പട്ടാപ്പകല്‍ 35 ലക്ഷംകവര്‍ന്നവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

Saturday 20 July 2013 10:08 pm IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച്‌ പട്ടാപ്പകല്‍ 35 ലക്ഷം രൂപയുടെ കവര്‍ച്ച. സംഭവത്തിലെ പ്രതികള്‍ മണിക്കൂകള്‍ക്കിടയില്‍ പൊലീസ്‌ വലിയില്‍ കുടുങ്ങി. മൂന്ന്‌ അന്യസംസ്ഥാനക്കാരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്നും 12 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്‌. ബാക്കി തുക കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം തുടരുകയാണ്‌. വൈകിട്ട്‌ 6.30ഓടെ കോവളത്തുനിന്നാണ്‌ പ്രതികള്‍ പടിയിലായത്‌.
ഇന്നലെ ഉച്ചക്ക്‌ ഒരു മണിയോടെയാണ്‌ സംഭവം. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ബാങ്കില്‍നിന്നുകൊണ്ടുപോയ 35,40,000 രൂപയാണ്‌ കവര്‍ന്നത്‌. ആയൂര്‍വേദ കോളജിനു സമീപം കാനറ ബാങ്കില്‍നിന്ന്‌ എടുത്ത മത്സ്യ തൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ്‌ കവര്‍ന്നത്‌.
കൊച്ചുതുറ മത്സ്യ സഹകരണ സംഘത്തിന്‌ കാനറ ബാങ്കില്‍നിന്ന്‌ വായ്പയായി അനുവദിച്ചു കിട്ടിയ തുക സംഘം പ്രസിഡന്റ്‌ യേശുരാജന്‍ മാറിക്കൊണ്ടു പോകുമ്പോഴാണ്‌ സംഭവം. ബാങ്കില്‍നിന്ന്‌ പണവുമായി റോഡിലേക്കിറങ്ങിയ യേശുരാജന്‍ റോഡിന്‌ എതിര്‍ഭാഗത്ത്‌ ഇയാളെക്കാത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന കാറിലേക്ക്‌ കയറാനായി റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം പണമടങ്ങിയ ബാഗ്‌ തട്ടിയെടുക്കുകയായിരുന്നു. വിഴിഞ്ഞത്ത്‌ ഇന്ന്‌ നടക്കുന്ന ലോണ്‍ മേളയില്‍ വിതരണം ചെയ്യാനായി ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ചതാണ്‌ തുക.
രണ്ടു ബൈക്കുകളിലായി നാലുപേരാണ്‌ ഉണ്ടായിരുന്നത്‌. സംഘം പണം തട്ടിയെടുക്കുന്നതിനിടെ യേശുരാജന്‍ റോഡിലേക്ക്‌ മറിഞ്ഞുവീഴൂകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ബൈക്കിന്‌ പിന്നാലെ ഓടിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന്‌ ആയുര്‍വേദ കോളജ്‌ ജംഗ്ഷനിലുള്ള ട്രാഫിക്‌ പൊലീസുകാരനോട്‌ ഇയാള്‍ മോഷണവിവരം പറഞ്ഞു. ബൈക്കിലുണ്ടായിരുന്ന നാലുപേരും ഹെല്‍മറ്റ്‌ ധരിച്ചിരുന്നു.
കിഴക്കേക്കോട്ട ഭാഗത്തേക്കാണ്‌ തട്ടിയെടുത്ത പണവുമായി സംഘം കടന്നത്‌. ഉത്തര്‍പ്രദേശ്‌ റജിസ്ട്രേഷനിലുള്ള ബൈക്കിലാണ്‌ കവര്‍ച്ച നടത്തിയവര്‍ സഞ്ചരിച്ചതെന്ന്‌ യേശുരാജന്‍ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌ പ്രദേശത്തെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു അന്വേഷണം നടത്തിയത്‌. സിറ്റി പൊലീസ്‌ കമ്മീഷണര്‍ പി. വിജയന്റെ മേല്‍നോട്ടത്തില്‍ തമ്പാനൂര്‍ സി.ഐ ഷീന്‍ തറയിലാണ്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.