സുപ്രീംകോടതി പിടിമുറുക്കുന്നു

Wednesday 17 July 2013 10:59 pm IST

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ്‌ അന്വേഷണത്തിന്റെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ഒരു കാരണവശാലും പങ്കുവയ്ക്കരുതെന്ന്‌ സിബിഐയ്ക്ക്‌ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം. അന്വേഷണ പുരോഗതി സര്‍ക്കാരിനോട്‌ പങ്കുവയ്ക്കാന്‍ അനുവദിക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ്‌ സിബിഐക്കുമേലുള്ള പിടി സുപ്രീംകോടതി മുറുക്കിയിരിക്കുന്നത്‌. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി വിശ്വാസ്യത മുഴുവന്‍ സിബിഐ കളഞ്ഞുകുളിച്ചതായും കോടതി കുറ്റപ്പെടുത്തി.
അന്വേഷണവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക്‌ വിധേയമാക്കുന്നതിന്‌ സിബിഐക്ക്‌ പ്രത്യേക അനുമതിയുടെ ആവശ്യമുണ്ടോ എന്നു ചോദിച്ച കോടതി ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കല്‍ക്കരി അന്വേഷണത്തില്‍ ഉദ്യോഗസ്ഥനെ നിയമനടപടികള്‍ക്ക്‌ വിധേയനാക്കുന്നതിന്‌ സര്‍ക്കാരിന്റെ ആവശ്യമില്ല. അന്വേഷണത്തില്‍ എന്തെങ്കിലും വിധത്തിലുള്ള തടസ്സങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ സിബിഐക്ക്‌ സുപ്രീംകോടതിയെ സമീപിക്കാം, കോടതി പറഞ്ഞു.
കല്‍ക്കരിപ്പാടം അഴിമതി കേസ്‌ അന്വേഷിക്കുന്നതില്‍ സിബിഐക്ക്‌ നിരവധി പരിമിതികളും തടസ്സങ്ങളുമുണ്ടെന്ന്‌ സിബിഐ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജോയിന്റ്‌ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതിനു പോലും സര്‍ക്കാരിന്റെ അനുമതി വേണമെന്നത്‌ അന്വേഷണത്തെ പുറകോട്ടടിക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതേതുടര്‍ന്നാണ്‌ പുറമേ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി കോടതി നല്‍കിയത്‌.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ സര്‍ക്കാര്‍ അനുമതി തേടേണ്ട കാര്യമില്ലെന്ന കോടതി നിലപാടിനെതിരെ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി നിലപാടു സ്വീകരിച്ചു. ഇതു വലിയ പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണെന്നും ഇക്കാര്യത്തിലുള്ള നിയന്ത്രണം തുടരണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.
അന്വേഷണ പുരോഗതി സര്‍ക്കാരിനെ അറിയിക്കണമെന്ന സിബിഐയുടെ ആവശ്യം ഒരു കൈകൊണ്ട്‌ കൊടുക്കുകയും മറുകൈകൊണ്ട്‌ എടുക്കുകയും ചെയ്യുന്നതിനു തുല്യമാണെന്ന്‌ കോടതി കുറ്റപ്പെടുത്തി. അന്വേഷണ സംഘത്തിലെ ആരോപണ വിധേയരായ രണ്ട്‌ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാന്‍ 33 അംഗ അന്വേഷണ സംഘത്തിലെ എസ്‌.പി. വിവേക്‌ ദത്ത്‌, ഇന്‍സ്പെക്ടര്‍ രാജേഷ്‌ ചന്ദ്ര എന്നിവര്‍ ശ്രമിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ ഇരുവരും ശ്രമിച്ചതെന്നാണ്‌ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്‌. കേസില്‍ കുറ്റക്കാരായാവര്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു.
സിബിഐയുടെ സ്വയംഭരണം സംബന്ധിച്ച്‌ ആഗസ്ത്‌ 6ന്‌ പ്രത്യേക വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്‌. കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ അന്വേഷണ പുരോഗതി സപ്തംബര്‍ 10ന്‌ കോടതി പരിശോധിക്കും.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.