ദേവസ്വം ഭൂമി കയ്യേറാനുള്ള ഭൂമാഫിയകളുടെ നീക്കം ചെറുക്കും: ബിജെപി

Monday 8 August 2011 11:23 pm IST

പഴയങ്ങാടി: പ്രസിദ്ധമായ മാടായിപ്പാറയിലെ ദേവസ്വം ഭൂമി വ്യാജപട്ടയങ്ങള്‍ വഴി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന ഭൂമാഫിയകളുടെ നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന്‌ ബിജെപി ദേശീയസമിതിയംഗം പി.പി.കരുണാകരന്‍ മാസ്റ്റര്‍ മുന്നറിയിപ്പ്‌ നല്‍കി. ബിജെപി രാമന്തളി പഞ്ചായത്ത്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ ഭൂമി കയ്യേറ്റം പരിസ്ഥിതിക്ക്‌ മാത്രമല്ല, ദേശീയ സുരക്ഷക്ക്‌ കൂടി ഭീഷണിയാണ്‌. മാടായിപ്പാറയിലെ മാടായിക്കാവ്‌, വടുകുന്ന്‌ ശിവക്ഷേത്രം ക്ഷേത്രങ്ങള്‍ക്ക്‌ അവകാശപ്പെട്ട സ്ഥലം അളന്ന്‌ അതിര്‍ത്തി നിശ്ചയിക്കാന്‍ ദേവസ്വം ബോര്‍ഡും റവന്യൂ വകുപ്പും തയ്യാറാവണം. മാടായിപ്പാറയുടെ പ്രധാന്യവും മഹത്വവും മനസ്സിലാക്കിയാണ്‌ മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ ഇവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ച വിമാനത്താവള നിര്‍മ്മാണത്തില്‍ നിന്നും പിന്‍മാറിയത്‌. മാടായിപ്പാറയിലെ ഭൂമി കയ്യേറ്റം എന്തു വിലകൊടുത്തും ബിജെപി നേരിടുമെന്നും ജനാധിപത്യവിശ്വാസികളെയും ഭക്തജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷേഭത്തിന്‌ ബിജെപി നേതൃത്വം കൊടുക്കുമെന്നും കരുണാകരന്‍ മാസ്റ്റര്‍ മുന്നറിയിപ്പ്‌ നല്‍കി. ടി.അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. സി.കെ.രമേശന്‍, പി.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കെ.മധു സ്വാഗതവും പി.വി.കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.