വിദ്യാഭ്യാസകൊള്ളയ്ക്ക്‌ പച്ചക്കൊടി

Friday 19 July 2013 9:46 pm IST

ദേശീയാടിസ്ഥാനത്തില്‍ മെഡിക്കല്‍, ഡെന്റല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക്‌ പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത്‌ കോടികളുടെ വിദ്യാഭ്യാസ കച്ചവടത്തിന്‌ വഴിതുറന്നുകൊടുക്കലാണ്‌. ഏകീകൃത പരീക്ഷ ഭരണഘടനാവിരുദ്ധമാണെന്നാണ്‌ സുപ്രീംകോടതി പറയുന്നത്‌. അത്‌ ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട്‌ ഭരണഘടന നല്‍കുന്ന ഉറപ്പുകളുടെ ലംഘനമാണെന്നും കോടതി പറയുന്നു. സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ഇനി സ്വന്തമായി പ്രവേശനപരീക്ഷ നടത്താം. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസരംഗം ഏകീകൃത, പൊതുപ്രവേശന പരീക്ഷ എന്ന നിയമം വന്നതോടെയാണ്‌ നിയന്ത്രണവിധേയമായത്‌. അതിനുമുമ്പ്‌ ഇത്‌ ചൂഷണത്തിന്റെ കേളീരംഗമായിരുന്നു. ഇപ്പോഴത്തെ വിധിയോടെ വിദ്യാഭ്യാസ കച്ചവടത്തിന്‌ കോടതിയുടെ അനുമതി ലഭ്യമായി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ്‌ സീറ്റുകളില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നും പ്രവേശനം നടത്തേണ്ടിവന്നതില്‍ മാനേജ്മെന്റുകള്‍ അസ്വസ്ഥരായിരുന്നു. 50:50 ഫോര്‍മുല പാലിക്കാതെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം എന്നും പ്രക്ഷുബ്ധമായിരുന്നു. നൂറ്‌ ശതമാനം സീറ്റുകളും വില്‍ക്കാനാണ്‌ സ്വാഭാവികമായും ലാഭം മാത്രം ലക്ഷ്യമിടുന്ന മാനേജ്മെന്റുകള്‍ക്ക്‌ താല്‍പര്യം.
സ്വന്തമായി പ്രവേശനപരീക്ഷ നടത്തുന്ന മാനേജ്മെന്റുകള്‍ പണം വാങ്ങി മാത്രമാണ്‌ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചിരുന്നത്‌. പൊതുപ്രവേശനപരീക്ഷ ഈ കച്ചവടത്തിന്‌ വിരാമമിട്ടതായിരുന്നു. ഈ സുപ്രീംകോടതി വിധി വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി മാറ്റാന്‍ മാനേജ്മെന്റുകളെ സഹായിക്കുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ മെഡിക്കല്‍ വിദ്യാഭ്യാസം അപ്രാപ്യമാകുകയാണ്‌. ഈ വിധിപ്രകാരം മെഡിക്കല്‍ കൗണ്‍സിലിനും വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ അധികാരമുള്ളൂ. സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശനം എന്നും വിവാദങ്ങള്‍ക്ക്‌ വഴിയൊരുക്കിയിരുന്നു. അഖിലേന്ത്യാ പരീക്ഷയായ 'നീറ്റില്‍' യോഗ്യത നേടുന്നവരില്‍നിന്ന്‌ സംസ്ഥാനങ്ങള്‍ റാങ്ക്ലിസ്റ്റ്‌ ഉണ്ടാക്കി പ്രവേശനം നടത്തിയിരുന്നു. ഇതിനെതിരെ കോടതിയില്‍ എത്തിയത്‌ 115 മാനേജ്മെന്റുകളായിരുന്നു. അന്‍പതോളം മെഡിക്കല്‍ പരീക്ഷകളുണ്ട്‌. പക്ഷെ അഡ്മിഷന്‍ കിട്ടണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം. ഈ വിധിയോടെ മാനേജ്മെന്റുകള്‍ക്ക്‌ പഴയപേലെ പരീക്ഷ നടത്താം. കൊള്ളലാഭം കൊയ്യുകയും ചെയ്യാം. അനര്‍ഹരെ തിരുകിക്കയറ്റാന്‍ അരക്കോടിവരെ മാനേജ്മെന്റുകള്‍ വാങ്ങിയിരുന്നു. ഈ വിധി ബാധിക്കുക ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ്‌.
നീറ്റ്‌ പരീക്ഷ മികച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജനകരമാണെന്നും ഡിവിഷന്‍ ബെഞ്ചിലെ വിയോജനക്കുറിപ്പില്‍ ജസ്റ്റിസ്‌ ദവേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധി ഈ വര്‍ഷത്തെ പ്രവേശനത്തെ ബാധിക്കുന്നില്ല. മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക്‌ പ്രവേശനപരീക്ഷ നടത്താമെങ്കിലും ക്രമക്കേട്‌ തടയാന്‍ ജസ്റ്റിസ്‌ ജെയിംസ്‌ കമ്മറ്റിയുള്ളത്‌ മാനേജ്മെന്റുകള്‍ക്ക്‌ ഒരു നിയന്ത്രണമാണ്‌. സ്വാധീനവും പണവും ഉപയോഗിച്ച്‌ സംസ്ഥാനമന്ത്രിമാരുടെ മക്കള്‍ പ്രവേശനം നേടിയത്‌ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നുവല്ലോ. സ്വന്തമായി പേരിനൊരു പ്രവേശനപരീക്ഷ നടത്തി മാനേജ്മെന്റുകള്‍ക്ക്‌ വേണ്ടപ്പെട്ടവര്‍ക്ക്‌ പ്രവേശനം ഉറപ്പാക്കാനാകും.
മതന്യൂനപക്ഷങ്ങളും മുസ്ലീംലീഗ്‌ പോലുള്ള രാഷ്ട്രീയപാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്തത്‌ കച്ചവടത്തിനും സങ്കുചിത മതതാല്‍പര്യങ്ങള്‍ക്കും പുതിയ വിധി സഹായകരമാകുന്നതിനാലാണ്‌. കേരളത്തില്‍ 2800 ഓളം എംബിബിഎസ്‌ സീറ്റുകളാണുള്ളത്‌. 2500 റാങ്കിനുള്ളില്‍ വരുന്നവര്‍ക്കാണ്‌ പ്രവേശനത്തിനര്‍ഹത. പ്രവേശനപരീക്ഷയും ലിസ്റ്റ്‌ തയ്യാറാക്കലും പൂര്‍ണമായും മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലാകുമ്പോള്‍ ഭൂരിപക്ഷ സമുദായത്തിലെ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ സ്വപ്നം പൊലിയുകയാണ്‌.
2012 ഡിസംബര്‍ 13 നാണ്‌ മാനേജ്മെന്റുകള്‍ക്കും മെഡിക്കല്‍ കൗണ്‍സിലിനും പ്രത്യേകം പരീക്ഷകള്‍ നടത്തുവാന്‍ കോടതി അനുമതി നല്‍കിയത്‌. പക്ഷെ 'നീറ്റ്‌' പരീക്ഷ അകാല ചരമമടയുകയും മെഡിക്കല്‍-ഡെന്റല്‍ വിദ്യാഭ്യാസ മേഖല മാനേജ്മെന്റുകളുടെ അധീനതയില്‍ വരുകയും ചെയ്യുമ്പോള്‍ പണ്ടത്തെപ്പോലെ വിവാദ വേദിയായി മാറുവാനുള്ള സാഹചര്യമാണ്‌ വിധി സൃഷ്ടിച്ചിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.