പൈതൃക ബോധത്തിന്റെ സൗന്ദര്യലഹരി

Saturday 20 July 2013 11:02 pm IST

"ജീവിതം മരിച്ചുതീര്‍ക്കുന്നവരുണ്ട്‌; ജീവിച്ചുതീര്‍ക്കുന്നവരുമുണ്ട്‌. മരിച്ചുതീര്‍ക്കുന്നവരാണ്‌ ഏറിയപങ്കും. അവരിവിടെ ജീവിച്ചു എന്നതിന്‌ യാതൊരു തെളിവുമില്ല. എന്നാല്‍ ചിലരങ്ങനെയല്ല. ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ ഒപ്പം നടക്കുകയും ചുറ്റുപാടുകളെ കൈയെത്തിപ്പിടിക്കുകയും കൂകിയാര്‍ക്കുന്ന കുയിലുകളോട്‌ കൗശലം പറയുകയും മരിച്ചതിനുശേഷവും നമ്മുടെ കൂടെനിന്ന്‌ ചിരിക്കുകയും കരയുകയും പാടുകയും ചെയ്യുന്നവരാണ്‌. അത്തരം മനുഷ്യസ്നേഹിയായ ഒരു കവിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍! ആ കാവ്യഗംഗയാല്‍ ഒരു പഥികന്റെ തീര്‍ത്ഥസ്നാനം."
മേല്‍പ്പറഞ്ഞത്‌ ഒരു പുസ്തകത്തിന്റെ മുഖക്കുറിപ്പാണ്‌. ഒരു കവിയും ചിത്രകാരനുമായി ജീവിച്ച്‌ നാല്‍പ്പതാണ്ടിന്‌ മുമ്പ്‌ മണ്‍മറഞ്ഞുപോയ പി.വി.ജി.നായര്‍, പാലയാടന്‍ വീട്ടില്‍ ഗോപാലന്‍ നായരെക്കുറിച്ച്‌ മലയാള ഭാഷാ പാഠശാലയുടെ അമരക്കാരന്‍ ടി.പി.ഭാസൂരപ്പൊതുവാള്‍ എഴുതിയത്‌. പി.വി.ജി.നായരുടെ മുപ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈയെഴുത്ത്‌ പ്രതികളില്‍നിന്ന്‌ തെരഞ്ഞെടുത്ത നാല്‍പതു കവിതകള്‍ അടങ്ങിയ സമാഹാരമായ 'സൂര്യകാന്തി'യില്‍ എഴുതിച്ചേര്‍ത്തതായിരുന്നു ഇത്‌. ഉള്‍ക്കാഴ്ചയുടെ ആഴവും പരപ്പും കൊണ്ടും താന്‍ ജീവിച്ച കാലഘട്ടത്തിലെ അനീതികള്‍ക്കെതിരെ കലഹിച്ചും, പ്രകൃതിയുടേയും പൈതൃകബോധത്തിന്റേയും സൗന്ദര്യലഹരി തന്റെ വിരല്‍ത്തുമ്പുകളാല്‍ കവിതയായും ചിത്രങ്ങളായും വരഞ്ഞിട്ട്‌ നാല്‍പ്പതാണ്ടിന്‌ മുമ്പേ കടന്നുപോയ ഒരു കലാകാരനായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയിലെ ഇരട്ടിയില്‍ അദ്ദേഹം പണികഴിപ്പിച്ച വീട്ടിലെ അലമാരക്കുള്ളില്‍ ഇദ്ദേഹത്തിന്റെ ആത്മാവ്‌ സ്പന്ദിച്ചു കിടക്കുന്നു, നൂറോളം ചിത്രങ്ങളിലും നൂറിലേറെ കവിതകളുടെ കൈയെഴുത്തു പ്രതികളിലും സൗഹൃദങ്ങള്‍ പൂത്ത എഴുത്ത്കുത്തുകളിലും.
