ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച

Tuesday 9 August 2011 12:13 pm IST

മുംബൈ: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്സ് 500ലേറെ പോയിന്റിന്റെ ഇടിവിലാണ്. നിഫ്റ്റി 5000ലും താഴെയായി. ക്രൂഡ് ഓയില്‍ വില 75 ഡോളറായി കുറഞ്ഞു. അമേരിക്കന്‍ വിപണിയില്‍ അനുഭവപ്പെടുന്ന തീരിച്ചടി ഏഷ്യന്‍ ഓഹരി വിപണികളിലും അനുഭവപ്പെട്ടതാണ് ഇന്ത്യന്‍ ഓഹരിവിപണിയെയും ബാധിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ ഡൗ ജോണ്‍സ് സൂചിക 635 പോയിന്റോളം ഇടിഞ്ഞാണ് അമേരിക്കയില്‍ വിപണി ക്ലോസ് ചെയ്തത്. നാസ്ഡാക് 175 പോയിന്റും ഇടിഞ്ഞു. ഏഷ്യയിലെ എല്ലാ പ്രധാനപ്പെട്ട ഓഹരി വിപണികളിലും നഷ്ടം അനുഭവപ്പെടുന്നുണ്ട്. വിപണിയില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദമാണ് അനുഭവപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ഐ.ടി മേഖലയിലും തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ മുന്‍ നിര ഐ.ടി കമ്പനികളുടെ ഓഹരി വിപണികളിലും വലിയ നഷ്ടം അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ചയാണ് യുഎസ് ക്രഡിറ്റ് റേറ്റിങ് ചരിത്രത്തില്‍ ആദ്യമായി താഴ്ന്നത്. ഇതേത്തുടര്‍ന്നുണ്ടായ ആശങ്കകളാണ് ഇപ്പോഴും തുടരുന്നത്. ക്രൂഡ് ഓയിലിന്റെ ഉപഭോഗം അമേരിക്കയില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞത്. നൈമക്സ് ക്രൂഡ് 76 ഡോളറിലേക്കു താഴ്ന്നപ്പോള്‍ ബ്രെന്‍ഡ് ക്രൂഡ് നൂറു ഡോളറില്‍ താഴെയെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.