ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യം തള്ളി

Friday 19 July 2013 4:13 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പൂര്‍ണ തോതില്‍ നടപ്പാക്കണമെന്നും കാണിച്ച് പരിസ്ഥിതി സംഘടനയായ ഗോവ ഫൌണ്ടേഷന്‍ നല്‍കിയ അപേക്ഷ ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു. ഗോവ ഫൌണ്ടേഷന്റെ അപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഹരിത ട്രൈബ്യൂണല്‍ തീരുമാനിച്ചു. പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബഞ്ച് പരിസ്ഥിതി നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലിന് ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ടെന്നും ഗോവ ഫൌണ്ടേഷന്റെ അപേക്ഷ നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കി. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഡോ.മാധവ് ഗാഡ്ഗില്‍ 2012 ഓഗസ്റ്റിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. മാത്രവുമല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിശോധിക്കന്‍ കസ്തൂരിരംഗന്‍ സമിതിയെ നിയോഗിക്കുകയും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല. ഏതായാലും ദേശീയ ഹരിത ട്രൈബ്യുണലിന്റെ വിധി കേരളത്തിന് കനത്ത തിരിച്ചടിയാണ്. വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.