അദ്ദേഹത്തിന്റെ സൗഹൃദക്കൂട്ടായ്മയില്‍ വള്ളത്തോളും ബാലാമണിയമ്മയും ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായരും കുട്ടികൃഷ്ണമാരാരും വി.വി.കീയും സുകുമാര്‍ അഴീക്കോടും വരെ പെടുന്നു. 1920 ല്‍ മട്ടന്നൂരിലെ പാലയാടന്‍ വീട്ടില്‍ കല്യാണി അമ്മയുടേയും ചാവശ്ശേരി പി.രാമന്‍ നായരുടേയും മകനായി പി.വി.ജി.ജനിച്ചു. ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനുശേഷം ചിത്രകലയില്‍ തല്‍പ്പരനായിരുന്ന അദ്ദേഹം അന്നത്തെ പ്രശസ്ത പ്രതിമാ ശില്‍പ്പിയായിരുന്ന എ.പി. അച്യുതന്‍ മാസ്റ്ററുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. കതിരൂര്‍ ഗവ.ഹൈസ്ക്കൂളില്‍ ജോലിയിലിരിക്കെ റിട്ടയര്‍മെന്റിന്‌ രണ്ടുവര്‍ഷംമുമ്പ്‌ തന്റെ അമ്പത്തിമൂന്നാം വയസ്സില്‍ ഹൃദയാഘാതം മൂലം അന്തരിക്കുന്നത്‌. ചിത്രകാരന്‍ എന്നതിലുപരി പി.വി.ജി.നായര്‍ ഒരു കവി കൂടിയായിരുന്നു. തന്റെ ജീവിതകാലഘട്ടത്തിനിടയില്‍ നൂറുകണക്കിന്‌ കവിതകള്‍ അദ്ദേഹം എഴുതി. 1958 ല്‍ ആദ്യ കൃതിയായ 'സ്മരണാഞ്ജലി എന്ന കവിതാ സമാഹാരവും 1967 ല്‍ 'ദേവയാനി' എന്ന ഗാനനാടകവും (ഓപ്പറ)പ്രസിദ്ധീകരിക്കപ്പട്ടു. നാല്‍പ്പത്‌-അമ്പതുകളിലെ പ്രസിദ്ധീകരണങ്ങളായ മദ്രാസ്‌ പത്രിക, കലാനിധി, ദേശമിത്രം, അദ്ധ്യാപക-വിദ്യാര്‍ത്ഥി (കണ്ണൂര്‍ ടീച്ചേഴ്സ്‌ ട്രെയിനിംഗ്‌ സ്കൂള്‍ പ്രസിദ്ധീകരണം) ചിത്രകേരളം, കേസരി മുതലായവയില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1950 മുതല്‍ 70 വരെയുള്ള കാലഘട്ടത്തിലെ കേസരി വാരിക, കേസരി വാര്‍ഷികപ്പതിപ്പുകള്‍ എന്നിവയിലാണ്‌ ഏറ്റവും കൂടുതല്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌. അക്കാലത്തെ കേസരി പത്രാധിപരായിരുന്ന എം.എ.കൃഷ്ണന്‍ എഴുതിയ എഴുത്തുകള്‍ ഇന്നും അലമാരയില്‍ കിടക്കുന്നു.
തീര്‍ത്തും പൈതൃകബോധത്തിന്റെ സൗന്ദര്യവും തനിമയും തന്റെ വിരല്‍ത്തുമ്പുകളാല്‍ കവിതയായും ചിത്രങ്ങളായും വരഞ്ഞിട്ട്‌ കടന്നുപോയ ഒരു കലാകാരനായിരുന്നു അദ്ദേഹം. പേരിനും പ്രശസ്തിക്കും വേണ്ടി ഒരിക്കലും അദ്ദേഹം ഓടിനടന്നില്ല. ചിത്രമെഴുത്തായിരുന്നു ആദ്യത്തെ രംഗമെങ്കിലും മലബാറിലെ അന്നത്തെ എഴുത്തുകാരായ പി.കുഞ്ഞിരാമന്‍ നായര്‍, ടി.ഉബൈദ്‌, എന്‍.കോയിത്തട്ട, വി.വി.കെ.മുതലായവരുമായുണ്ടായിരുന്ന ഉറ്റസൗഹൃദം അദ്ദേഹത്തിലെ കവി വളരുന്നതിന്‌ പ്രചോദനമായി. കവിതകളില്‍ എന്നും തന്റെ നാടിന്റെ പൈതൃകവും സാംസ്ക്കാരികത്തനിമയും അദ്ദേഹം നിലനിര്‍ത്തി. സത്യത്തിന്റെയും അഹിംസാ തത്വങ്ങളുടേയും ആദ്ധ്യാത്മികതയുടേയും ഉയര്‍ന്ന ചിന്ത എന്നും അദ്ദേഹത്തില്‍ ജ്വലിച്ചുനിന്നിരുന്നു.
