സ്വാശ്രയ പ്രവേശന പരീക്ഷ റദ്ദാക്കിയ നടപടി ശരിവച്ചു

Wednesday 17 July 2013 3:01 pm IST

ന്യുദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല പരീക്ഷ നടത്തിയതെന്ന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് പരീക്ഷ റദ്ദാക്കിയതെന്ന വാദം കോടതി തള്ളി. ഈ വര്‍ഷം ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീണ്ടും പരീക്ഷ നടത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം. ആകെ 315 സീറ്റുകളാണ് സ്വാശ്രയ മേഖലയിലുള്ളത്. തെറ്റായ നടപടികള്‍ പുറം‌ലോകത്തെ അറിയിക്കേണ്ടത് മാധ്യമ ധര്‍മ്മമാണെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. നേരത്തെ മുന്‍കൂറായി പണം വാങ്ങി ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വന്‍ പ്രവേശന തട്ടിപ്പു നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റീസ് ജയിംസ് കമ്മിറ്റി ഇടപെട്ടതും പരീക്ഷ റദ്ദാക്കിയതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.