നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

Thursday 18 July 2013 9:35 pm IST

നെടുമ്പാശ്ശേരി: ദുബായിയില്‍നിന്നും ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍നിന്നും രണ്ട്‌ കിലോ സ്വര്‍ണ്ണകട്ടി പിടികൂടി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഈ സ്വര്‍ണ്ണത്തിന്‌ 56 ലക്ഷത്തോളം രൂപ വില വരും. മലപ്പുറം സ്വദേശി ഷമീര്‍ കോടിയിലിനെയാണ്‌ അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവന്നതിന്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഇന്റലിജിന്‍സ്‌ പിടികൂടിയത്‌.
ദുബായില്‍നിന്നും ഇന്നലെ രാവിലെ 9.30ന്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇ.കെ. 530 വിമാനത്തില്‍ വന്ന ഷമീറിന്റെ ഷൂസിനുള്ളിലെ സോക്സില്‍ പ്രത്യേകം പൊതിഞ്ഞനിലയിലാണ്‌ സ്വര്‍ണ്ണകട്ടികള്‍ കണ്ടെത്തിയത്‌. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞതിനുശേഷം സോക്സില്‍ പൊതിഞ്ഞ്‌ ഷൂസില്‍ ഒളിപ്പിച്ചാണ്‌ സ്വര്‍ണ്ണക്കട്ടി കൊണ്ടുവന്നത്‌. കസ്റ്റംസ്‌ പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം ഇയാള്‍ പുറത്തേയ്ക്ക്‌ കടക്കുവാന്‍ ശ്രമിക്കവേ നടത്തത്തില്‍ സംശയം തോന്നിയതില്‍ നടത്തിയ പരിശോധനയിലാണ്‌ ഷൂസില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്‌.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അനധികൃതമായി കൊണ്ടുവന്ന രണ്ടുകോടി അമ്പത്തിരണ്ടുലക്ഷം രൂപ വിലവരുന്ന 9 കിലോ സ്വര്‍ണ്ണകട്ടികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഇന്റലിജിന്‍സ്‌ വിഭാഗം പിടിക്കൂടിയിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ്‌ തീരുവ കൂടുതലായതുകൊണ്ടും ദുബായിലെ തങ്കക്കട്ടിയ്ക്ക്‌ ഇന്ത്യയില്‍ വന്‍ ഡിമാന്റ്‌ ആയതുമൂലമാണ്‌ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക്‌ തങ്കക്കട്ടി കൊണ്ടുവരുവാന്‍ പ്രേരകമാകുന്നതത്രെ. ദുബായില്‍നിന്നും സ്വര്‍ണ്ണം മറ്റു രാജ്യങ്ങളിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ യാതൊരു നിയന്ത്രണങ്ങളുമില്ല.
അവിടത്തെ പര്‍ച്ചേയ്സിങ്ങ്‌ ബില്ല്‌ കാണിച്ചാല്‍ സ്വര്‍ണ്ണം കൊണ്ടുവരുന്നതിനുള്ള തടസം മാറും. ഇത്‌ ദുബായില്‍നിന്നും സ്വര്‍ണ്ണം അനധികൃതമായി കടത്തുന്നതിന്‌ കാരണമാകുന്നുണ്ട്‌. ഇത്‌ കൊണ്ടുവരുവാന്‍ സഹായിക്കുന്നവര്‍ക്ക്‌ അവര്‍ ആവശ്യപ്പെടുന്ന തുകയോ ഇലക്ട്രോണിക്‌ ഉപകരണങ്ങളോ സമ്മാനങ്ങളായോ എയര്‍ ടിക്കറ്റായോ ആണ്‌ സമ്മാനങ്ങള്‍ നല്‍കുക. ഇന്നലെ പിടിക്കൂടിയ ഷമീറിന്‌ 35000 രൂപയും എയര്‍ ടിക്കറ്റുമാണ്‌ കള്ളക്കടത്ത്‌ സംഘം നല്‍കിയിതെന്ന്‌ പറയപ്പെടുന്നു. ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി ഷമീര്‍ വിസറ്റിങ്ങ്‌ വിസയില്‍ ജോലി തേടി ദുബായിലേക്ക്‌ പോയതാണ്‌. ഗള്‍ഫില്‍ ചെന്നു പെട്ടതിനുശേഷം പ്രതീക്ഷിച്ച വരുമാനം കിട്ടാതെ ജോലി ചെയ്യുന്ന മലയാളികളെ കണ്ടെത്തി അവരുടെ സാമ്പത്തിക ബുദ്ധിമുട്ട്‌ ചൂഷണം ചെയ്താണ്‌ കള്ളകടത്ത്‌ സംഘം സ്വര്‍ണ്ണം കേരളത്തില്‍ എത്തിക്കുന്നത്‌. ഉത്തരകേരളത്തില്‍പ്പെട്ടവരാണ്‌ പ്രധാനമായും സ്വര്‍ണ്ണം അനധികൃതമായി കൊണ്ടുവരുന്നതിന്‌ പിടിയിലാകുന്നത്‌.
ഈ അടുത്തകാലത്താണ്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണകള്ളക്കടത്ത്‌ സജീവമായിട്ടുള്ളത്‌. വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ്‌ കസ്റ്റംസ്‌ പരിശോധനയെ ബാധിക്കുന്നുണ്ട്‌.
ഇന്നലെ രാവിലെ നടന്ന കസ്റ്റംസ്‌ പരിശോധനയ്ക്ക്‌ കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, കസ്റ്റംസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഡോ. എസ്‌. അനില്‍കുമാര്‍, സൂപ്രണ്ടുമാരായ കെ. ജെ. ഡേവീസ്‌, എ. ഒ. ഐകോം ടോഷി, എം. ഡി. ജോസഫ്‌, കെ. എക്സ്‌. ലാല്‍ഫി ജോസഫ്‌, എന്‍. ജി. ജെയ്സണ്‍, ഇ. വി. വികാസ്‌, സി. ആര്‍. വിജയ്‌, എസ്‌. രാജുഗോപാലന്‍നായര്‍, ലിങ്കോലാല്‍ ഗണ്ഡേ, എല്‍. ശ്രീലത, ഓഫീസര്‍മാരായ നീരജ്കുമാര്‍, മോളിദാസ്‌, വിനു ഗ്രേഷ്യസ്‌, പി. പി. ജെയിംസ്‌, കെ. സനോജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.