"പുല്ലിലും വെറും കാട്ടുപുല്ലിലും തങ്കത്തിലും കല്ലിലുംമനുഷ്യന്റെ രക്താസ്ഥിപിണ്ഡത്തിലും നിറയുമൊരേ പരമാണുവില്‍ പരമാര്‍ത്ഥ മറിഞ്ഞ മഹാത്മാക്കള്‍ ജനിച്ചു പണ്ടീ നാട്ടില്‍ ആരാദ്ധ്യയാമെന്നമ്മേ ഞാനഭിമാനിക്കുന്നൂ പാരിലില്ലല്ലോ മറ്റു സ്വര്‍ഗ്ഗമൊന്നിതുപോലെ"
'ജയക്കൊടി' എന്ന കവിതയിലെ ഈ വരികളില്‍ നിറയുന്ന ദേശസ്നേഹം തന്നെയാണ്‌ അദ്ദേഹത്തിന്റെ മുഖമുദ്ര പുറത്ത്‌ പറയേണ്ടിവരും. അതേസമയം, ഭൗതികൈശ്വര്യത്തിന്‌ പിറകേ ഓടി വളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ അപചയം സംഭവിക്കുന്ന പുതിയ തലുറയെ നോക്കി നാല്‍പ്പതാണ്ട്‌ മുമ്പ്‌ അദ്ദേഹം എഴുതി. "ലോകമേ നിന്‍ മസ്തിഷ്കം വലിപ്പം കൂടുന്തോറും ആകവേ കരള്‍ക്കൂമ്പ്‌ ശുഷ്ക്കമായിത്തീരുന്നെന്നോ" എന്ന്‌ പരിതപിക്കുകയും ചെയ്യുന്നു. അതേപോലെ പുരോഗതി എന്ന കവിതയില്‍ സ്വാര്‍ത്ഥതയിലധിഷ്ഠിതമായ പുതിയ യുവലോകത്തെപ്പറ്റിപ്പറയുന്നതും കേള്‍ക്കുക.
"ധര്‍മത്തില്‍ വിശ്വാസമൊട്ടില്ലാത്ത യുവലോകം കര്‍മത്തെ വ്യഭിചരിപ്പിക്കുകിലെന്താശ്ചര്യം" വെടിയേറ്റ്‌ വീണ ഗാന്ധിജി ഒരു വേദനയായി അദ്ദേഹത്തില്‍ നീറി. "മര്‍ത്ത്യമണ്ഡലത്തിങ്കല്‍ സത്യത്തില്‍ വെളിച്ചത്തെ നിത്യവും പരത്തിയ പൗരസ്ത്യമണിദീപം ശാന്തി തന്‍ പ്രവാചകന്‍ കഷ്ടം ഹാശാന്തം! പാപം. ഗാന്ധിജി മൃഗീയമാം കൈകളാല്‍ മൃതിപ്പെട്ടു! പഞ്ചഭൗതികദേഹം ഭസ്മമായെന്നാലുമാ- സ്സജ്ജിത സുകൃതമീ വിശ്വത്തെ ഉണര്‍ത്തീടും!
ഇങ്ങനെ ദേശസ്നേഹവും സംസ്കാരവും പ്രകൃതിയും ജന്തുസ്നേഹവും ഇഴപിരിഞ്ഞുകിടക്കുന്ന നൂറുകണക്കിന്‌ കവിതകള്‍ പി.വി.ജി.രചിച്ചു. കവിതകള്‍ക്കപ്പുറം കോറിയിട്ട വര്‍ണ ചിത്രങ്ങള്‍ വേറെയും. ജലച്ചായത്തിലും കറുപ്പും വെളപ്പുമായി ഇന്ത്യയിലും മറ്റും വരച്ചിട്ട നൂറോളം ചിത്രങ്ങള്‍ ഒരു നാല്‍പ്പതാണ്ടിന്‌ മുമ്പത്തെ കേരള സംസ്ക്കാരത്തിന്റെ നേര്‍ ചിത്രങ്ങളാണ്‌.
