ശ്മശാനം തകര്‍ക്കാന്‍ ഗൂഡാലോചനയെന്ന്‌

Tuesday 16 July 2013 10:33 pm IST

മരട്‌: മരട്‌ നഗരസഭയിലെ ശാന്തിവനം പൊതുശ്മശാനം തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നതായി മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌. മരട്‌ പഞ്ചായത്തായിരുന്ന കാലത്ത്‌ 2007 നവംബര്‍ ഒന്നിനാണ്‌ ശ്മശാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌. ശാന്തിവനം നിര്‍മ്മിക്കുവാന്‍ മുന്‍ കൈയ്യെടുത്ത അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന കെ.എ.ദേവസിയാണ്‌ ശ്മശാനം തകര്‍ക്കുവാന്‍ നീക്കം നടക്കുന്നു എന്ന ആക്ഷേപവുമായി രംഗത്തു വന്നിരിക്കുന്നത്‌.
ശ്മശാനത്തിലേക്കുള്ള വഴികാട്ടിയായ കോണ്‍ക്രീറ്റ്‌ ബോര്‍ഡ്‌ തകര്‍ത്ത്‌ കാനയിലിട്ടിരിക്കുകയാണ്‌. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്റെ വീടിനു മുന്നിലാണ്‌ ശാന്തിവനത്തിന്റെ കോണ്‍ക്രീറ്റ്‌ ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നത്‌. ഇത്‌ തകര്‍ത്തതിനുപിന്നില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്ന്‌ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരോപിക്കുന്നു. ഹിന്ദുക്കള്‍ക്ക്‌ പൊതുശ്മശാനം എന്ന ആശയം ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നവരാണ്‌ ഇന്നത്തെ ഭരണപക്ഷം. തന്നിവനത്തിന്‌ പണം അനുവദിച്ചതിനെതിരെ വാക്കൗട്ടും സമരവും സംഘടിപ്പിച്ചവരാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള അന്നത്തെ പ്രതിപക്ഷം എന്ന്‌ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരോപിച്ചു. ശ്മശാനത്തെ തകര്‍ക്കുവാന്‍ ശ്രമം നടത്തുന്നത്‌ ഭൂമാഫിയകളാണെന്ന്‌ ആക്ഷേപമുണ്ട്‌. സമീപത്ത്‌ ഭൂമി സ്വന്തമാക്കിയ ചിലര്‍ 12 കോടിരൂപക്ക്‌ അത്‌ മറിച്ചുവില്‍ക്കാന്‍ പത്രപരസ്യം നല്‍കിയിരുന്നു. സമീപത്ത്‌ പൊതുശ്മശാനമുണ്ടെന്ന്‌ അറിഞ്ഞാല്‍ ഇടപാടുകാര്‍ ഭൂമി വാങ്ങുവാന്‍ തയാറാകില്ല. ഇത്‌ ഒഴിവാക്കാനാണ്‌ ശ്മശാനത്തിന്റെ ബോര്‍ഡ്‌ തകര്‍ത്ത്‌ കാനയിലിട്ടതെന്നാണ്‌ പ്രധാന ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.