ സൃഷ്ടിക്കും.ത്യാഗ സുരഭിലമായ രാമജീവിതത്തിന്റെ ശീലുകള്‍ അനുവാചകനെ പ്രപഞ്ച ജീവിതത്തിന്റെ താളക്രമം ഓര്‍മ്മപ്പെടുത്തും. ധര്‍മ്മാനുസാരിയായ ജീവിതത്തിന്റെ ക്ലേശഭാരങ്ങളെ ഉദാത്തമായ ജീവല്‍പ്രേമത്തിന്റെ അമൃതുകൊണ്ട്‌ മറികടക്കുന്ന രാമന്‍ മനുഷ്യകുലത്തിനാകെ മാതൃകയാകുന്നത്‌ ആത്മസമര്‍പ്പണം കൊണ്ടാണ്‌. രാമന്റെ യാത്രകള്‍ക്ക്‌ സന്ദേഹമില്ല.ഇടര്‍ച്ചകളും. ഇരുളും വെളിച്ചവും നിറയുന്ന ലോകക്രമത്തില്‍ രാമന്‍ മാര്‍ഗ്ഗദീപമാണ്‌. ഇനി കര്‍ക്കിടകം പെയ്തൊഴിയുന്ന സന്ധ്യകളില്‍ രാമകഥാമൃതം ഭവനങ്ങളെ ചൈതന്യ പൂരിതമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.