തികച്ചും ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച്‌ കര്‍ഷകന്റേയും വയലേലകളുടേയും ആത്മാവ്‌ തൊട്ടറിഞ്ഞതുകൊണ്ടാവാം അക്കാലത്തെ കാര്‍ഷിക സ്മൃതികള്‍ ധാരാളം അദ്ദേഹം വരഞ്ഞിട്ടു. 'കലപ്പ ഏന്തിയ കര്‍ഷകനും' 'കന്നു പൂട്ടുന്ന കര്‍ഷകനും' 'വയലേലയില്‍ കിളിയെത്തെളിക്കുന്ന കര്‍ഷക സ്ത്രീയും' 'കന്നിക്കൊയ്ത്തും' മറ്റും അതിനുദാഹരണങ്ങള്‍. പ്രകൃതിയുടെ വിവിധഭാവങ്ങള്‍ വിളിച്ചോതുന്ന ആമ്പലും താമരയും തൊട്ട്‌ മാകന്ദമുണ്ണുന്ന കുയിലും ചന്ദ്രികയും നിലാവില്‍ കുളിച്ചുനില്‍ക്കുന്ന പ്രകൃതിയുമൊക്കെ അദ്ദേഹത്തിന്റെ ഭാവനക്ക്‌ വിധേയമായി. കൂടാതെ ഒരു കാലത്ത്‌ നിലനിന്നിരുന്ന വിവിധ വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികള്‍ സമ്പ്രദായങ്ങള്‍ 'നവോഢ', 'മാപ്പിള സ്ത്രീ' മുതലായ രചനകളില്‍ നിഴലിച്ചു നില്‍ക്കുന്നു. ആ കാലഘട്ടത്തിലെ റിയലിസ്റ്റിക്‌ ചിത്രകലയുടെ തനതു രൂപങ്ങള്‍ വിളിച്ചോതുന്നു.
ഇരട്ടി മേഖലയിലെ കുടിയേറ്റത്തിന്റെ നാള്‍വഴികളില്‍ തലശ്ശേരിയില്‍ നിന്നും വന്ന്‌ ഇവിടെ കുടിപാര്‍ത്ത്‌ കബോണ്ടര്‍ സഹോദരങ്ങളായ മാവില അനനന്തന്‍ നമ്പ്യാരുടേയും കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടേയും അനന്തിരവള്‍ മാവില ലക്ഷ്മിക്കുട്ടി അമ്മയെ 1948 ല്‍ വിവാഹം കഴിച്ചതോടെയാണ്‌ ഇദ്ദേഹത്തിന്റെ ഇരിട്ടിയുമായുള്ള ബന്ധം തുടങ്ങുന്നത്‌. ലക്ഷ്മിക്കുട്ടി അമ്മ 2009 ല്‍ ലോകത്തോട്‌ വിട പറഞ്ഞു. ഇദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഇരിട്ടിയില്‍ പണികഴിപ്പിച്ച വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെ അലമാരയില്‍ സസുഖം ഉറങ്ങുകയായിരുന്നു ഇത്രയും കാലം ഇദ്ദേഹത്തിന്റെ ആത്മസ്പന്ദനങ്ങളടങ്ങിയ ഈ രചനകള്‍ മുഴുവനും. ജീവിച്ചിരിക്കുമ്പോള്‍ പി.വി.ജി. ആഗ്രഹിച്ചിരുന്നു തന്റെ റിട്ടയര്‍മെന്റിനുശേഷം ഈ രചനകളെ മുഴുവന്‍ പുറംലോകത്തേയ്ക്ക്‌ കൊണ്ടുവരണമെന്ന്‌. പക്ഷേ ആ ആഗ്രഹം റിട്ടയര്‍മെന്റിന്‌ രണ്ട്‌ വര്‍ഷം മുമ്പേ പൊലിഞ്ഞു എന്നത്‌ വിധി വൈപരീത്യം.
പി.വി.ജി. അന്തരിച്ചിട്ട്‌ ഈ ജൂലായ്‌ 13 ന്‌ 40 വര്‍ഷം തികയുന്നു. പ്രകൃതി ശക്തികളിലും അതിന്റെ സൗന്ദര്യത്തിലും സനാതന ധര്‍മത്തിലും അടിയുറച്ചു വിശ്വസിച്ച അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ വരകളായും വരികളായും രേഖപ്പെടുത്തിവെച്ച തന്റെ ആത്മാംശങ്ങള്‍ അധികമാരുമറിയാതെ പുറംലോകം കാണാതെ തന്റെ വീടിന്റെ അലമാരക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്നു. നമ്മുടെ സാംസ്ക്കാരിക ദീപ്തിയുടെ ദീപ്തമായ അടയാളങ്ങളാണിവ ഓരോന്നും.
സതീശന്‍ ഇരിട്ടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.