ബ്ലേഡ് മാഫിയ യുവ ഡോക്ടറെ വീടുകയറി ആക്രമിച്ചതായി പരാതി

Thursday 18 July 2013 8:48 pm IST

പാലാ: ബ്ലേഡ് മാഫിയ യുവ ഡോക്ടറെ വീട് കയറി ആക്രമിച്ചതായി പരാതി. കടപ്പാട്ടൂര്‍ ചെമ്പകശേരില്‍ ഡോ. ജോസ് ജോര്‍ജിനാണ് മാഫിയാ സംഘത്തിന്റെ ആക്രമണമുണ്ടായത്. ബിസിനസ് ആവശ്യത്തിനായി 2011, 2012 വര്‍ഷങ്ങളില്‍ കിഴതടിയൂര്‍ സ്വദേശികളായ ബ്ലേഡ്മാഫിയായില്‍ നിന്നും പലപ്പോഴായി 5 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇതിന്റെ പലിശ കൃത്യമായി നല്‍കിയിരുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ ജൂണില്‍ ആശുപത്രി ആവശ്യത്തിനായി പണം കൂടുതല്‍ ആവശ്യമായി വന്നതിനാല്‍ തവണ മുടങ്ങുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. പലിശ മുടങ്ങിയതോടെ ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി പലതവണ മാഫിയാ സംഘങ്ങള്‍ വീട്ടിലെത്തി. ഡോക്ടരുടെ ഭാര്യയുടെ മുന്നില്‍ വച്ചാണ് അസഭ്യവര്‍ഷവും ഭീഷണിയും നടത്തിയിരുന്നത്. ഇതിനിടെ ആശുപത്രിയിലായ ഡോക്ടര്‍ക്കു നേരെ ആശുപത്രിയിലും ഭീഷണിയമായി സംഘമെത്തി. ഡോക്ടറുടെ ക്ലിനിക്കിലും ഭീഷണിയുമായി എത്തിയതോടെ സ്ഥാപനം തുറക്കാനും ഇദ്ദേഹത്തിന് കഴിയാത്ത അവസ്ഥയായിരുന്നു. വീട്ടില്‍ നിരന്തരമായി സംഘങ്ങള്‍ എത്തിയതോടെ ഡോക്ടര്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുരുന്നെത്ത് പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ 8.30 ഓടെ വീട്ടിലെത്തിയ സംഘത്തിലെ രണ്ടുപേര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ഭാര്യയ്ക്ക് മുന്നിലിട്ട് കയ്യേറ്റം ചെയ്തതായും പരാതിയില്‍ പറയുന്നു. കിട്ടാനുള്ളപണം വാങ്ങിയശേഷമേ പിരിഞ്ഞുപോകൂ എന്നും ഇവര്‍ പറഞ്ഞതായി ഡോക്ടര്‍ പരാതിയില്‍ പറയുന്നു. ഡോക്ടര്‍ സുഹോത്തുക്കളെ വിളിച്ച് അറിയിച്ചതോടെയാണ് ഇവര്‍ വീടു വിട്ട് പോയതെന്ന് പറയുന്നു. അഞ്ച് ലക്ഷം രൂപാ കടം വാങ്ങിയതിന് പകരമായി ഏഴ് ലക്ഷത്തോളം രൂപ പലിശയും മുതലുമായി നല്‍കിയിട്ടുണ്ട്. ഇനിയും രണ്ട് ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നാണ് മാഫിയ അവകാശപ്പെടുന്നത്. പണം നല്‍കാന്‍ തയ്യാറാണെങ്കിലും അല്‍പം കൂടി സാവകാശം തരണമെന്ന തന്റെ ആവശ്യം അംഗീകരിക്കാതെ മര്‍ദ്ദിച്ചതിനെതിരെ പാലാ സിഐക്കും കോട്ടയം എസ്പിക്കും ഡോ.ജോസ് ചെമ്പകശേരി പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.