പാമോയില്‍ ഇറക്കുമതി : മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് കോണ്‍ഗ്രസ്

Tuesday 9 August 2011 4:49 pm IST

കൊച്ചി: മന്ത്രിസഭയുടെ കൂട്ടായ തീ‍രുമാനപ്രകാരമാണ് പാമോയില്‍ ഇറക്കുമതി ചെയ്തതെന്ന് മുന്‍ ഭക്ഷ്യ മന്ത്രി ടി.എച്ച് മുസ്തഫ പറഞ്ഞു. കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉമ്മന്‍‌ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയേണ്ടിയിരുന്നില്ലെന്നും മുസ്തഫ പറഞ്ഞു. ധനമന്ത്രിയായിരുന്ന ഉമ്മന്‍‌ചാണ്ടിക്കോ ധന വകുപ്പിനോ പാ‍മോയില്‍ ഇറക്കുമതി കേസില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ പറഞ്ഞു. ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ അജണ്ടക്ക് പുറത്തെടുത്ത തീരുമാനത്തില്‍ ഒപ്പിടുക മാത്രമാണ് ഉമ്മന്‍‌ചാണ്ടി ചെയ്തതെന്നും ഹസന്‍ പറഞ്ഞു. ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ട ആവശ്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ട പ്രകാരമാണ് വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതെന്നും ഇപ്പോള്‍ പ്രതിപക്ഷം നിലപാട് മാറ്റിയത് ശരിയായില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഉന്നതമായ ധാര്‍മ്മിക ബോധവും നീതി ബോധവും ഉള്ളതുകൊണ്ടാണ് ഉമ്മന്‍‌ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതെന്ന് സാംസ്കാരിക മന്ത്രി കെ.സി ജോസഫ് പ്രതികരിച്ചു. രണ്ടു തവണ നടത്തിയ അന്വേഷണത്തില്‍ ഉമ്മന്‍‌ചാണ്ടി നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും വീണ്ടും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.