പോലീസിലെ ക്രിമിനലുകള്‍ : വിശദവിവരം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Tuesday 9 August 2011 1:40 pm IST

കൊച്ചി: സംസ്ഥാന പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അത്തരക്കാര്‍ പോലീസ് സേനയ്ക്കും സമൂഹത്തിനും ഭീഷണിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പോലീസില്‍ ഐ.പി.എസ് മുതല്‍ താഴേ തലം വരെയുള്ളവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിശദവിവരങ്ങളാണ് ഹൈക്കോടതി തേടിയിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡി.ജി.പിക്കാണ് കോടതി നല്‍കിയത്. നാലാഴ്ചയ്ക്കകം മുദ്ര വച്ച കവറില്‍ വിവരങ്ങള്‍ കോടതിക്ക് കൈമാറണം. പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ക്രിമിനല്‍ കേസുകള്‍ ഉള്ള 38 പേരുടെ പരിശീലനം കഴിഞ്ഞിട്ടും അവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയില്ലെന്ന് പരാതിപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജികള്‍ ഈ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തിലുള്ള നിയമ നടപടികള്‍ നേരിടുന്നുണ്ടോയെന്നും ഡി.ജി.പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ ഈ ഉത്തരവ് മാനദണ്ഡമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.