അരങ്ങൊരുങ്ങുന്നത്‌ കോടികളുടെ വിദ്യാഭ്യാസ കച്ചവടത്തിന്‌

Friday 19 July 2013 10:37 am IST

കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന്‌ ഏകീകൃത പൊതുപ്രവേശനപരീക്ഷ വേണ്ടെന്ന സുപ്രീം കോടതി വിധി നേട്ടമാകുന്നത്‌ സംസ്ഥാനത്തെ സ്വകാര്യ- സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക്‌. സംസ്ഥാനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ഇനി സ്വന്തമായി പ്രവേശന പരീക്ഷ നടത്താനാകുമെന്ന്‌ വന്നതോടെ അരങ്ങൊരുങ്ങുന്നത്‌ കോടികളുടെ വിദ്യാഭ്യാസ കച്ചവടത്തിനാണ്‌.
സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന്‌ സ്വാശ്രയ കോളേജ്‌ മാനേജ്മെന്റുകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി.സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ്‌ സീറ്റുകളില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന്‌ പ്രവേശനം നടത്തേണ്ടി വരുന്നതില്‍ സ്വാശ്രയമാനേജ്മെന്റുകള്‍ അസ്വസ്ഥരായിരുന്നു.50-50 എന്ന അനുപാതത്തിലാണ്‌ സംസ്ഥാനത്ത്‌ സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നതെങ്കിലും ഈ അനുപാതം ഒരിക്കലും പാലിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായിരുന്നില്ല. ഒട്ടേറെ നിയമ നടപടികള്‍ക്കും വിവാദങ്ങള്‍ക്കും ഇതോടെ തുടക്കമായി.
മെറിറ്റ്‌ സീറ്റുകള്‍ എന്ന ആശയം മറികടക്കാനും നൂറുശതമാനം സീറ്റുകളും വില്‍പ്പന നടത്താനും മാനേജ്മെന്റുകള്‍ കണ്ടത്തിയ എളുപ്പ വഴിയായിരുന്നു സ്വന്തമായി പ്രവേശന പരീക്ഷ എന്ന ആശയം. എത്ര സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായാലും പണം നല്‍കാനില്ലെങ്കില്‍ മാനേജ്മെന്റുകളുടെ പരീക്ഷ ജയിക്കാനാകില്ലെന്നതാണ്‌ അനുഭവം. പണം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക്‌ ചോദ്യപേപ്പര്‍ പോലുംചോര്‍ത്തിക്കൊടുത്ത്‌ മുന്നിലെത്തിക്കുന്ന രീതിയും ഇതിനു മുന്‍പ്‌ ഉണ്ടായിട്ടുണ്ട്‌.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‌ സ്വാശ്രയ മാനേജ്മെന്റുകള്‍ പ്രവേശന പരീക്ഷ ആരംഭിക്കുന്നതോടെ ആയിരക്കണക്കിന്‌ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശന സ്വപ്നം പൊലിയുകയാണ്‌. എംബിബിഎസ്‌, മെഡിക്കല്‍ പിജി,ഡന്റല്‍ കോഴ്സുകളുടെ കാര്യത്തിലാണ്‌ സുപ്രീം കോടതി ഉത്തരവ്‌ ബാധകമാവുക.
മെഡിക്കല്‍ പിജി പ്രവേശനം മാനേജ്മെന്റുകള്‍ക്ക്‌ ഇപ്പോള്‍ തന്നെ കൊള്ളലാഭം കൊയ്യാനുള്ള ഏര്‍പ്പാടാണ്‌.അനര്‍ഹരെ തിരുകി കയറ്റുന്നതിന്‌ അരക്കോടി രൂപ വരെയാണ്‌ മാനേജ്മെന്റുകള്‍ വാങ്ങിയിരുന്നത്‌. പലപ്പോഴും അര്‍ഹരായവര്‍ ഇതിനെതിരെ കോടതി വിധി സമ്പാദിച്ചാണ്‌ പിജി പ്രവേശനം നേടിയിരുന്നത്‌. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മന്ത്രിമാരായ പി കെ അബ്ദുറബ്ബിന്റെയും അടൂര്‍ പ്രകാശിന്റെയും മക്കള്‍ ഇത്തരത്തില്‍ സ്വാധീനവും പണവുമുപയോഗിച്ച്‌ പിജിക്ക്‌ പ്രവേശനം നേടിയെന്ന വാര്‍ത്ത ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. വാര്‍ത്തകളെതുടര്‍ന്ന്‌ ഇരുവര്‍ക്കും സീറ്റ്‌ വിട്ടുകൊടുക്കേണ്ടി വന്നു.
സുപ്രീം കോടതി വിധിയോടെ ഇത്തരം ക്രമക്കേടുകള്‍ക്ക്‌ സാധുത നേടിയെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക്‌ എളുപ്പമാകും. സ്വന്തമായി പേരിനൊരു പ്രവേശന പരീക്ഷ നടത്തി വേണ്ടപ്പെട്ടവര്‍ക്ക്‌ പ്രവേശനം ഉറപ്പാക്കാനുമാകും. മത ന്യൂനപക്ഷങ്ങളും മുസ്ലീം ലീഗ്‌ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്യുകയാണ്‌.കച്ചവടത്തിനു പുറമെ സങ്കുചിത മതതാത്പര്യങ്ങള്‍ക്കു കൂടി പുതിയ വിധി വേദി ഒരുക്കുകയാണ്‌.
മതന്യൂനപക്ഷങ്ങള്‍ നടത്തുന്നകോളേജുകളില്‍ അതത്‌ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാനേജ്മെന്റ്‌ ക്വാട്ടക്കു പുറമെ മെറിറ്റ്‌ ക്വാട്ടയിലും പ്രത്യേക വിഹിതം അനുവദിക്കണമെന്ന ആവശ്യവും ഏറെക്കാലമായി മാനേജ്മെന്റുകള്‍ക്കുണ്ട്‌. ഇത്തരം സങ്കുചിത താത്പര്യങ്ങള്‍ക്ക്‌ എളുപ്പത്തില്‍ വഴിയൊരുക്കുന്നതാണ്‌ പുതിയ വിധിയെന്നും അഭിപ്രായമുണ്ട്‌. പ്രവേശന പരീക്ഷയും ലിസ്റ്റ്‌ തയ്യാറാക്കലും പൂര്‍ണ്ണമായും മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലാകുന്നതോടെ ഭൂരിപക്ഷ സമുദായത്തിലെ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികളാണ്‌ പ്രതിസന്ധി നേരിടാന്‍ പോകുന്നത്‌.
ടി.എസ്‌. നീലാംബരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.