കേരളത്തിന്റെ ആവശ്യം തള്ളി

Friday 19 July 2013 10:17 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ്‌ ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട്‌ നടപ്പാക്കരുതെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. കേരളത്തിന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമാക്കിയ ട്രൈബ്യൂണല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന ഗോവ ഫൗണ്ടേഷന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു.
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്‌ ഉപദേശക സമിതി റിപ്പോര്‍ട്ട്‌ മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ഇടപെടാന്‍ കോടതിക്കു അധികാരമില്ലെന്നുമുള്ള കേരളത്തിന്റെ വാദങ്ങളാണ്‌ തള്ളിയിരിക്കുന്നത്‌. വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും.
മാധവ്‌ ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പഠിക്കാന്‍ കസ്തൂരി രംഗന്‍ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്നും ഇത്‌ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും കേരളം വാദിച്ചിരുന്നു. ശുപാര്‍ശകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരികയോ വിജ്ഞാപനം ഇറക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഗോവാ ഫൗണ്ടേഷന്റെ ഹര്‍ജിക്കു പ്രസക്തിയില്ലെന്നും കേരളം വാദിച്ചു. എന്നാല്‍ ഫൗണ്ടേഷന്റെ ഹര്‍ജി പരിഗണിക്കുന്നതിനു നിയമ തടസങ്ങള്‍ ഇല്ലെന്നു വ്യക്തമാക്കിയ ട്രൈബ്യൂണല്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം അത്യാവശ്യമാണെന്നന്നും കേരളം ഇക്കാര്യം ഗൗരവത്തോടെ കാണേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്‌ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വിശദമായി പരിശോധിക്കാനും ട്രൈബ്യൂണല്‍ തീരുമാനിച്ചു.
പശ്ചിമഘട്ടത്തിനു അതീവ പരിസ്ഥിതി പ്രാധാന്യമുണ്ടെന്ന്‌ ജസ്റ്റീസ്‌ സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവില്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം നിയമപരമായ ഉത്തരവാദിത്വമായതിനാലാണ്‌ സര്‍ക്കാര്‍ വിവിധ സമിതികളെ വച്ചത്‌. എന്നാല്‍, ലഭിച്ച റിപ്പോര്‍ട്ടുകളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
പരിസ്ഥിതി നിയമത്തിന്റെ അഞ്ചാം വകുപ്പ്‌ പ്രകാരം തീരുമാനമെടുക്കണമെന്നു നിര്‍ദേശിക്കാനുള്ള അധികാരം കോടതിക്കുണ്ട്‌. ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തില്‍ പരിസ്ഥിതിക്കുള്ള അവകാശവും ഉള്‍പ്പെടുന്നു. പരിസ്ഥിതി വിഷയത്തില്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
2011 ആഗസ്റ്റിലാണ്‌ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള സുപ്രധാന വ്യവസ്ഥകള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌ മാധവ്‌ ഗാഡ്ഗില്‍ സമിതി വനം, പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചത്‌. ഇതിനെതിരെയുള്ള എതിര്‍പ്പുകള്‍ കാരണം പരാതികള്‍ പരിശോധിക്കാന്‍ 2012 ആഗസ്റ്റില്‍ കസ്തൂരി രംഗന്‍ സമിതിയെ നിയോഗിച്ചു. പശ്ചിമഘട്ടത്തിലെ 37 ശതമാനം പ്രദേശവും കേരളത്തിലെ മൂന്നിലൊന്നു പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണെന്നായിരുന്നു കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടും. ഏതു റിപ്പോര്‍ട്ടാണ്‌ നടപ്പാക്കുകയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്തത്‌ കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്‌ കാരണമായിട്ടുണ്ട്‌.
എസ്‌.സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.